വിദേശ വിദ്യാര്‍ഥികള്‍ക്ക് പണി കൊടുക്കാനൊരുങ്ങി ആസ്‌ട്രേലിയ; സ്റ്റുഡന്റ് വിസ നിബന്ധനകള്‍ കടുപ്പിക്കാന്‍ നീക്കം
വിദേശ വിദ്യാര്‍ഥികള്‍ക്ക് പണി കൊടുക്കാനൊരുങ്ങി ആസ്‌ട്രേലിയ; സ്റ്റുഡന്റ് വിസ നിബന്ധനകള്‍ കടുപ്പിക്കാന്‍ നീക്കം
വിദേശ പഠന സാധ്യതകളുടെ ഏറ്റവും വലിയ ഗുണപോക്താക്കളാണ് മലയാളികള്‍. ലക്ഷക്കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ ഇതിനോടകം വിവിധ രാജ്യങ്ങളില്‍ പഠനാവശ്യങ്ങള്‍ക്കായി ചേക്കേറുകയും ഉയര്‍ന്ന ജോലികള്‍ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഇവരില്‍ പലരും അവിടെ തന്നെ സ്ഥിരതാമസമാക്കുകയാണ് പതിവ്. മെച്ചപ്പെട്ട ജീവിത സാഹചര്യവും ഉയര്‍ന്ന ശമ്പളമുള്ള ജോലികളുമാണ് പലരെയും കടല്‍ കടക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
യു.കെ, യു.എസ്.എ, കാനഡ, ജര്‍മ്മനി, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളോടാണ് മലയാളി വിദ്യാര്‍ഥികള്‍ക്ക് പ്രിയം. ലക്ഷക്കണക്കിന് യുവാക്കളാണ് ഇതിനോടകം മേല്‍പറഞ്ഞ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുള്ളത്.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി വിദേശ പഠനം സ്വപ്‌നം കാണുന്ന വിദ്യാര്‍ഥികള്‍ക്ക് ആശാവഹമായ വാര്‍ത്തകളല്ല പുറത്തുവരുന്നത്. യു.കെ, കാനഡ പോലുള്ള രാജ്യങ്ങളിലെ പുതുക്കിയ വിസ നടപടിക്രമങ്ങളും യൂറോപ്പിലടക്കം ഉയര്‍ന്ന് വരുന്ന കുടിയേറ്റ വിരുദ്ധ വികാരവും മലയാളികള്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ്. രാജ്യത്താകമാനം വീട്ടുവാടക വര്‍ധിച്ചതിനെ തുടര്‍ന്ന് സ്റ്റുഡന്റ് വിസകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാനഡ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ട് വലിയ ആശങ്കക്ക് വഴി വെച്ചിരുന്നു. എന്നാല്‍ തീരുമാനത്തില്‍ പുതിയ നടപടികളൊന്നും ഇതുവരെ കൈകൊള്ളാന്‍ കനേഡിയന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നത് ആശ്വാസകരമാണ്.
മാറ്റത്തിനൊരുങ്ങി ആസ്‌ട്രേലിയയും
കാനഡക്ക് പിന്നാലെ ആസ്‌ട്രേലിയയും തങ്ങളുടെ കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിദേശ വിദ്യാര്‍ഥികളുടെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനായി സ്റ്റുഡന്റ് വിസ നേടുന്നതിനുള്ള ബാങ്ക് നിക്ഷേപ തുക വര്‍ധിപ്പിക്കാനാണ് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിക്ഷേപത്തില്‍ 17 ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ പുതുക്കിയ നിരക്ക് പ്രാപല്യത്തില്‍ വരും. പുതിയ തീരുമാന പ്രകാരം ഇനി മുതല്‍ വിദേശ വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ മിനിമം സേവിങ്‌സ് തുകയായി 24,505 ആസ്‌ട്രേലിയന്‍ ഡോളര്‍ ഉണ്ടായിരിക്കണം. അതായത് ഏകദേശം 13.10 ലക്ഷം രൂപയുടെ സുരക്ഷ നിക്ഷേപമുള്ളവര്‍ക്ക് മാത്രമേ സ്റ്റുഡന്റ് വിസക്ക് അപേക്ഷിക്കാന്‍ സാധിക്കൂ എന്നര്‍ത്ഥം.
സര്‍ക്കാരിന്റെ വിശദീകരണം
പുതിയ നിയമം ആസ്‌ട്രേലിയിലേക്കെത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ പഠന നിലവാരം വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. വിദേസ വിദ്യാര്‍ഥികളില്‍ പലരും ആസ്‌ട്രേലിയയിലെ മുന്‍നിര യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷനെടുത്ത് പിന്നീട് ആറ് മാസത്തിനുള്ളില്‍ ചെലവ് കുറഞ്ഞ മറ്റ് കോളജുകളിലേക്ക് മാറുന്ന പ്രവണതയുണ്ട്. ഇത് തടയാനാണ് പുതിയ നിയമത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ഏകദേശം 17000 വിദേശ വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ കോളജുകള്‍ മാറിയെന്നാണ് ആസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ കണ്ടെത്തല്‍.
ഒന്നിലധികം കോഴ്‌സുകള്‍ക്ക് ഒരേസമയം രജിസ്റ്റര്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന കണ്‍കറന്റ് എന്റോള്‍മെന്റുകള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ന്യായമായ വിദ്യാഭ്യാസം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഇവരുടെ വിദ്യാഭ്യാസത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതിനും വേണ്ടിയാണ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."