HOME
DETAILS

'സമസ്താലയം' ധന്യസ്മൃതികളിലേക്ക്

  
backup
July 13 2021 | 21:07 PM

samasthalayam


പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍
(പ്രസിഡന്റ്, സമസ്ത
കേരള ഇസ്‌ലാം മത
വിദ്യാഭ്യാസ ബോര്‍ഡ്)


സമസ്തയെന്ന പേരിനൊപ്പം സുന്നീപ്രവര്‍ത്തകരുടെ ഹൃദായാന്തരങ്ങളില്‍ മഹദ്സ്ഥാനമായലങ്കരിക്കുന്ന ചേളാരിയിലെ 'സമസ്താലയം' ധന്യസ്മൃതികളിലേക്ക് വഴിമാറുന്നു. സമസ്താലയത്തിന്റെ മൂന്ന് ബില്‍ഡിങ്ങുകള്‍ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുകയാണ്. നിലവിലുള്ള ഓഫിസുകള്‍ താത്കാലികമായി ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിലേക്ക് മാറ്റിയിട്ടുണ്ട്.


ഇസ്‌ലാമിക തത്വസംഹിതകളുടെ പ്രചാരണവും പ്രബോധനവും ലക്ഷ്യമാക്കി 1926 ജൂണ്‍ 26 ന് സ്ഥാപിതമായ പണ്ഡിത സംഘടനയാണ്
'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ'. അരനൂറ്റാണ്ടു കാലത്തോളം സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെട്ടിരുന്നത് കോഴിക്കോട്ടെയും പരപ്പനങ്ങാടിയിലെയും വാടക കെട്ടിടങ്ങളിലും വാളക്കുളത്ത് ഒരു വീട്ടിലും പ്രവര്‍ത്തിച്ചിരുന്ന ഓഫിസുകള്‍ വഴിയായിരുന്നു. സ്വന്തമായൊരു ഓഫിസ് സമുച്ചയം സമസ്തയുടെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ചിരകാല സ്വപ്നമായിരുന്നു.
1969 ജനുവരി 11 ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം ചേളാരിയില്‍ ഒരു ആസ്ഥാനമന്ദിരം സ്ഥാപിക്കാനുള്ള സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നുള്ള ആവശ്യത്തിന് അംഗീകാരം നല്‍കി. 1969 മെയ് 15ന് ചേര്‍ന്ന് മുശാവറ യോഗത്തില്‍ മന്ദിരം നിര്‍മിക്കുന്നതിനായി ഒരു സബ് കമ്മിറ്റിയും രൂപീകരിച്ചു. മാന്നാര്‍ അബ്ദുല്‍ ഖാദിര്‍ ഹാജി, കെ.പി ഉസ്മാന്‍ സാഹിബ്, പൂക്കോയ തങ്ങള്‍ ജമലുല്ലൈലി, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍, ഹാജി പി. അബൂബകര്‍ നിസാമി, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.ടി മാനു മുസ്‌ലിയാര്‍ എന്നിവരായിരുന്നു അംഗങ്ങള്‍.


ചേളാരിയില്‍ മാന്നാര്‍ അബ്ദുല്‍ ഖാദിര്‍ ഹാജി സൗജന്യമായി നല്‍കിയ സ്ഥലത്ത് 1969 ഓഗസ്റ്റ് 24ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഒ.പി.എം ചെറുകോയതങ്ങള്‍ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. 1970 ഡിസംബര്‍ 20ന് ഞായറാഴ്ചയാണ് മൂന്നു നിലകളുള്ള സമസ്താലയം സമൂഹത്തിന് സമര്‍പ്പിക്കപ്പെട്ടത്. പാണക്കാട് പൂക്കോയ തങ്ങളായിരുന്നു ഉദ്ഘാടകന്‍. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷനായി. പ്രമുഖ സൂഫിവര്യന്‍ ആലുവായ് അബൂബകര്‍ മുസ്‌ലിയാരു(മാടവന, മുടിക്കല്‍)ടെയും മറ്റും അനുഗൃഹീതമായ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന സമ്മേളനം.
അല്‍ഐന്‍ സുന്നി യൂത്ത് സെന്ററിന്റെ സഹകരണത്തോടെയാണ് സമസ്താലയത്തിന് അനുബന്ധമായി രണ്ടാമതൊരു ബില്‍ഡിങ് നിര്‍മിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന് വേണ്ടിയായിരുന്നു ഈ സമുച്ചയം. അല്‍ഐന്‍ സുന്നി യൂത്ത് സെന്റര്‍ സമസ്താലയത്തിന് ചേര്‍ന്നുള്ള 87 സെന്റ് സ്ഥലം വാങ്ങി അതില്‍ ഒരു ബില്‍ഡിങ് പണിയുകയായിരുന്നു.


സുന്നി യൂത്ത് സെന്ററിന്റെ അന്നത്തെ നേതാക്കളായിരുന്ന ഹാജി പി. അബൂബകര്‍ നിസാമി, സൈതു മുഹമ്മദ് ഹാജി കൈപ്പമംഗലം, ഹമീദ് ഹാജി ചൊവ്വ, വി.പി പൂക്കോയതങ്ങള്‍ കാടാമ്പുഴ, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, ഇ.കെ മൊയ്തീന്‍ ഹാജി, ആലുവ ആലിക്കുഞ്ഞി ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ബില്‍ഡിങ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെ ഉപദേശ നിര്‍ദേശങ്ങളും സഹായങ്ങളും ഈ സംരംഭത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്.


പിന്നീട് നിലവിലുള്ള കെട്ടിടങ്ങള്‍ മതിയാവാതെ വന്നപ്പോള്‍ സമസ്താലയത്തിന് സമീപത്തായി പുതിയൊരു കെട്ടിടത്തെ കുറിച്ചുള്ള ആലോചനകള്‍ വന്നു. 1993 ഡിസംബര്‍ 22,23,24 തീയതികളില്‍ ചേളാരിയില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 1993 ഡിസംബര്‍ 24ന് വെള്ളിയാഴ്ച പുതിയൊരു ഓഫിസ് സമുച്ചയത്തിന് ശിലാസ്ഥാപനം നടന്നു. സമസ്തയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമ ഇ.കെ. അബൂബകര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു ശിലാസ്ഥാപനം നിര്‍വഹിച്ചത്. വിദ്യാഭ്യാസബോര്‍ഡിനും ജംഇയ്യത്തുല്‍ മുഅല്ലിമീനും വിശാലമായ വെവ്വേറെ ഓഫിസുകളും ഷോപ്പിങ് റൂമുകളും, അനുബന്ധമായ സൗകര്യങ്ങളുമെല്ലാം ആധുനിക രീതിയില്‍ സജ്ജീകരിച്ചിരുന്നു.


1998 മെയ് 16ന് ശനിയാഴ്ചയായിരുന്നു ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം. വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് ടി.കെ.എം ബാവ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 23 വര്‍ഷത്തിനിപ്പുറം ഈ കെട്ടിടമടക്കമുള്ള മൂന്ന് ബില്‍ഡിങുകളും ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റപ്പെടുകയാണ്. സമസ്തയുടെ പൂര്‍വകാല നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ചിരകാല സ്മരണകള്‍ ചരിത്ര രേഖകളായി പരിണമിക്കുകയാണ്.


സമസ്തയെന്ന പേരിനൊപ്പം 'ചേളാരി' എന്ന സ്ഥലവും കേരളമാകെ അറിയപ്പെട്ടു. യഥാര്‍ഥത്തില്‍ 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ'യുടെ ആസ്ഥാന ഓഫിസ് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലാണ്. വിദ്യാഭ്യാസ ബോര്‍ഡിന്റെ ബുക്ക്ഡിപ്പോ ഇതോടനുബന്ധിച്ചാണ് സ്ഥിതി ചെയ്യുന്നത്. പ്രധാന പോഷക ഘടകങ്ങളായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നീമഹല്ല് ഫെഡറേഷന്‍, സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍, സുന്നി ബാലവേദി, അസ്മി, ജംഇയ്യത്തുല്‍ ഖുത്വബാ, സമസ്ത ലീഗല്‍ സെല്‍, സമസ്ത പ്രവാസി സെല്‍, ജംഇയ്യത്തുല്‍ മുഫത്തിശീന്‍ തുടങ്ങിയവയുടെ ആസ്ഥാനം ചേളാരിയില്‍ തന്നെയാണ്.


2019 ജൂലൈ 24ന് ചേളാരിയില്‍ വിശാലമായ സൗകര്യങ്ങളോടെ മുഅല്ലിം ഓഡിറ്റോറിയം പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന് കീഴിലാണ് ഇത് നിര്‍മിച്ചത്.
2021 ജൂലൈ ഒന്നു മുതല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫിസ് മേല്‍ ഓഡിറ്റോറിയത്തിന് സമീപമുള്ള പ്രസ്സ് ബില്‍ഡിങിലേക്ക് താല്‍ക്കാലികമായി മാറി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഓഡിറ്റോറിയത്തിന് താഴ്ഭാഗത്ത് വിദ്യാഭ്യാസ ബോര്‍ഡ് ഓഫിസും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്. ഇന്ന് ചേരുന്ന വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യുട്ടിവ് യോഗത്തോടനുബന്ധിച്ച് താല്‍ക്കാലികമായി സംവിധാനിച്ച ഓഫിസിന്റെ ഉദ്ഘാടനം നടക്കും. പൊളിച്ചു മാറ്റുന്ന ബില്‍ഡിങിന് പകരമായി അതേ കോമ്പൗണ്ടില്‍ പുതിയ 'സമസ്താലയം' സ്ഥാപിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago