നിലനിൽപ്പിന് ഭീഷണി
എം. ജോൺസൺ റോച്ച്
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനും വാണിജ്യ തുറമുഖം ഭീഷണിയാണ്. പുലിമുട്ടു നിർമാണത്തിന്റെ ഫലമായി വിഴിഞ്ഞം ഷിപ്പിങ് തുറമുഖ മേഖലയിലേക്ക് കൂടുതൽ കടലൊഴുക്ക് ഉണ്ടാകുമെന്നും ഈ മേഖലയിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും സമുദ്രശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തേക്കാൾ 800 മീറ്റർ കൂടുതൽ കടലിനു നേർദിശയിൽ കടലിലേക്ക് പുലിമുട്ടു നിർമിക്കുന്നതിനാൽ മത്സ്യബന്ധന തുറമുഖത്ത് കടൽക്ഷോഭം ഉണ്ടാകുമെന്ന് 2011ൽ കേന്ദ്രപരിസ്ഥിതി മന്ത്രാലയം സമ്മതിച്ചതാണ്. വാണിജ്യ തുറമുഖം വരുന്നതോടെ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിൽനിന്ന് മത്സ്യബന്ധനത്തിനുള്ള പോക്കുവരവ് കടൽക്ഷോഭം മുഖേന നിലയ്ക്കുമെന്നാണ് സമുദ്ര വിദഗ്ധർ കണക്കുകൂട്ടുന്നത്.
ശരാശരി 18 മീറ്റർ ആഴമുള്ള കടലിന്റെ 165 ഏക്കർ കടൽ നികത്തുന്നതിനും 1.20 കിലോമീറ്റർ നെടുകെയും 3.20 കിലോമീറ്റർ കരയ്ക്കു സമാന്തരമായും പുലിമുട്ട് നിർമാണത്തിനുമായി 70 കോടി ലക്ഷം ടണ്ണിലധികം പാറ വേണമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ പാറകൾ തമിഴ്‌നാട്ടിൽനിന്ന് കൊണ്ടുവന്നാൽ പോലും നമ്മുടെ പശ്ചിമഘട്ട പാറമടകൾ തന്നെയാണ് തകർക്കാൻ പോകുന്നത്. അതിന്റെ പ്രത്യാഘാതങ്ങൾക്ക് നാമും വിധേയരാകും. ഇപ്പോൾ പാറയുടെ അഭാവം നിമിത്തം പണി ഇഴഞ്ഞാണ് നടക്കുന്നത്.
വിഴിഞ്ഞം വാണിജ്യ തുറമുഖത്തിലേക്ക് കപ്പലുകൾക്ക് പ്രവേശിക്കാനും മടങ്ങിപ്പോകാനും കപ്പൽ ചാലിനായി നിശ്ചയിച്ചിട്ടുള്ളത് തെക്കുഭാഗത്തെ പൂവാർ മുതൽ അടിമലത്തുറ വരെയുള്ള കടൽമേഖലയാണ്. ഈ കപ്പൽ ചാലിനായി 24 മീറ്റർ ആഴം വേണമെന്നാണ് ഡ്രാഫ്റ്റ് കൺസ്ട്രക്ഷൻ എഗ്രിമെന്റിന്റെ 180-ാം പേജിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ ഭാഗത്തിനും പുലിമുട്ടിനും ബർത്തിനുമിടയിലും 16 നും 20 നും മീറ്ററിനും ഇടയ്ക്കാണ് ആഴമുള്ളത്. നിർദിഷ്ട ആഴത്തിനായി ഡ്രെഡ്ജിങ് വേണ്ടിവരുമെന്ന് തുറമുഖത്തിന്റെ പരിസ്ഥിതി പഠന റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. നമ്മുടെ ഭൂമിയുടെ പ്രത്യേകത അനുസരിച്ച് മഴവെള്ളത്തോടൊപ്പം എത്തുന്ന മണൽ പുലിമുട്ട് നിർമാണത്തോടെ കടലിന്റെ ഒഴുക്കിനനുസരിച്ച് സഞ്ചരിക്കാത്തതിനാൽ ഇടയ്ക്കിടെ ഡ്രഡ്ജിങ് നടത്തേണ്ടിവരുമെന്ന് സമുദ്ര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ ഡ്രഡ്ജിങ് നിമിത്തം ഈ ഭാഗത്തെ ജൈവ വൈവിധ്യം പൂർണമായും നശിക്കും. മത്സ്യസമ്പത്ത് ഇല്ലാതാകും. പൂവാർ മുതൽ അടിമലത്തുറ വരെയുള്ള മത്സ്യത്തൊഴിലാളികൾക്ക് ഈ ഭാഗത്ത് മത്സ്യബന്ധനം അസാധ്യമാകും. മാത്രമല്ല, ഇവർക്ക് മത്സ്യബന്ധനത്തിനു പോകാൻ തടസ്സങ്ങളും ഉണ്ടാകും. പ്രത്യേകിച്ചും, ചെറുകിട മീൻപിടുത്തക്കാരുടെ മത്സ്യബന്ധനത്തെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കും. കടൽ അപകടങ്ങൾ തുടർക്കഥയാകും. മത്സ്യത്തൊഴിലാളികളുടെ ജീവൻ അപകടത്തിലും യാനങ്ങളുടെ തകർച്ചയിലും പര്യവസാനിക്കും. അപകടങ്ങൾ വർധിക്കുമ്പോൾ ഭാവികാലത്ത് പോർട്ടു മേഖലയിലും നിർദിഷ്ട കപ്പൽ ചാലിലും മത്സ്യബന്ധനം നിരോധിക്കാനാണ് സാധ്യത.
ഈ കപ്പൽ ചാൽ പ്രദേശം അതിസമ്പന്നമായ ജൈവവൈവിധ്യം നിലനിൽക്കുന്ന മേഖലയാണ്. സമുദ്ര ആവാസവ്യവസ്ഥയുടെ സുസ്ഥിരത നിലനിർത്താനായി നിരവധി സമുദ്രജീവികളും സസ്യങ്ങളും ഈ മേഖലയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കടൽ നികത്തിയുള്ള ബർത്തു നിർമാണവും പുലിമുട്ടു നിർമാണവും ഈ ഭാഗത്തെ ജൈവവ്യവസ്ഥയെയാണ് നഷ്ടപ്പെടുത്താൻ പോകുന്നത്. സമുദ്രജീവികളുടെ നിലനിൽപ്പിന്റെ ആധാരം സമുദ്രത്തിന്റെ അടിത്തട്ടിലെ ജൈവാവസ്ഥയാണ്. കപ്പലുകളിൽ നിന്ന് തള്ളപ്പെടുന്ന മാലിന്യങ്ങൾ മുഖേന മത്സ്യങ്ങൾ ഈ ഭാഗത്ത് തങ്ങാനും സാധ്യതയില്ല. പവിഴപ്പുറ്റുകളാലും കടൽക്കാടുകളാലും സമ്പന്നമായ വാഡ്ജ് ബാങ്കും വിഴിഞ്ഞത്തിന്റെ ഉൾക്കടലിലാണ്. ഇവിടമാണ് മത്സ്യസമ്പത്തു പെരുകുന്ന മത്സ്യപ്രജനനം നടക്കുന്ന സ്ഥലം. ഈ ഭാഗത്തെ ജൈവവൈവിധ്യം വാഡ്ജ് ബാങ്കിന്റെ സ്ഥാനവുമാണ് മത്സ്യം ലഭിക്കാൻ കാരണമായിരുന്നത്. വാണിജ്യ തുറമുഖം വരുന്നതോടുകൂടി ഇവിടെ ആവാസവാസം അവസാനിപ്പിച്ച് മത്സ്യങ്ങൾ മറ്റു മേഖലകളിലേക്ക് നീങ്ങും. മത്സ്യം വിലകൊടുത്ത് വാങ്ങാൻ പോലും കിട്ടാതെയാകും. മദർഷിപ്പുകളുടെയും മറ്റു കപ്പലുകളുടെയും നിരന്തരമായ പോക്കുവരവ് വാഡ്ജ് ബാങ്കിന്റെ നിലനിൽപ്പിനെയും ഇല്ലാതാക്കും.
വിഴിഞ്ഞം തുറമുഖം പ്രവർത്തിച്ചു തുടങ്ങിയാൽ പദ്ധതിയുടെ ഭാഗമല്ലാത്ത സ്വാഭാവിക പ്രക്രിയയെന്ന നിലയിൽ ഒരു ജനത മുഴുവൻ അന്യവൽക്കരിക്കപ്പെടാൻ പോകുന്ന കാഴ്ചയാണുണ്ടാവുക. ഇതുവരെ സ്വന്തം അസ്തിത്വം നഷ്ടപ്പെടുത്താതെ മുന്നോട്ടുപോയ ജനത ഇവിടെ നിന്ന് പലായനം ചെയ്യുന്ന കാഴ്ച ഭാവിയിലുണ്ടാകും. വിനാശകരമായ വികസനത്തിന്റെ പേരിൽ തൊഴിലാളി വർഗത്തിന്റെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് വിഴിഞ്ഞം വാണിജ്യ തുറമുഖം. ഇത് നാടിന് വികസനമല്ല സമ്മാനിക്കാൻ പോകുന്നത്. വിനാശമാണ്. അതു മനസിലാക്കി തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നതാണ് ജനക്ഷേമത്തിനും പരിസ്ഥിതിക്കും ഉചിതം.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."