ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യൂനപക്ഷ വര്‍ഗീയതയ്ക്കാവില്ല, അക്രമ സംഭവങ്ങള്‍ ആസൂത്രിതം; മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഇന്നലെ നടത്തിയ ഹര്‍ത്താലിനെതിരെ മുഖ്യമന്ത്രി. ഹര്‍ത്താലിനിടെ നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അക്രമം നേരിടുന്നതില്‍ പൊലിസ് സ്തുത്യര്‍ഹമായ നടപടികളാണ് കൈക്കൊണ്ടത്, തുടര്‍ന്നും കരുത്തുറ്റ നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റവാളികളില്‍ ചിലരെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. കുറേ പേരെ ഇനിയും പിടികൂടാനുണ്ട്. അവര്‍ അടയാളം മറച്ചുവെക്കാന്‍ മുഖംമൂടി ധരിച്ചാണ് എത്തിയത്.
അത്തരം ആളുകളെയെല്ലാം പൊലിസിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ കണ്ടെത്തുകയാണ് വേണ്ടത്. ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. കുറ്റവാളികള്‍ നിയമത്തിന്റെ കരങ്ങളിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ വേട്ടയാടലിനെ നേരിടാന്‍ ന്യൂനപക്ഷം സംഘടിക്കുന്നത് ശരിയല്ല. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യൂനപക്ഷ വര്‍ഗീയതയ്ക്കാവില്ല. ഒരു വിഭാഗത്തിന്റെ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന രീതി രാജ്യത്ത് ചിലയിടങ്ങളിലുണ്ട്. കേരളത്തില്‍ ആരാണെങ്കിലും ഫലപ്രദമായി നേരിടുന്നുണ്ട്. സംസ്ഥാന സീനിയര്‍ പൊലീസ് ഓഫിസേഴ്‌സ് അസോ. യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."