കടകള്‍ തുറക്കാന്‍ അനുമതി വേണം ; കോഴിക്കോട്ട് വ്യാപാരികളുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം, അറസ്റ്റ്
കോഴിക്കോട്: നഗരത്തിലെ മിഠായിത്തെരുവില്‍ വ്യാപാരികളും പൊലിസും തമ്മില്‍ സംഘര്‍ഷം. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പട്ട് പ്രതിഷേധവുമായി എത്തിയ വ്യാപാരികളെ നേരിടാന്‍ പൊലിസ് എത്തിയതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
പൊലിസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മറികടന്ന് മിഠായിത്തെരുവിലെ കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലിസുമായി ഉന്തും തള്ളുമുണ്ടായി.
കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പിരിഞ്ഞുപോകണമെന്ന് പൊലിസ് ആവശ്യപ്പെട്ടെങ്കിലും വ്യാപാരികള്‍ തയാറായില്ല. തുടര്‍ന്ന് പത്ത് വ്യാപാരികളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചു. 18 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇന്നലെ മുതല്‍ നിയന്ത്രണം ലംഘിച്ച് കടകള്‍ തുറക്കുമെന്ന് ചില വ്യാപാരികള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കടകള്‍ തുറക്കാതെ പ്രതിഷേധം മാത്രം മതിയെന്ന് വ്യാപാരികള്‍ തീരുമാനിക്കുകയായിരുന്നു.
നേരത്തെ നഗരം കൊവിഡ് ബി കാറ്റഗറിയില്‍ ആയിരുന്നതിനാല്‍ ആഴ്ചയില്‍ മൂന്ന് ദിവസം കടകള്‍ തുറക്കാന്‍ അനുമതിയുണ്ടായിരുന്നു.
നഗരത്തിലെ ചില ഭാഗങ്ങള്‍ സി കാറ്റഗറിയിലേക്ക് മാറിയതോടെ ഒരു ദിവസം മാത്രമാണ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാവുക. ഇതിനെതിരേയാണ് വ്യാപാരികള്‍ പ്രതിഷേധിച്ചത്.
എല്ലാ ദിവസവും കടകള്‍ തുറന്നാല്‍ നഗരത്തിലേയും കടകളിലേയും തിരക്ക് കുറയുമെന്നും നിയന്ത്രണങ്ങള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തുന്നതാണ് രോഗവ്യാപനത്തിന് കാരണമെന്നുമാണ് വ്യാപാരികളുടെ വാദം. അതേസമയം, കടകള്‍ തുറന്നാല്‍ കര്‍ശനമായി നേരിടുമെന്ന് പൊലിസ് മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."