'കേന്ദ്ര അനുമതി ലഭിക്കാത്ത പദ്ധതിക്ക് സാമൂഹികാഘാത പഠനമെന്തിന്?'; കെ റെയിലില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി
കൊച്ചി: കെ റെയിലില്‍ സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഡിപിആറിന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ലാത്ത പദ്ധതിക്ക് എന്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നതെന്ന് കോടതി ചോദിച്ചു. ഇത്രയധികം പണം ചെലവാക്കിയത് എന്തിനായിരുന്നുവെന്നും ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു.
കെ-റെയിലുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയം ചില വിശദീകരണങ്ങള്‍ നല്‍കിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം.
കോടതിയുടെ പല ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ മതിയായ ഉത്തരം നല്‍കുന്നില്ല. സര്‍ക്കാര്‍ ചെലവാക്കുന്ന ഓരോ നാണയത്തിനും കണക്കുണ്ടാകണം. ഒരു പേരിട്ടാല്‍ അത് പദ്ധതിയാകില്ല. ചില ഉദ്യോഗസ്ഥര്‍ നാടകം കളിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.
കേരളത്തിലെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു. ഉരുള്‍പ്പൊട്ടലും മറ്റുമുള്ള പ്രകൃതിപ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ഭരണാധികാരികള്‍ മനസ്സിലാക്കാന്‍ തയ്യാറാകുന്നില്ല എന്നുവേണം കരുതാന്‍. അതിവേഗ റെയിലും റോഡും ആവശ്യമാണ്. എന്നാല്‍ എല്ലാത്തിനും മാനദണ്ഡങ്ങളുണ്ട്. തോന്നുന്ന പോലെ നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, പദ്ധതിയ്ക്ക് കേന്ദ്രം സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്നും കെ റെയിലിനായി സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."