ജയസൂര്യയുടെ കര്‍ഷക സ്‌നേഹം ആത്മാര്‍ത്ഥമാണോ? അദ്ദേഹത്തിന് രാഷ്ട്രീയ താല്‍പ്പര്യം ഉണ്ടോ?
ജയസൂര്യയുടെ കര്‍ഷക സ്‌നേഹം ആത്മാര്‍ത്ഥമാണോ? എന്ന് ചോദിച്ചാല്‍ ഒറ്റവാക്കിന് ഉത്തരം പറയാന്‍ കഴിയില്ല. പക്ഷേ അദ്ദേഹത്തിന് രാഷ്ട്രീയ താല്‍പ്പര്യം ഉണ്ടോ എന്ന് ചോദിച്ചാല്‍ അതേ എന്ന് തന്നെയാണ് ഉത്തരം. അയാള്‍ക്ക് രാഷ്ട്രീയമുണ്ട്, വലതുപക്ഷ ആഭിമുഖ്യമുള്ള രാഷ്ട്രീയം. കാരണം ജയസൂര്യ പലപ്പോഴായി രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്. യു.ഡി.എഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ക്കെതിരെ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കലും സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരേ സംസാരിച്ചിട്ടില്ല. എന്ന് മാത്രമല്ല അവരെ പ്രതിരോധിക്കുന്ന തരത്തില്‍ സംസാരിച്ചിട്ടുണ്ട് താനും. അവരുടെ പ്രൊപ്പഗണ്ടക്ക് തലവച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.
ചലച്ചിത്ര താരങ്ങളില്‍ രാഷ്ടീയപക്ഷം വെളിപ്പെടുത്തിയവര്‍ ഉണ്ട്. മുകേഷും ഇന്നസെന്റും ഇടതു ആഭിമുഖ്യം പറഞ്ഞവരും അവരുടെ ജനപ്രതിനിധികള്‍ ആയവരുമാണ്. ജഗദീഷും രമേഷ് പിഷാരടിയും കോണ്‍ഗ്രസ് ആഭിമുഖ്യവും പ്രകടിപ്പിച്ചവരാണ്. തങ്ങളുടെത് സംഘ്പരിവാര്‍ ലൈനാണെന്ന് ഉണ്ണി മുകുന്ദനും സുരേഷ് ഗോപിയും പ്രകടിപ്പിച്ചതാണല്ലോ. രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാത്തവരും ഉണ്ട്. എന്നാല്‍ ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നുവെന്ന വ്യാജേന സെലക്ടീവായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് അത്ര നിഷ്‌കളങ്കമല്ല.
പൊട്ടിപ്പൊളിഞ്ഞ റോഡുകളും വേതനം ലഭിക്കാത്ത കര്‍ഷകരുടെ നൊമ്പരങ്ങളും ചര്‍ച്ചയാകേണ്ടത് തന്നെ. പക്ഷേ ഏത് മുന്നണി ഭരിക്കുമ്പോഴായാലും, കേരള സര്‍ക്കാര്‍ മറുപടി പറയേണ്ട കാര്യത്തിലുള്ള ജയസൂര്യയുടെ അത്യുല്‍സാഹത്തിലാണ് സംശയമുള്ളത്. പൊളിഞ്ഞ റോഡിനെക്കാളും നെല്ലിന്റെ താങ്ങുവിലയെക്കാളും വലുതാണ് ഇന്ത്യയിലെ സമാധാനജീവിതവും മതനിരപേക്ഷതക്ക് നേരെയുള്ള കടന്നാക്രമണവുമെന്ന് ജയസൂര്യക്ക് അറിയാതിരിക്കില്ലല്ലോ.
ഇന്ന് പ്രമുഖ മലയാള പത്രത്തില്‍ ജയസൂര്യ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്. എനിക്ക് രാഷ്ട്രീയമില്ല… കര്‍ഷകരുടെ പ്രശ്‌നം മാത്രമാണ് എന്റെ വിഷയമെന്നും ജയസൂര്യ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ തെരുവുകളെ പിടിച്ചുകുലുക്കി കര്‍ഷകര്‍ സമരംചെയ്തത് ജയസൂര്യ കണ്ടിട്ടുണ്ടാകും. സംഘ്പരിവാര്‍ വിധേയത്വമില്ലാത്ത ഒരുവിധം ആളുകളൊക്കെ അന്ന് കര്‍ഷകരോടൊപ്പം നിന്നതാണ്. ജയസൂര്യ എന്ന കര്‍ഷസ്‌നേഹിയെ അന്ന് നാമാം കണ്ടില്ല.
മുമ്പും ജയസൂര്യ രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്. അന്ന് പൊതുമരാമത്ത് മന്ത്രി റിയാസിനെ വേദിയിലിരുത്തി കേരളത്തിലെ റോഡുകളെ വിമര്‍ശിച്ചു. അതും ശ്രദ്ധ തിരിയേണ്ട വിഷയമാണ്. കര്‍ഷകസമരം കൊടുമ്പിരി കൊള്ളുന്ന സമയമായിരുന്നു അപ്പോള്‍. എന്നാല്‍ കര്‍ഷകസ്‌നേഹിയാണെന്ന് അടിവരയിട്ട് ഇന്ന് ലേഖനമെഴുതിയ ജയസൂര്യയെ അന്ന് കണ്ടിരുന്നില്ല.
മുമ്പ് ജയസൂര്യ രാഷ്ട്രീയം ചോദ്യം നേരിട്ടിട്ടുണ്ട്. നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം രാജ്യത്ത് വര്‍ധിച്ചുവന്ന ആള്‍ക്കൂട്ടക്കൊലയും അസഹിഷ്ണുതയും ചര്‍ച്ചയായ സമയത്ത് അതേ കുറിച്ചായിരുന്നു ചോദ്യം. എന്നാല്‍, പ്രശ്‌നങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും സെലക്ടീവായി കാര്യങ്ങള്‍ കാണേണ്ടതില്ലെന്ന വിധത്തിലായിരുന്നു ജയസൂര്യയുടെ പ്രതികരണം. മാത്രമല്ല, പ്രശ്‌നങ്ങള്‍ ഹൈലൈറ്റ് ചെയ്യുന്നതിന് പകരം അതിനുള്ള പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും മറുപടി നല്‍കി. സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിയായിരുന്നു എങ്കില്‍ അത്തരത്തിലുള്ള മറുപടി ആയിരുന്നില്ല ജയസൂര്യ നല്‍കേണ്ടിയിരുന്നത്.
കഴിഞ്ഞയാഴ്ചയും ജയസൂര്യ എന്ന പേര് രാഷ്ട്രീയവിഷയങ്ങളോട് ചേര്‍ത്തി കണ്ടു. മന്ത്രിയായാലും സ്പീക്കറായാലും ആരായാലും നമ്മുടെ വിശ്വാസത്തില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടെന്ന് കഴിഞ്ഞയാഴ്ച സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള സംഘടന നടത്തിയ ഗണേശോത്സവത്തില്‍ ജയസൂര്യ പ്രസംഗിച്ചു, ശരിക്കും ഒരു ബി.ജെ.പി നേതാവിന്റെ ശൈലിയിലുള്ള പ്രസംഗം.! ഇങ്ങനെ പ്രസംഗിച്ച നടനെയാണ് നാലഞ്ചുദിവസം കഴിഞ്ഞ് തങ്ങളുടെ വേദിയിലേക്ക് ഇടതുപക്ഷം കൊണ്ടുവന്ന് ഇരുത്തിയതെന്നത് വേറെ കാര്യം.
രാജ്യത്ത് നടക്കുന്ന വിഷയങ്ങളെല്ലാം ജയസൂര്യ അറിയുന്നുണ്ടെന്നത് സത്യമാണ്. മണിപ്പൂരിലെ കലാപവും ഗുസ്തിതാരങ്ങളുടെ സമരവും യു.പിയിലെ അധ്യാപികയുടെ വിദ്വേഷനടപടിയുമെല്ലാം അറിഞ്ഞുകാണണം. എന്നാല്‍ സ്പീക്കര്‍ ഷംസീറിന്റെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയുള്ള പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹം തെരുവില്‍ മറുപടി കൊടുക്കുന്നത്, അയാളുടെ രാഷ്ട്രീയപക്ഷം വെളിപ്പെടുത്തുന്നതാണ്. അതായത് ജയസൂര്യ സ്വയം തന്നെ പ്രഖ്യാപിക്കുകയാണ് തന്റെ രാഷ്ട്രീയ ലൈന്‍ സംഘ്പരിവാര്‍ അഭിമുഖ്യം ആണെന്ന്. അത് ജയസൂര്യയുടെ സ്വാതന്ത്ര്യം. അതിന് അദ്ദേഹത്തിന് സ്വാതന്ത്ര്യവുമുണ്ട്.
ആവറേജ് കപ്പാസിറ്റിയുള്ള, ഈയടുത്തൊന്നും മാളികപ്പുറത്തില്‍ ഒഴികെ എടുത്ത് പറയാവുന്ന ഒരുനായകപട്ടം കിട്ടാത്ത ഉണ്ണിമുകുന്ദന് കിട്ടുന്ന സ്വീകാര്യത ജയസൂര്യ കാണുന്നുണ്ട്. നായക മികവ് കൊണ്ട് ഈയടുത്തുള്ള വര്‍ഷങ്ങളിലൊന്നും ഒരു സിനിമ വിജയിപ്പിച്ചിട്ടില്ലാത്ത നടനാണ് ഉണ്ണി മുകുന്ദന്‍. കേന്ദ്രത്തില്‍ ബി.ജെ.പി ഭരിക്കുന്നതിനാല്‍ സംഘ്പരിവാര്‍ ആഭിമുഖ്യം കാണിക്കുകയും മാളികപ്പുറം സിനിമയിലൂടെ തിരിച്ചുവന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വരെ കൂടിക്കാഴ്ച നടത്തുകയും ചെയ്തുള്ള ഉണ്ണി മുകുന്ദനെ നടന്‍ ജയസൂര്യ ശ്രദ്ധിക്കുന്നുണ്ട്. ജയ് ഗണേഷ് എന്നതാണ് തന്റെ അടുത്ത സിനിമയെന്ന് ഉണ്ണിമുകുന്ദന്‍ പ്രഖ്യാപിച്ചതും ജയസൂര്യ ശ്രദ്ധിച്ചുകാണണം. മലയാളസിനിമയിലെ രണ്ടാംതലമുറയില്‍പ്പെട്ട നടന്‍മാരില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നവരില്‍ ഒരാളാണ് ജയസൂര്യ. അപ്പോള്‍ അദ്ദേഹത്തിന് ഉണ്ണി മുകുന്ദനില്‍നിന്ന് പഠിക്കാനുണ്ട്. തീര്‍ച്ചയായും ജയസൂര്യ നല്ലൊരു നടനാണ്. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും അഭിനയിക്കാനറിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."