അല്‍ഖാഇദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റ്; സംശയം പ്രകടിപ്പിച്ച് അഖിലേഷും മായാവതിയും
ലഖ്‌നൗ: യു.പിയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്ത നടപടിയില്‍ സംശയമുന്നയിച്ച് പ്രമുഖ പ്രതിപക്ഷകക്ഷികളായ സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും.
യു.പി പൊലിസിനെയും ബി.ജെ.പി സര്‍ക്കാരിനെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. പൊലിസിന്റെ നടപടിയില്‍ സംശയമുണ്ടെന്ന് ബി.എസ്.പി നേതാവ് മായാവതിയും പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള നാടകമാണോ ഇതെന്നാണ് സംശയിക്കുന്നതെന്നും മായാവതി പറഞ്ഞു. ലഖ്‌നൗ സ്വദേശികളായ മിന്‍ഹാജ് അഹമ്മദ്, നസീറുദ്ദീന്‍ എന്നിവരെ കഴിഞ്ഞ ദിവസാണ് യു.പി ഭീകരതാ വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്.
ലഖ്‌നൗ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നും പിടിയിലായവര്‍ അല്‍ ഖാഇദയുമായി ബന്ധമുള്ളവരാണെന്നും പൊലിസ് ആരോപിച്ചിരുന്നു. എന്നാല്‍ അറസ്റ്റില്‍ പലരും സംശയമുന്നയിച്ചു.
പിന്നാലെയാണ് രണ്ടു പ്രമുഖരാഷ്ട്രീയകക്ഷികളുടെ നേതാക്കളും ഇതേ അഭിപ്രായം പറഞ്ഞത്. യോഗിക്ക് വെടിവയ്ക്കാനേ അറിയൂ എന്ന് അഖിലേഷ് കുറ്റപ്പെടുത്തി. അറസ്റ്റിനെ സാധൂകരിക്കാനായി വിഡിയോ എഡിറ്റ് ചെയ്ത് ബി.ജെ.പി പ്രചരിപ്പിക്കുന്നതായി സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചിരുന്നു. അറസ്റ്റ് ചെയ്തത് ശരിക്കും അല്‍ഖാഇദ ഭീകരരെ ആണെങ്കില്‍ അതില്‍ കുഴപ്പമില്ലെന്ന് മായാവതി പറഞ്ഞു. എന്നാല്‍ അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയമുണ്ടാകരുത്. യു.പി തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇതെല്ലാം നടക്കുന്നത് പല സംശയങ്ങളുമുണ്ടാക്കുമെന്നും മായാവതി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."