ഹർത്താലുകൾ പ്രാകൃതമാകുമ്പോൾ
പൊതുജനത്തെ ബന്ദിയാക്കിയുള്ള ഹർത്താലിന്റെ ദുരിതങ്ങൾ ഒരിക്കൽകൂടി കേരളജനത അനുഭവിച്ചറിഞ്ഞു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശവുമാണ് മിന്നൽ ഹർത്താലുകൾ കവരുന്നത്. കത്തിക്കയറുന്ന അതിന്റെ ആവേശം മനുഷ്യാവകാശ ലംഘനങ്ങളോളം എത്തിപ്പെട്ട പൂർവാനുഭവങ്ങളും നമുക്കുണ്ട്.
തങ്ങളുടെ ഓഫിസുകളിൽ രാജ്യവ്യാപകമായി എൻ.ഐ.എ റെയ്ഡ് നടത്തുകയും നേതാക്കളെ തടവിലാക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് കഴിഞ്ഞദിവസം പോപുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തത്. മുസ്‌ലിം സംഘടനകൾക്ക് തീവ്രത പോരെന്ന് പറഞ്ഞ് രൂപവൽക്കരിച്ചതാണ് പോപുലർ ഫ്രണ്ട് എന്ന സംഘടന. ഇതിന്റെ പേരുപോലും പ്രഖ്യാപിക്കുന്നതിന് മുമ്പ്, രൂപീകരണ കാലഘട്ടം മുതൽ ഈ സംഘടനയെ സമസ്തയും അതിന്റെ കീഴ്ഘടകമായ എസ്.കെ.എസ്.എസ്.എഫും ശക്തമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. നേതാക്കന്മാരെ കസ്റ്റഡിയിലെടുത്താൽ പൊതുമുതൽ നശിപ്പിച്ചും ആക്രമണങ്ങളിലൂടെയുമാണോ പ്രതികരിക്കേണ്ടത്. ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത, വ്യാപക ആക്രമണങ്ങളാണ് ഹർത്താലിന്റെ മറവിൽ കഴിഞ്ഞ ദിവസമുണ്ടായത്. കെ.എസ്.ആർ.ടി.സി ബസുകളും ലോറികളും കാറുകളും അടക്കം നൂറുകണക്കിനു വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. കെ.എസ്.ആർ.ടി.സിയുടെ എട്ട് ഡ്രൈവർമാർ ഉൾപ്പെടെ 24 പേർക്കു പരുക്കേറ്റു. പലയിടത്തും കടകളും സ്ഥാപനങ്ങളും അടിച്ചുതകർത്തു.
പൊതുമുതൽ നശിപ്പിച്ചും വഴിനടക്കാനുള്ള അവകാശം നിഷേധിച്ചുമുള്ള ഹർത്താലുകൾ പോപുലർ ഫ്രണ്ടുകാർ മാത്രമല്ല നടത്താറുള്ളത്. ഭരണപക്ഷവും പ്രതിപക്ഷവും, എന്തിന് അമ്പതുപേർ തികച്ചില്ലാത്ത ഈർക്കിൽ പാർട്ടികൾ പോലും ഹർത്താലിന് ആഹ്വാനം ചെയ്യാറുണ്ട്. പ്രാകൃതമായ ഈ സമരമുറ എന്തു നീതി ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. മാനുഷികനീതി ആവശ്യപ്പെട്ടു കൊണ്ടുള്ള സമരമുറകൾ മനുഷ്യാവകാശങ്ങളുടെ ലംഘനത്തിൽ ചെന്നവസാനിക്കുന്നത് എന്തു മാത്രം അനീതിയാണ്? ഹർത്താലുകളിലെ ആദ്യത്തെ ഏറ് പാവം ജനത്തിന്റെ നെഞ്ചത്തേക്ക് എന്നത് കാലങ്ങളായി കേരളത്തിൽ ആചാരം പോലെയായിട്ടുണ്ട്. ജനത്തെ കണ്ണുരുട്ടി വീട്ടിലിരുത്തുന്ന മിന്നൽ ഹർത്താലുകൾ കേരളത്തിലെ ഇരുമുന്നണികളും നിയമസഭയിൽ ഒരംഗം പോലുമില്ലാത്ത ബി.ജെ.പിയും എത്രതവണ നടത്തിയിട്ടുണ്ട് എന്നത് മറന്നുകൂടാ.
പണിയെടുത്ത് അന്നന്ന് അന്നം കണ്ടെത്തുന്ന പാവപ്പെട്ടവർ മുതൽ കിട്ടാവുന്നിടത്തുനിന്നൊക്കെ വായ്പയെടുത്തു കച്ചവടം നടത്തുന്ന വ്യാപാരികളടക്കം ഹർത്താലിന്റെ കെടുതികൾ അനുഭവിക്കുകയാണ്. പൊതുമുതൽ നശിപ്പിക്കുന്നതിനപ്പുറം സംസ്ഥാനത്തിന്റെ വരുമാന സ്രോതസുകളെക്കൂടിയാണ് ഇത്തരം മനുഷ്യവിരുദ്ധ ഹർത്താലുകൾ ഇല്ലാതാക്കുന്നത്. കേരളത്തിന്റെ മുഖ്യ വരുമാന മാർഗമായ ടൂറിസം മേഖലയെയാണ് അപ്രതീക്ഷിത ഹർത്താലുകൾ നേരിട്ടു ബാധിക്കുന്നത്. ഇനി കേരളത്തിലേക്കൊരു വരവില്ലെന്നു കട്ടായം പറഞ്ഞാണ് ഹർത്താലുകളിൽ പെട്ടുപോകുന്ന വിദേശ ടൂറിസ്റ്റുകളിൽ പലരും മടങ്ങുന്നതെന്ന് ടൂർ ഓപറേറ്റർമാർ പറയുന്നു. മറ്റു രാജ്യക്കാർക്കിടയിൽ നമ്മുടെ നാടിനെക്കുറിച്ച് അവമതിപ്പുണ്ടാക്കാനേ ഇത്തരം അപരിഷ്‌കൃത സമരമാർഗങ്ങൾ ഉപകരിക്കൂ.
കേരളത്തിലെ വ്യാപാരി സമൂഹമാണ് ഹർത്താലിന്റെ പേരിൽ ഏറെ ക്രൂശിക്കപ്പെടുന്ന ഒരു വിഭാഗം. പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ ഹർത്താലനുകൂലികൾക്ക് കല്ലെറിഞ്ഞു രസിക്കാനുള്ള കളിയിടമായി മാറിയിരിക്കുകയാണ് കച്ചവട സ്ഥാപനങ്ങൾ. പൊലിസ് സുരക്ഷ ഒരുക്കുമെന്ന് വിശ്വസിച്ചാൽ പോലും ജനം പുറത്തിറങ്ങാതെ കട തുറന്നുവച്ചിട്ടെന്തു കാര്യമെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. ജനങ്ങൾ ഹർത്താലിന് സ്വയം കീഴടങ്ങുന്ന സ്ഥിതിയാണ് ഇന്ന്. ഇതു മാറണം. ഹർത്താലുകൾ, പ്രത്യേകിച്ച് മിന്നൽ ഹർത്താലുകൾ വേണ്ടെന്നുവയ്ക്കാൻ രാഷ്ട്രീയപാർട്ടികൾ അടക്കമുള്ളവർ തയാറാകണം.
ഹർത്താലിന്റെ മറവിൽ ഒരു ജനതയെ തടവിലാക്കാനുള്ള അവകാശം ആർക്കുമില്ല. ത്യാഗമോ സഹനമോ ഇല്ലാത്ത സമരരൂപമാണ് ഹർത്താൽ എന്ന നില മാറണം. സമാധാനപരമായ പ്രതിഷേധ മാർഗങ്ങളൊക്കെ പരാജയപ്പെടുന്ന സന്ദർഭത്തിൽ മാത്രം മതി നിർബന്ധപൂർവമുള്ള ഹർത്താലുകൾ എന്ന് തീരുമാനിക്കാനുള്ള ബോധ്യമെങ്കിലും അത് പ്രഖ്യാപിക്കുന്നവർക്കുണ്ടാവണം. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ ജനങ്ങൾക്ക് പ്രകടിപ്പിക്കാവുന്ന ഫലപ്രദമായ പ്രതിഷേധരീതിയാണ് ഹർത്താൽ എന്നതിൽ തർക്കമില്ല. രാജ്യത്ത് ബുൾഡോസർ രാഷ്ട്രീയം പിടിമുറുക്കുമ്പോൾ ജനം തെരുവിലിറങ്ങുന്നതും പ്രതിഷേധിക്കുന്നതും സ്വാഭാവികമാണ്. പിറന്നമണ്ണിൽ ജീവിതം ദുസ്സഹമാകുമ്പോൾ അതിനെതിരേയും സമരമുഖങ്ങൾ രൂപപ്പെടും. പൗരത്വനിഷേധങ്ങൾക്കെതിരേ രാജ്യത്ത് എമ്പാടുമുയർന്ന പ്രതിഷേധങ്ങൾ ഒരിക്കൽ പോലും ജനങ്ങളുടെ നെഞ്ചത്തുകയറിയായിരുന്നില്ലെന്ന യാഥാർഥ്യം വിസ്മരിക്കാവതല്ല. ഭരണകൂടങ്ങൾ ജനങ്ങൾക്കെതിരേ തിരിയുമ്പോൾ അവർ തെരുവിലിറങ്ങുന്നത് ഇന്ത്യയിലെ മാത്രം അവസ്ഥയുമല്ല. അത്തരം പ്രതിഷേധങ്ങളുടെ വായടപ്പിക്കാൻ തക്കംപാർത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ എന്നതും മിന്നൽ ഹർത്താലുകൾക്ക് ആഹ്വാനം ചെയ്യുന്നവർ ഓർത്താൽ നല്ലത്.
പരിഷ്‌കൃതസമൂഹമെന്ന നിലയിൽ, ഹർത്താൽ അടക്കമുള്ള സമരരൂപങ്ങളിൽ കാതലായ മാറ്റങ്ങൾക്ക് ബന്ധപ്പെട്ട കക്ഷികൾ ഇനിയെങ്കിലും തയാറാവണം. ബന്ദുകൾ നിരോധിച്ചപ്പോഴാണ് ഹർത്താലുകൾ വ്യാപകമായത്. ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളിലും നൈതികതയും ജനാധിപത്യമൂല്യങ്ങളും കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. കല്ലെറിയാതെ, വാഹനം തടയാതെ, കടകൾ നിർബന്ധപൂർവം അടപ്പിക്കാതെയുള്ള സമരമാർഗങ്ങൾ ഓരോ രാഷ്ട്രീയപാർട്ടിയും പരീക്ഷിക്കണം. പ്രഖ്യാപകരുടെ ഭാഗത്തു നീതിയുണ്ടെങ്കിൽ നമ്മുടെ വ്യാപാര- വ്യവസായ സ്ഥാപനങ്ങളുടെ വാതിലുകൾ താനേ അടയും. അത്രയ്ക്ക് അനുകമ്പയള്ളവരാണ് കേരളീയ പൊതുസമൂഹവും വ്യാപാരികളും.
മെഴുകുതിരി കത്തിച്ചും വായമൂടിക്കെട്ടിയും തെരുവിൽ പാടിയും പ്ലക്കാർഡുകൾ ഉയർത്തിയും റോസാപ്പൂക്കൾ നൽകിയും പ്രതിഷേധം അറിയിക്കാൻ സാധിക്കും. അത്തരം സമാധാനപൂർണമായ പ്രതിഷേധങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുമുണ്ട്. സമാധാനപൂർണവും ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലുള്ളതുമായ സമരമുറകളുടെ വീണ്ടെടുപ്പിലൂടെ മാത്രമേ ഭരണകൂടങ്ങളുടെ ജനവിരുദ്ധ നടപടികളെ മറികടക്കാനാവൂ. അല്ലാത്ത സമരങ്ങൾ പ്രയോജനപ്രദം ആവില്ലെന്നു മാത്രമല്ല, സമരം സംഘടിപ്പിക്കുന്ന വിഭാഗത്തിന് എതിരാളികളെ വർധിപ്പിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."