പോപുലര്‍ ഫ്രണ്ടിനെതിരേ കേന്ദ്ര ഏജന്‍സികളുടെ രാജ്യവ്യാപക നീക്കം കൃത്യമായ തയ്യാറെടുപ്പോടെ
കോഴിക്കോട്: ഇന്ത്യയിലുടനീളം ഒരേസമയങ്ങളില്‍ പോപുലര്‍ ഫ്രണ്ടിനെതിരേ കേന്ദ്ര ഏജന്‍സികളുടെ രാജ്യവ്യാപക നീക്കം കൃത്യമായ തയ്യാറെടുപ്പോടെയെന്ന് ദേശീയ മാധ്യമങ്ങള്‍. കേരളത്തിനു പുറമേ ഡല്‍ഹി, കര്‍ണാടക, തമിഴനാട്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പുതുച്ചേരി, പശ്ചിമബംഗാള്‍ തുടങ്ങി 13 സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടത്തിയത്. കേന്ദ്ര സേനയുടെ അകമ്പടിയോടെ പുലര്‍ച്ചെ നാല് മണിയോടെ രാജ്യത്തുടനീളം നൂറോളം കേന്ദ്രങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്. ഇ.ഡിയുടെ സഹകരണത്തോടെയായിരുന്നു എന്‍.ഐ.എയുടെ പരിശോധനകള്‍. പി.എഫ്.ഐ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും വയനാട്ടിലെ മാനന്തവാടിയിലെ മസ്ജിദിലുമെല്ലാം റെയ്ഡ് നടന്നു.
രാജ്യത്തുടനീളം 106 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ കൂടുതല്‍ പേരും അറസ്റ്റിലായത് കേരളത്തില്‍ നിന്നാണ്. 22 പേര്‍. മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും 20 പേര്‍ വീതം അറസ്റ്റിലായി. തമിഴ്‌നാട്ടില്‍ നിന്ന് 10 പേരും ആസാമില്‍ നിന്ന് ഒമ്പതു പേരും യു.പിയില്‍ നിന്ന് എട്ടുപേരും ആന്ധ്രാപ്രദേശില്‍ നിന്ന് അഞ്ചു പേരും മധ്യപ്രദേശില്‍ നിന്ന് നാലു പേരും ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്ന് മൂന്നു പേരും രാജസ്ഥാനില്‍ നിന്ന് രണ്ടു പേരും അറസ്റ്റിലായി. കേരളത്തില്‍ മാത്രം അമ്പതോളം സ്ഥലങ്ങളില്‍ റെയ്ഡ് നടന്നുവെന്നാണ് വിവരം.
റെയ്ഡ് നടത്തിയ ഓഫിസുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിന്നോ നേതാക്കളുടെ പക്കല്‍ നിന്നോ മസ്ജിദില്‍ നിന്നോ നിയമവിരുദ്ധമായ എന്തെങ്കിലും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടില്ല. ചിലയിടങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപും ഏതാനും ഓഫിസ് രേഖകളും പിടിച്ചെടുത്തു. പോപുലര്‍ ഫ്രണ്ട് നേതാവ് അഷ്‌റഫ് മൗലവിയുടെ കൊല്ലത്തെ വീട്ടില്‍ നിന്ന് പെന്‍ഡ്രൈവ് കണ്ടെത്തി.
ആദ്യമായാണ് എന്‍.ഐ.എ ഇത്ര വിപുലമായ റെയ്ഡ് രാജ്യത്തുടനീളം സംഘടിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘടനയെ ഉടന്‍ നിരോധിച്ചേക്കുമെന്ന് ദേശീയ ചാനലുകളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റെയ്ഡിനെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ആഭ്യന്തര സെക്രട്ടറി, എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
ഭീകരവാദ ഫണ്ടിങ്, ഭീകരവാദ ക്യാംപുകള്‍ സംഘടിപ്പിക്കല്‍, ഇത്തരം സംഘടകളിലേക്ക് ആളുകളെ ചേര്‍ക്കുന്നതിന് ജനങ്ങളില്‍ വര്‍ഗീയത പടര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ രംഗത്തുള്ളത്. കേരളത്തിലും തമിഴ്‌നാട്ടിലും ഡല്‍ഹിയിലും സംസ്ഥാന കമ്മിറ്റി ഓഫിസുകള്‍ റെയ്ഡ് ചെയ്തു. ചിലയിടങ്ങളില്‍ ഓഫിസ് അടച്ചുപൂട്ടി. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം, എറണാകുളം, വയനാട്, പാലക്കാട്, തൃശൂര്‍, കോട്ടയം, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലായിരുന്നു റെയ്ഡ്. തമിഴ്‌നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍, കടലൂര്‍, തെങ്കാശി, തേനി തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടന്നു. കസ്റ്റഡിയിലുള്ള ചിലരെ കൊച്ചി കടവന്ത്രയിലെ എന്‍.ഐ.എ കോടതിയില്‍ എത്തിച്ച് ചോദ്യംചെയ്യുന്നുണ്ട്. ഉയര്‍ന്ന എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി.
ഇതിന് മുമ്പ് കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തിയപ്പോള്‍ ശക്തമായ പ്രതിഷേധവും ചെറുത്തുനില്‍പും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്ന് ഉയര്‍ന്നതിനാല്‍ കൃത്യമായ പ്ലാനിങ്ങോടെയാണ് പുലര്‍ച്ചെ ഒരേ സമയത്ത് അന്വേഷണസംഘങ്ങള്‍ എത്തിയത്. സി.ആര്‍.പി.എഫ് ജവാന്മാരെ സുരക്ഷയ്ക്ക് വിന്യസിച്ചായിരുന്നു എല്ലായിടത്തും റെയ്ഡ്. അറസ്റ്റിലാകുന്ന നേതാക്കളെ ഹാജരാക്കുന്ന എന്‍.ഐ.എ കോടതികള്‍ക്കു മുന്നിലും കേന്ദ്രസേന നിലയുറപ്പിച്ചിട്ടുണ്ട്.
അന്യായമായി വേട്ടയാടുകയാണെന്നാരോപിച്ച് രാജ്യത്തുടനീളം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നേതാക്കളെ അറസ്റ്റ് ചെയ്ത വേളകളിലും ഓഫിസുകള്‍ റെയ്ഡ് ചെയ്തപ്പോഴും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. പലയിടങ്ങളിലും ദേശീയപാതകളും റോഡുകളും ഉപരോധിച്ചു. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ആര്‍.എസ്.എസ് നിയന്ത്രിത ഫാഷിസ്റ്റ് സര്‍ക്കാരിന്റെ നീക്കത്തിന്റെ തുടര്‍ച്ച മാത്രമാണിതെന്നും റെയ്ഡുകള്‍ ആശ്ചര്യമുണ്ടാക്കുന്നില്ലെന്നുമാണ് പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ പ്രതികരണം. കേരളത്തില്‍ നാളെ വെള്ളിയാഴ്ച പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആചരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."