കോണ്‍ഗ്രസ് എതിര്‍പ്പിനിടെ ജനസംഖ്യാ നിയന്ത്രണ നയം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
ലഖ്‌നോ: രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും മറ്റു അവകാശങ്ങളും നിഷേധിക്കുന്ന നിയമത്തിന്റെ കരട് പുറത്തു വിട്ടതിന് പിന്നാലെ ജനസംഖ്യാ നിയന്ത്രണത്തിന് 2030 വരെയുള്ള പുതിയ നയം പുറത്തുവിട്ട് യു.പി സര്‍ക്കാര്‍. 2026നുള്ളില്‍ ജനസംഖ്യാ വളര്‍ച്ച 2.1 ശതമാനമായും 2030 ഓടെ 1.6 ശതമാനമായും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നയം.
രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയുക, സര്‍ക്കാര്‍ സബ്‌സിഡിയും സര്‍ക്കാര്‍ ജോലിയും തടയുക, സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റം തടയുക തുടങ്ങി വിവാദ നയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യു.പി സര്‍ക്കാരിന്റെ ജനസംഖ്യാ നിയന്ത്രണ ബില്‍. ഈ ബില്ലിന്റെ കരട് രേഖ ജനങ്ങളുടെ അഭിപ്രായം ആരായുന്നതിനായി നേരത്തെ പുറത്തുവിട്ടിരുന്നു.
അതേസമയം, ബില്ലിനെതിരെ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും രംഗത്തെത്തി. ജനാധിപത്യത്തിന്റെ വധമാണിതെന്നും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
നിലവില്‍ 2.7 ശതമാനമാണ് യു.പിയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക്. ജനസംഖ്യാ നിരക്ക് കൂടുന്നത് വികസനത്തിന് തടസമാണെന്ന് നയം പുറത്തുവിട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ദാരിദ്ര്യവും ജനസംഖ്യാ വളര്‍ച്ചയ്ക്ക് കാരണമാണ്. എല്ലാ സമുദായങ്ങളെയും ലക്ഷ്യമിട്ടുള്ള നയമാണ് രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യ നിയന്ത്രിക്കുന്നതിന് രണ്ടു കുട്ടികള്‍ തമ്മിലുള്ള കാലവ്യത്യാസം വര്‍ധിപ്പിക്കണം. നയരൂപവത്കരണത്തിന് 2018 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുകയായിരുന്നെന്നും ആദിത്യനാഥ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."