ഇനി സഹകരണ പരീക്ഷണം
ജേക്കബ് ജോര്‍ജ്
സഹകരണ മേഖലയില്‍ നിന്നാണ് അമിത് ഷാ രാഷ്ട്രീയത്തിലെ ആദ്യകാല പാഠങ്ങള്‍ പഠിച്ചത്. തുടക്കം അഹമ്മദാബാദ് ജില്ലാ സഹകരണ(എ.ഡി.സി) ബാങ്ക് പ്രസിഡന്റായി. തൊണ്ണൂറുകളിലായിരുന്നു അത്. തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയാണ് അന്ന് ഷാ ബാങ്ക് തലപ്പത്തെത്തിയത്. 36 വയസുകാരനായിരുന്ന അമിത് ഷായുടെ രാഷ്ട്രീയ അരങ്ങേറ്റം കൂടിയായിരുന്നു. അന്ന് പ്രസിഡന്റായിരുന്ന് ഒരു സഹകരണ ബാങ്കിന്റെ മുഴുവന്‍ പ്രവര്‍ത്തനവും അദ്ദേഹം പഠിച്ചു. ബാങ്ക് ജനങ്ങള്‍ക്ക് നല്‍കുന്ന സഹായത്തിന്റെയും സഹകരണത്തിന്റെയും കണക്കു നോക്കിക്കണ്ടു മനസിലാക്കി. സാധാരണ ജനങ്ങള്‍ക്ക് ഒരു സഹകരണ ബാങ്കുമായുള്ള നേര്‍ബന്ധത്തെ നേരിട്ടറിഞ്ഞു. അത് വലിയൊരുള്‍ക്കാഴ്ച നല്‍കി. ഗ്രാമങ്ങളിലെ സാധാരണ ജനങ്ങളിലേയ്ക്കിറങ്ങിച്ചെല്ലാന്‍ ഒരു രാഷ്ട്രീയക്കാരനു കൈയില്‍ കിട്ടാവുന്ന ഏറ്റവും വലിയ രാഷ്ട്രീയായുധം തന്നെയാണ് സഹകരണം. ഷായുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ എപ്പോഴും സഹകരണ മേഖലയുടെ പിന്തുണയുണ്ടായിരുന്നു. നഷ്ടത്തിലായിരുന്ന എ.ഡി.സി ബാങ്കിനെ കരകയറ്റി ഷാ മിടുക്കു തെളിയിച്ചു. നഗരത്തിലായാലും ഗ്രാമത്തിലായാലും ജനങ്ങളുടെ നൂറു നൂറു പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സഹകരണ മേഖലയ്ക്കാവുമെന്ന വലിയ പാഠം പഠിച്ചാണ് അമിത്ഷാ രാഷ്ട്രീയത്തിലേയ്ക്കു കടന്നത്. 2002 ല്‍ അമിത് ഷാ ഗുജറാത്തില്‍ മന്ത്രിയായി.
ഇന്ത്യയുടെ പാല്‍ക്കാരനെന്നറിയപ്പെട്ടിരുന്ന മലയാളി വര്‍ഗ്ഗീസ് കുര്യന്‍ ഗുജറാത്ത് കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. എണ്‍പതു കഴിഞ്ഞിരുന്ന വര്‍ഗ്ഗീസ് കുര്യന്‍ 2006 ല്‍ രാജിവച്ചു. താന്‍ സൃഷ്ടിച്ചു വളര്‍ത്തിക്കൊണ്ടുവന്ന ഫെഡറേഷന്റെ പ്രസിഡന്റായി പാര്‍ഥി ഭാടോല്‍ എന്നയാള്‍ ജയിച്ചതിനെ തുടര്‍ന്നായിരുന്നു രാജി. ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു ഭാടോല്‍. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ഇടപെടലില്‍ പ്രതിഷേധിച്ച് അന്നത്തെ യോഗത്തില്‍ സംഘര്‍ഷമുണ്ടാവുകയും വര്‍ഗ്ഗീസ് കുര്യനു പിന്തുണ നില്‍കിയിരുന്ന 12 അംഗങ്ങള്‍ ഇറങ്ങിപ്പോക്കു നടത്തുകയും ചെയ്തിരുന്നു. മേഖലാ സഹകരണ സംഘങ്ങളും സര്‍ക്കാരിനെതിരേ നിന്നു. അധികം താമസിയാതെ ഇവയൊക്കെയും ബി.ജെ.പിയുടെ നിയന്ത്രണത്തിലായി. വടക്കന്‍ ഗുജറാത്തിലായിരുന്നു ഈ മേഖലകളിലധികവും. ഇവിടെയെല്ലാം കോണ്‍ഗ്രസിനായിരുന്നു മേല്‍ക്കൈ. പാല്‍ സഹകരണ സംഘങ്ങളുടെ മേല്‍ ബി.ജെ.പി പിടിമുറുക്കിയതോടെ കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നു. രാഷ്ട്രീയമായി ക്ഷയിച്ചു.
സഹകരണ മേഖലയുടെ ശക്തിയും ഊര്‍ജവും പഠിച്ച ആളാണ് അമിത് ഷാ. പ്രായോഗിക പരിശീലനവും ഏറെ. ഇതെല്ലാം കൈയില്‍ വച്ചുകൊണ്ടാണ് അമിത് ഷാ കേന്ദ്ര മന്ത്രിസഭയില്‍ പുതുതായി രൂപീകരിച്ച സഹകരണ വകുപ്പിന്റെ അധികാരമേല്‍ക്കുന്നത്.
ജൂലൈ ആറാം തീയതിയാണ് സഹകരണ വകുപ്പ് എന്ന പുതിയ വകുപ്പ് രൂപീകരിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. സഹകരണത്തിലൂടെ വളര്‍ച്ച ഉറപ്പാക്കാനാണ് പുതിയ വകുപ്പു രൂപീകരിക്കുന്നതെന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഒരു കുറിപ്പു വഴി വന്ന ഒരു സാധാരണ അറിയിപ്പു മാത്രം. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിന് നയപരവും നിയമപരവും ഭരണപരവുമായ ഒരു ചട്ടക്കൂടുണ്ടാക്കുകയാണ് ഈ വകുപ്പ് കൊണ്ടുദ്ദേശിക്കുന്നതെന്നും പത്രക്കുറിപ്പു ചൂണ്ടിക്കാട്ടുന്നു. ദേശീയതലത്തില്‍ ഗ്രാമീണ മേഖലയിലേയ്ക്കു കടന്നു ചെല്ലുന്ന അതി വിസ്തൃതമായ ഒരു സഹകരണ ശൃംഖല കെട്ടിപ്പടുക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന കാര്യം വ്യക്തം.
സഹകരണം നിലവിലുള്ള നിയമങ്ങളനുസരിച്ച് ഒരു സംസ്ഥാന വിഷയം തന്നെയാണ്. സഹകരണ മേഖല സംബന്ധിച്ച് നിയമനിര്‍മാണം നടത്തുന്നതും സംഘങ്ങള്‍ രൂപീകരിക്കുന്നതും അവയുടെ ഭരണം നടത്തുന്നതുമെല്ലാം സംസ്ഥാന തലത്തില്‍ത്തന്നെ. അതുകൊണ്ടാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈ നീക്കത്തെ ശക്തമായി അപലപിച്ചുകൊണ്ടു മുന്നോട്ടു വന്നത്. ഇന്ത്യയുടെ ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. സഹകരണ സംഘങ്ങളെയും സഹകരണ പ്രസ്ഥാനങ്ങളെയും ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായും അവകാശപ്പെടുന്നു.
രാഷ്ട്രീയമായി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോരുന്നതാണ് ബി.ജെ.പി സര്‍ക്കാരിന്റെ സഹകരണ നീക്കം എന്ന കാര്യത്തില്‍ സംശയമില്ല തന്നെ. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക തുടങ്ങി സഹകരണ മേഖല വളരെ ശക്തമായ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയ്ക്ക് ഭരണത്തിലൂടെ ഈ മേഖലയില്‍ രാഷ്ട്രീയമായി ഇടപെടാന്‍ കഴിയും. മഹാരാഷ്ട്രയില്‍ പഞ്ചസാര വ്യവസായത്തിലെ സഹകരണ സാന്നിധ്യം വളരെ ശക്തമാണ്. ഇവിടെയൊക്കെ സഹകരണ മേഖല വളരെ വലുത് തന്നെ. ശരത് പവാറിനെ പോലെ തലമൂത്ത നേതാക്കള്‍ തന്നെയാണ് ഇത്തരം സഹകരണ സ്ഥാപനങ്ങള്‍ക്കു പിന്നില്‍. പഞ്ചസാര, പാല്‍ ഉല്‍പ്പാദനവും സംഭരണവും വിതരണവും, നെയ്ത്ത്, കൃഷി, ധനകാര്യ രംഗം ഇങ്ങനെ വിവിധ മേഖലകളില്‍ സഹകരണ പ്രസ്ഥാനം വേരുറപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ത്തന്നെ ഏതാണ്ട് 21000 കാര്‍ഷിക സഹകരണ സംഘങ്ങളുണ്ട്. സംസ്ഥാനത്തിന്റെ ഗ്രാമീണ മേഖലയിലൊക്കെയും പിടിമുറുക്കിയിട്ടുള്ള വലിയൊരു ശൃംഖലയാണിത്. ഇവിടേയ്ക്ക് അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്രീകൃതമായ നിയമപിന്തുണയോടെ ഒരു സഹകരണ കൊടുങ്കാറ്റടിച്ചാലോ, അതാണ് പ്രതിപക്ഷത്തിന്റെ പേടി. മഹാരാഷ്ട്രയില്‍ ശിവസേനയുടെയും എന്‍.സി.പിയുടെയും പേടി. കേരളത്തില്‍ സി.പി.എമ്മിനും ആ പേടിയുണ്ട്. ഈ സംഘങ്ങളിലും ബാങ്കുകളിലും സ്വാധീനമുറപ്പിക്കാനാവും ബി.ജെ.പി ശ്രമിക്കുക എന്നാണ് കോണ്‍ഗ്രസിന്റെ പേടി. മഹാരാഷ്ട്രയില്‍ത്തന്നെ 150-ലേറെ നിയമസഭാംഗങ്ങള്‍ക്ക് സഹകരണ മേഖലയുമായി നേരിട്ടുത്തന്നെ ബന്ധമുണ്ട്. മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തിന് സഹകരണ മേഖലയുമായുള്ള ഈ അടുപ്പത്തിലേയ്ക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലേയ്ക്കു പിന്‍വാതില്‍ വഴി അതിക്രമിച്ചു കടക്കാനാണ് ബി.ജെ.പി ശ്രമമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
കേരള സംസ്ഥാന സര്‍ക്കാര്‍ തലത്തിലേയ്ക്ക് നോക്കിയാല്‍ സഹകരണ വകുപ്പ് അത്ര വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള വകുപ്പൊന്നുമല്ല. കേരളത്തില്‍ മിക്കപ്പോഴും തലയെടുപ്പുള്ള രാഷ്ട്രീയ നേതാക്കളുമല്ല ഈ വകുപ്പു ഭരിച്ചിട്ടുള്ളത്. എന്നാല്‍ ഈ വകുപ്പിനോട് കോണ്‍ഗ്രസിനും സി.പി.എമ്മിനും പ്രത്യേകം താല്‍പ്പര്യമുണ്ടുതാനും. എ.കെ ഗോപാലന്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ള ഉന്നതരായ സി.പി.എം നേതാക്കളൊക്കെ സഹകരണ പ്രസ്ഥാനത്തോടു വലിയ താല്‍പ്പര്യം എക്കാലത്തും കാണിച്ചിട്ടുണ്ട്. ദിനേശ് ബീഡി, ഇന്ത്യന്‍ കോഫി ഹൗസ് എന്നിങ്ങനെ വലിയ സഹകരണ സ്ഥാപനങ്ങള്‍ കേരളത്തില്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നുമുണ്ട്. പക്ഷേ കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യത്തിനു പിന്നിലെ താല്‍പ്പര്യം രാഷ്ട്രീയ വൃത്തങ്ങളില്‍ സംശയമുണ്ടാക്കുന്നത് ഈ വിഷയത്തിനു പെട്ടെന്നുണ്ടായ രാഷ്ട്രീയ പ്രാധാന്യം തന്നെയാണ്. ആറാം തീയതി സഹകരണ വകുപ്പിന്റെ രൂപീകരണം പ്രഖ്യാപിക്കുന്നു. പിറ്റേന്ന് മന്ത്രിസഭാ വികസനം. ആ വികസനത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പുതിയ സഹകരണ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കുന്നു. ആഭ്യന്തര വകുപ്പു തന്നെ ഒരു ഭീമന്‍ വകുപ്പാണ്. പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും വലിയ അധികാര കേന്ദ്രവുമാണ് അമിത് ഷാ. അങ്ങനെയൊരു അധികാര കേന്ദ്രത്തെയാണ് താരതമ്യേന അത്രകണ്ടു വലുതല്ലാത്ത പുതിയ സഹകരണ വകുപ്പു ഭരമേല്‍പ്പിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടല്ലേ ഇതെന്നു സംശയിക്കുന്നതില്‍ അത്ഭുതമില്ല തന്നെ.
യു.പിയില്‍ ഉടന്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പു പോലെ പല അടിയന്തര രാഷ്ട്രീയ പരീക്ഷണങ്ങളും അടുത്ത ഭാവിയില്‍ ബി.ജെ.പിക്കു നേരിടേണ്ടതുണ്ട്. കൊവിഡ് വ്യാപനം തെല്ലു കുറഞ്ഞെങ്കിലും അതുണ്ടാക്കുന്ന ഭീഷണി ചില്ലറയല്ല. വാക്‌സിനേഷന്‍ എങ്ങുമെത്തിയിട്ടില്ല. എല്ലാറ്റിനും പുറമെയാണ് ഇനിയും ശക്തിയായി തുടരുന്ന കര്‍ഷക സമരം. പഞ്ചാബില്‍ മാത്രമല്ല, ഹരിയാനയിലും യു.പിയിലുമെല്ലാം കര്‍ഷക സമരത്തിന്റെ സന്ദേശം വ്യാപിച്ചിട്ടുണ്ട്. ഇതിനും പുറമെയാണ് ബി.ജെ.പിയുടെ രാഷ്ട്രീയം. ഇതുവരെ ഹിന്ദു രാഷ്ട്രീയം കൊണ്ട് വലിയ നേട്ടങ്ങള്‍ നേടി. ഇനിയെത്ര നാള്‍ എന്ന വലിയ ചോദ്യം ബി.ജെ.പിയെ അഭിമുഖീകരിക്കുന്നുണ്ട്. അമ്പലം പണിതും ഗോക്കളെ സംരക്ഷിച്ചും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പറഞ്ഞും അധികകാലമൊന്നും വോട്ടു പിടിക്കാനാവില്ലെന്നു ബി.ജെ.പി നേതൃത്വം പഠിച്ചിരിക്കുന്നു. കേരളത്തിലെ അനുഭവം പഠിപ്പിച്ച പാഠം അത്ര ചെറുതല്ല. കൈയിലുണ്ടായിരുന്ന ഒരേയൊരു സീറ്റ് കൈവിട്ടുപോയി. ഏറെ പ്രതീക്ഷിച്ചിരുന്ന സീറ്റുകളും കിട്ടിയില്ല. പാര്‍ട്ടിയിലാകെ പടലപ്പിണക്കവും ചേരിപ്പോരും പതിവായിരിക്കുന്നു. കേരളത്തിനു വേണ്ടിയൊരു പരിപാടിയുണ്ടാക്കാന്‍ ഇനിയും നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. ഇതുവരെ ആശ്രയിച്ചിരുന്നത് ബി.ജെ.പിയുടെ സോഷ്യല്‍ എന്‍ജിനീയറിങ്ങിനെയാണ്. അതിവിടെ ഏശിയിട്ടില്ല. പിന്നെ ക്രിസ്ത്യാനികളോടു കൂട്ടുകൂടാമെന്നായി കണക്കുകൂട്ടല്‍. ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും തമ്മിലകറ്റാനായി ആലോചന. പല നീക്കങ്ങളും നടത്തിയിട്ടും ഏശിയില്ല. ഫാദര്‍ സ്റ്റാന്‍ സ്വാമിക്കെതിരേയെടുത്ത ഭീകരവാദ കേസും 84 കാരനായ അദ്ദേഹം കസ്റ്റഡിയില്‍ ദയനീയമായി മരണമടഞ്ഞ സംഭവവും ക്രിസ്ത്യാനികളില്‍ ഉണ്ടാക്കിയ നൊമ്പരം അത്ര പെട്ടെന്നു മായിച്ചു കളയാനാവുന്നതല്ല. ഇനിയിപ്പോള്‍ പുതിയ പരീക്ഷണവുമായി വരികയാണ് ബി.ജെ.പി. അമിത് ഷാ തന്നെയാണ് നായകന്‍. സഹകരണമാണ് പുതിയ ആയുധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."