ഭാരത് ജോഡോ യാത്രയില്‍ സവര്‍ക്കര്‍ ചിത്രം: ഐ.എന്‍.ടി.യു.സി നേതാവിന് സസ്പെന്ഷന്
കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രം ഉപയോഗിച്ച സംഭവത്തില്‍ ഐ.എന്‍.ടി.യു.സി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്പെന്‍ഡ് ചെയ്തു. അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രവും ഇടംപിടിച്ചത്.
വിവാദമായതോടെ ഈ ചിത്രത്തിനു മുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം വച്ച് മറയ്ക്കുകയായിരുന്നു. ഫ്ലെക്സ് സ്ഥാപിച്ചത് ഒരു പ്രാദേശിക പ്രവര്‍ത്തകനായിരുന്നുവെന്നാണ് വിശദീകരണം. ഇതിനായി ഒരു കടക്കാരനെ സമീപിച്ച് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം പതിക്കാന്‍ നിര്‍ദേശിച്ചുവെന്നും അയാളുടെ ഭാഗത്തെ പിഴവാണ് അതെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചു..
ദാദാഭായ് നവറോജി, രബീന്ദ്രനാഥ ടാഗോര്‍, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ബാനറില്‍ 'വീര്‍ സവര്‍ക്കറും' ഉള്‍പ്പെട്ടിരുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്തേക്ക് പ്രവേശിച്ചിരുന്നു. ആയിരക്കണക്കിന് അണികളും പ്രവര്‍ത്തകരും നാട്ടുകാരുമാണ് മാടവന ഇടപ്പള്ളി യാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."