അദാനി വീണ്ടും വെട്ടില്‍; വമ്പന്‍ തട്ടിപ്പിന്റെ കണ്ടെത്തലുമായി പുതിയ റിപ്പോര്‍ട്ട്
അദാനി വീണ്ടും വെട്ടില്‍; വമ്പന്‍ തട്ടിപ്പിന്റെ കണ്ടെത്തലുമായി പുതിയ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിസമ്പന്നന്‍ ഗൗതം അദാനിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോര്‍ട്ട്. രഹസ്യമായി സ്വന്തം കമ്പനികളില്‍ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. നിഴല്‍ കമ്പനികള്‍ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പ് ഓഹരികളില്‍ കൃത്രിമം നടക്കുന്നതായി 2014ല്‍ വിപണി നിയന്ത്രണ അതോറിറ്റിയായ സെബി മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വിഷയത്തില്‍ കൃത്യമായ അന്വേഷണമുണ്ടായില്ല.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന കമ്പനികളുടെ 25 ശതമാനം ഓഹരികള്‍ ഫ്രീ ഫ്‌ളോട്ട് ആക്കി വയ്ക്കണം എന്നാണ് ചട്ടം. സ്വന്തം കമ്പനിയിലെ ഓഹരികള്‍ 75 ശതമാനത്തില്‍ മുകളില്‍ വാങ്ങുന്നത് നിയമപരമല്ലെന്നു മാത്രമല്ല, വിലയില്‍ കൃത്രിമം കാട്ടുന്നത് കൂടിയാണെന്ന് മാര്‍ക്കറ്റ് സ്‌പെഷ്യലിസ്റ്റായ അരുണ്‍ അഗര്‍വാള്‍ പറയുന്നു.
അതേസമയം, ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങള്‍ക്കെതിരായ ആരോപണമെന്നും ഗ്രൂപ്പ് പ്രതികരിച്ചു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് അദാനിക്ക് കുരുക്കായി പുതിയ കണ്ടെത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ശാഖകളുള്ള ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് എന്ന കൂട്ടായ്മയാണ് പുതിയ തെളിവുകള്‍ പുറത്തുവിട്ടത്. അദാനിയുടെ കുടുംബവുമായി ബന്ധമുള്ള രണ്ടുപേര്‍ വഴി വിദേശത്തെ നിഴല്‍ കമ്പനികളിലൂടെ അദാനിയുടെ കമ്പനികളില്‍ തന്നെ തിരിച്ച് നിക്ഷേപം നടത്തിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍.
2013 സെപ്തംബറില്‍ എട്ടു ബില്യണ്‍ യുഎസ് ഡോളറിന്റെ വിപണി മൂല്യം മാത്രമുണ്ടായിരുന്ന അദാനി ഗ്രൂപ്പിന്റെ വളര്‍ച്ച, നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം അത്ഭുതാവഹമായിരുന്നു. കഴിഞ്ഞ വര്‍ഷം 260 ബില്യണ്‍ യുഎസ് ഡോളറാണ് അദാനിയുടെ വിപണിമൂല്യം. ട്രാന്‍സ്‌പോട്ടേഷന്‍, ലോജിസ്റ്റിക്‌സ്, പ്രകൃതിവാതകം, കല്‍ക്കരി, ഊര്‍ജം, അടിസ്ഥാന സൗകര്യം, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങി ബഹുമുഖ മേഖലയില്‍ നിക്ഷേപമുള്ള അദാനി മോദിയോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യവസായിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."