കോട്ടുവാ
പാർട്ടികൾ പലതാവാം. പ്രത്യയശാസ്ത്രങ്ങൾ ഭിന്നങ്ങളായിരിക്കാം, വേഷങ്ങളിൽ വൈവിധ്യമുണ്ടാകാം. പക്ഷേ നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 1951 നവംബർ 18ന് ആരംഭിച്ച ജീവിതയാത്രയിൽ അധികാരത്തിന്റെ ഭാരമില്ലാതെ അധികം ഇരിക്കേണ്ടിവന്നിട്ടില്ല. ഏറ്റവും ഒടുവിൽ രാഷ്ട്രപതി സ്ഥാനത്തേക്ക് ആ പേര് ഏതാണ്ടുറപ്പിച്ചുതന്നെ ഉയർന്നുവന്നതാണ്. ആദ്യത്തെ ഗോത്രവർഗക്കാരിയെന്ന, പ്രതിപക്ഷനിരയിൽ വിള്ളലുണ്ടാക്കുന്ന വിശേഷണം ദ്രൗപതി മുർമുവിനുണ്ടായിരിക്കുകയും അവസരവാദ രാഷ്ട്രീയത്തിനപ്പുറത്ത് ഒന്നും അദ്ദേഹത്തിന് ചാർത്താനില്ലാതിരിക്കുകയും ചെയ്തുവെന്നതുകൊണ്ട് രാജ്ഭവനിൽ വാർത്താസമ്മേളനങ്ങളുമായി കഴിയുന്നു അദ്ദേഹം.
1986ൽ അരുൺ നെഹ്‌റുവിനൊപ്പം രാജീവ് ഗാന്ധി മന്ത്രിസഭയിൽനിന്നും ഇന്ത്യൻ നാഷനൽ കോൺഗ്രസിൽനിന്നും രാജിവയ്ക്കുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാനെ രാജ്യം ശ്രദ്ധിക്കുന്നത്. ഷാബാനു കേസിൽ സുപ്രിംകോടതി വിധിയെ തുടർന്ന് മുസ്‌ലിം വ്യക്തിനിയമ സംരക്ഷണത്തിനായി രാജീവ് ഗാന്ധി നിയമനിർമാണത്തിന് മുതിർന്നത് ആഭ്യന്തര സഹമന്ത്രിയായിരുന്ന ഖാന് പുറത്തുവരാൻ അവസരം ഒരുക്കിയെന്ന് പറയാം. ഇടംവലം ബി.ജെ.പിയും ഇടതുപക്ഷവും പിന്തുണച്ച വി.പി സിങ് സർക്കാരിന്റെ ആലോചനക്കാലത്താവണം ഖാൻ ആർ.എസ്.എസ് ബന്ധം തുടങ്ങിയത്. സർസംഘ ചാലകിനെ സന്ദർശിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഖാൻ പറഞ്ഞ 1985 ഇതിനോട് ചേർന്നുവരും.
നാലു കെട്ടുകയും തോന്നുമ്പോൾ തുപ്പുകയും ചെയ്യേണ്ടവർ നാടുവിടേണ്ടിവരുമെന്ന മുദ്രാവാക്യം കേരളത്തിൽ മുഴക്കിയ അന്നത്തെ സി.പി.എമ്മുകാർ 1985ലെ ആരിഫ് മുഹമ്മദ് ഖാനെ മറന്നിരിക്കില്ല. അന്ന് ഏക സിവിൽ കോഡിനു വേണ്ടി യാസീൻ ഓതിയവർക്ക് ഇന്ന് ആ വാക്ക് കേട്ടാൽ ഓക്കാനം വരും. പ്രായശ്ചിത്തമെങ്കിലാവട്ടെ മുത്വലാഖിനെതിരേ ആകെയുള്ള മൂന്നു വോട്ടെങ്കിലും പോൾ ചെയ്യിക്കും.
ഉത്തർപ്രദേശിലെ ബുലന്ദഷഹർക്കാരൻ ഖാൻ, അലീഗഡിൽ വിദ്യാർഥി യൂനിയൻ സെക്രട്ടറിയിൽ തുടങ്ങിയതാണ് രാഷ്ട്രീയജീവിതം. ഭാരതീയ ക്രാന്തിദളിലും തുടർന്ന് ജനതാപാർട്ടിയിലുമെത്തി. 1977ൽ സിയാനയിൽനിന്ന് അസംബ്ലിയിലേക്ക് ജയിച്ചു. വഖ്ഫ് അടക്കം വകുപ്പുകളുടെ മന്ത്രിയുമായി. ജനതാപാർട്ടി തകർന്നതോടെ കോൺഗ്രസിലായി. 1980ലും 1984ലും കോൺഗ്രസിന്റെ ലോക്‌സഭാംഗം, മന്ത്രി. തുടർന്നാണ് രാജീവ്ഗാന്ധി മുസ്‌ലിം മതമൗലികവാദികൾക്ക് കീഴടങ്ങിയെന്നാരോപിച്ചു രാജി. ജനമോർച്ച വഴി ജനതാദളിൽ. വി.പി സിങ്ങിന്റെ മന്ത്രിസഭയിൽ കാബിനറ്റ് റാങ്കുതന്നെ. എൽ.ജെ.പിയും ബി.എസ്.പിയും കഴിഞ്ഞ് 2004ലാണ് ഖാൻ ബി.ജെ.പിയിലെത്തുന്നത്. ബി.ജെ.പി ആദ്യം കൊടുത്ത സീറ്റിൽ തോറ്റു. 2007ൽ തനിക്കോ ഭാര്യക്കോ യു.പിയിൽ നിയമസഭയിലേക്ക് സ്ഥാനാർഥിത്വം നൽകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി വിട്ടെങ്കിലും ഇനി അവരുടെ കാലം എന്ന് തിരിച്ചറിഞ്ഞ് തിരിച്ചുകയറി. അങ്ങനെയാണ് കേരളത്തിലേക്കു വരുന്നത്.
പഴയ കൂട്ടുപോരാളിയെ കിട്ടിയ സന്തോഷം പിണറായി വിജയനുമുണ്ടായി. പുറത്തേക്ക് കാട്ടിയില്ലെന്ന് മാത്രം. കൊമ്പുകോർത്തെന്ന് വരുത്തിയും കത്തെഴുതിയും ചായസൽക്കാരം നടത്തിയും അത്താഴം ഉണ്ടും ഈ ബന്ധം ഊട്ടിയുറപ്പിച്ചിരിക്കെയാണ് ഇപ്പോൾ പൊട്ടലിന്റെയും ചീറ്റലിന്റെയും ദുർഗന്ധം നാടാകെ പടരുന്നത്. ആർ.എസ്.എസ് നേതാക്കളെ അനധികൃതമായി ശമ്പളം കൊടുത്തു പോറ്റുന്ന താവളമായി രാജ്ഭവനെ മാറ്റിയ ആരിഫ് ഖാൻ ഒരു അഡീഷനൽ പേഴ്‌സനൽ അസിസ്റ്റന്റിന്റെ നിയമനത്തെ എതിർത്തുവെന്ന പേരിൽ പൊതുഭരണ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാലിനെ അവിടെ കണ്ടുപോകരുതെന്ന തിട്ടൂരം പുറപ്പെടുവിച്ചപ്പോൾ സർക്കാരാകട്ടെ ജ്യോതിലാലിനെ മാറ്റുകയും ബി.ജെ.പിക്കാരനെ നിയമിച്ചുകൊടുക്കുകയും ചെയ്തു. ഇടക്ക് ബഹളമുണ്ടെന്ന് വരുത്തിത്തീർത്ത് സ്വന്തം കാര്യം നേടുന്നതിലാണ് ഖാന്റെ മിടുക്ക്.
ഇപ്പോൾ വിവാദമായ കണ്ണൂർ സർവകലാശാലയിലെ കാര്യംതന്നെയെടുക്കാം. എം.എ സിലബസിൽ സംഘ്പരിവാർ നേതാക്കളുടെ പുസ്തകങ്ങൾ പഠിക്കാൻവച്ച വി.സിയുടെ നിയമനത്തിന് ചട്ടവിരുദ്ധമായിട്ടും തലയാട്ടിക്കൊടുത്ത ഖാൻ, അതേ വി.സിയെ ഇപ്പോൾ ക്രിമിനൽ എന്നു വിളിക്കുന്നു. മാർക്ക് ദാനം മുതൽ ചട്ടവിരുദ്ധ നിയമനങ്ങൾ വരെ നിരവധി കാര്യങ്ങളിൽ ചാൻസലറായ ഖാൻ പിണറായി സർക്കാരിന് അനുകൂലമായ നിലപാടാണ് തുടരെ എടുത്തത്. മുൻ സ്പീക്കറുടെ ഭാര്യയുടെ കാലടി സർവകലാശാലയിലെ നിയമനത്തെ തടയാതിരുന്ന ഗവർണർ മുഖ്യമന്ത്രിയുടെ സ്റ്റാഫംഗമായ കെ.കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിൽ കടുംപിടിത്തത്തിലാണ്.
കേരളം ഒറ്റക്കെട്ടായാണ് പൗരത്വ നിയമഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയത്. അതിനെ അപഹസിച്ച് ഗവർണർ സംസാരിച്ചതാണ് കണ്ണൂർ സർവകലാശാലയിലെ ചടങ്ങിലെ പ്രശ്‌നം. ഈ ഗവർണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരാൻ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുനിഞ്ഞതാണ്. നിയമസഭ ചേരുന്നതിന്റെ തലേ ദിവസം വരെ കത്തിനിന്ന പ്രശ്‌നം ചായക്കോപ്പയിൽ തീരുകയായിരുന്നു. സർക്കാരിനെ പുകഴ്ത്താൻ ഗവർണറും ഗവർണറെ ഇകഴ്ത്താതിരിക്കാൻ ഭരണക്കാരും വാക്കുകൾ കണ്ടെത്തുന്നതു കണ്ട് പ്രതിപക്ഷത്തിന് അടുപ്പത്തെ വെള്ളം വാങ്ങിവയ്ക്കേണ്ടിവന്നു. തെളിവെന്ന് പറഞ്ഞ് കൈരേഖ കാട്ടുന്ന രീതി തന്നെയാണ് കൊട്ടിപ്പാടിയ വാർത്താസമ്മേളനത്തിൽ ആരിഫ് ഖാൻ സ്വീകരിച്ചത്. കോഴി കോട്ടുവായിട്ട പോലെ എന്ന കാനത്തിന്റെ ഉപമയാണ് ആരിഫ് ഖാന്റെ വാർത്താസമ്മേളനത്തിന് ഫിറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."