തമിഴ്‌നാട് വിഭജനം ബി.ജെ.പി സംസ്ഥാനഘടകം രണ്ടു തട്ടില്‍
ചെന്നൈ: തമിഴ്‌നാട് വിഭജിക്കണമെന്ന ആവശ്യത്തില്‍ തമിഴ്‌നാട് ബി.ജെ.പി ഘടകം രണ്ടായി ചേരിതിരിഞ്ഞു. പടിഞ്ഞാറന്‍ തമിഴ്‌നാട് വിഭജിച്ച് കൊങ്കുനാടെന്ന കേന്ദ്രഭരണപ്രദേശം രൂപീകരിക്കുകയെന്ന ആശയത്തിലാണ് ബി.ജെ.പിക്കുള്ളില്‍ ഭിന്നത രൂപപ്പെട്ടത്. ബി.ജെ.പി കോയമ്പത്തൂര്‍ നോര്‍ത്ത് ഘടകം വിഭജനത്തെ പിന്തുണച്ച് പ്രമേയം പാസാക്കിയപ്പോള്‍ ഈറോഡ് ഘടകം വിഭജന നീക്കത്തില്‍ എതിര്‍പ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന കോയമ്പത്തൂര്‍ നോര്‍ത്ത് ബി.ജെ.പി എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്ന ആവശ്യത്തിനു പിന്തുണയുണ്ടായത്. ജനങ്ങളുടെ താല്‍പര്യം അതാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി. എന്നാല്‍ ഇത്തരത്തിലൊരു വിഭജനം കേന്ദ്രത്തിന്റെ പരിഗണനയിലില്ലെന്നാണ് ഈറോഡ് ഘടകം പറയുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഈറോഡ് എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം കൊങ്കുനാട് രൂപീകരണത്തെ പിന്തുണച്ചില്ല. കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ പോലും മേഖലയോട് കാണിച്ച വിവേചനമാണ് ഇത്തരമൊരു വാദത്തിന് കാരണമായതെന്നും വിവാദത്തിന് ഉത്തരവാദി ഭരണകക്ഷിയായ ഡി.എം.കെ മാത്രമാണെന്നും ഈറോഡ് ഘടകം കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ചില നേതാക്കള്‍ കൊങ്കുനാടെന്ന ആശയത്തെ പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും പുതിയ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ, ഉപാധ്യക്ഷന്‍ പി. കനകസഭാപതി, നിയമസഭാകക്ഷി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ എന്നിവര്‍ നിശ്ശബ്ദരാണ്. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ആരാഞ്ഞപ്പോള്‍ ജനവികാരം പഠിച്ച ശേഷം പിന്നീട് നിലപാടറിയിക്കാമെന്ന മറുപടിയാണ് അണ്ണാമലൈ നല്‍കിയത്. അതോടൊപ്പം പാര്‍ട്ടിയുടെ ചെന്നൈ ജില്ലാ ഘടകത്തിനും തമിഴ്‌നാട് വിഭജന നീക്കത്തില്‍ എതിര്‍പ്പുണ്ട്. ബി.ജെ.പി തമിഴ് ജനതയെ വിഭജിക്കാന്‍ നീക്കം നടത്തുന്നുവെന്ന പ്രചാരണം തിരിച്ചടിയാകുമെന്ന പേടി ബി.ജെ.പിക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."