ജുമുഅ, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള സമസ്ത പ്രതിഷേധ സംഗമങ്ങള്‍ക്ക് തുടക്കമായി
ചേളാരി: ജുമുഅ, ബലിപെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത ഏകോപന സമിതി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമങ്ങള്‍ തുടങ്ങി. രാവിലെ 11നു സെക്രട്ടേറിയറ്റിനു മുന്നിലും എല്ലാ ജില്ലകളിലെ കലക്ടറേറ്റിനു മുന്നിലും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ക്കു മുന്നിലുമാണ് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശക്തമായ പ്രതിഷേധ സംഗമങ്ങള്‍ നടക്കുന്നത്.
കഴിഞ്ഞദിവസം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേളാരിയില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
വിശ്വാസികളെ സംബന്ധിച്ച് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം നിര്‍ബന്ധിത ബാധ്യതയാണ്. ജുമുഅ നിസ്‌കാരം സാധുവാകണമെങ്കില്‍ ചുരുങ്ങിയത് 40 ആളുകളെങ്കിലും പങ്കെടുക്കണം. ഇത്രയും പേരെ പങ്കെടുപ്പിച്ച് ജുമുഅ നടത്താനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് നേരത്തെ തന്നെ സമസ്ത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ അനുകൂലമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനു മുന്നില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ടിയാണ് പ്രതിഷേധ സംഗമങ്ങള്‍ നടത്താന്‍ സമസ്ത മുന്നോട്ടുവന്നത്.
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ബസുകളിലും കടകള്‍ക്കു മുന്നിലും നിരവധി പേരാണ് ഒരേസമയം കൂടിനില്‍ക്കുന്നത്. ഈ മേഖലകളിലെ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയിട്ടുണ്ട്. എന്നാല്‍, വെള്ളിയാഴ്ച അരമണിക്കൂര്‍ നേരം പള്ളിയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമ്മേളിക്കുന്നത് സര്‍ക്കാര്‍ അനുമതിയില്ല. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി സമസ്ത ഏകോപന സമിതി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സമരം നടത്തുന്ന സ്ഥലങ്ങളിലെ കൊവിഡ് നിയമം അനുശാസിക്കുന്നവിധം പ്രതിനിധികളെ പരിമിതപ്പെടുത്തണമെന്നും പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാന സമിതി നിര്‍ണയിച്ചുതന്ന മാറ്റര്‍ മാത്രമേ ബാനര്‍, മുദ്രാവാക്യം, പ്ലക്കാര്‍ഡ് എന്നിവയ്ക്ക് ഉപയോഗിക്കാവൂ. സംഗമം നടത്തുന്ന സ്ഥാപന അധികൃതരെ മുന്‍കൂട്ടി വിവരം അറിയിക്കണം. സമസ്ത ഏകോപന സമിതി ഇല്ലാത്ത സ്ഥലങ്ങളില്‍ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ സംഘാടനം നിര്‍വഹിക്കണം. സമരം കൃത്യം 12ന് അവസാനിപ്പിച്ച് അപ്പോള്‍ തന്നെ അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."