കൊവിഡ് നിയന്ത്രണം പാളുന്നു; അശാസ്ത്രീയമെന്നു വിമര്‍ശനം
സ്വന്തം ലേഖകന്‍
കോഴിക്കോട്: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ പാളുന്നു. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന നിബന്ധനകള്‍ ഒട്ടും ശാസ്ത്രീയമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അശാസ്ത്രീയ നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാണ്.
രോഗവ്യാപന നിരക്ക് കൂടിയ സി. കാറ്റഗറിയില്‍ പെടുന്ന പ്രദേശങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഒരുദിവസം മാത്രമേ തുറക്കാന്‍ അനുവാദമുള്ളു. അന്നേദിവസം കടകളിലും റോഡുകളിലും മറ്റും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇതു നിയന്ത്രിക്കാന്‍ പൊലിസിനു സാധിക്കാതെ വരികയാണ്.
ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ തുറക്കാമെങ്കിലും വൈകുന്നേരം ഏഴിന് അടയ്ക്കണം. തൊഴിലാളികളും ജീവനക്കാരും മറ്റും സാധനം വാങ്ങാന്‍ എത്തുന്ന സമയത്താണ് കട അടയ്ക്കുന്നത്. ഇതുസ്വാഭാവികമായും തിരക്ക് കൂട്ടുന്നു. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ കൊവിഡ് മാനദണ്ഡം പാലിക്കാതെയാണ് ആളുകള്‍ ക്യൂ നില്‍ക്കുന്നത്. ബാര്‍ബര്‍ഷോപ്പുകളും തയല്‍കടക്കാരും മറ്റും ആഴ്ചയില്‍ മൂന്നുദിവസമാണ് തുറക്കുന്നത്. ആരാധനാലയങ്ങളില്‍ ജുമുഅ നിസ്‌കാരത്തിന് അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ കടുംപിടിത്തം തുടരുകയാണ്. ഈ ആവശ്യം പൂര്‍ണമായും നിഷേധിക്കുന്നതില്‍ വിശ്വാസികള്‍ ദുഃഖിതരാണ്.
പള്ളികളില്‍ ജുമുഅ നടത്താനുള്ള ബലിപെരുന്നാള്‍ ദിനത്തില്‍ ഈദ് നിസ്‌കാരത്തിനുപോലും അവസരം നിഷേധിക്കപ്പെടുമോ എന്ന ആശങ്കയിലാണ് വിശ്വാസികള്‍. മാനദണ്ഡങ്ങള്‍ പാലിച്ച് പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."