ചന്ദ്രയാനും ആദിത്യയും രാജ്യത്തിന് എന്തു നൽകുന്നു?
റജിമോൻ കുട്ടപ്പൻ
സൂര്യനെ തേടിയുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശാധിഷ്ഠിത ദൗത്യമായ ആദിത്യ എല്‍1 െഎ.എസ്.ആർ.ഒ (ഇസ്‌റോ) വിജയകരമായി വിക്ഷേപിച്ചിരിക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായെത്തുന്ന ചന്ദ്രയാൻ 3ന്റെ വിജയകരമായ ലാൻഡിങ്ങിനു പത്തുദിവസത്തിനുശേഷമാണ് ആദിത്യ എൽ1ന്റെ വിജയകരമായ വിക്ഷേപണം. മറ്റു രാജ്യങ്ങളുടെ ചാന്ദ്ര ദൗത്യങ്ങളൊന്നും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തിയിട്ടില്ലെന്നതും നമ്മുടെ ദൗത്യത്തിന്റെ തിളക്കം കൂട്ടുന്നു. ഇന്ത്യയുടെ ചാന്ദ്ര-സൗര ദൗത്യങ്ങൾ വിജയകരമായി വിക്ഷേപിച്ച് നിർണായക കണ്ടെത്തലുകൾ നടത്തുമ്പോൾ പിന്നണിയിൽ ഇതു സംബന്ധിച്ച് രാഷ്ട്രീയ കോലാഹലങ്ങളുണ്ട്. ശാസ്ത്രസാങ്കേതിക വിജയങ്ങളെയും രാഷ്ട്രീയവത്കരിക്കുന്നവർ ഉന്നയിക്കുന്ന പഴക്കമുറ്റിയ ചോദ്യമിതാണ്, ഇതുകൊണ്ട് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും എനിക്കും എന്താണ് നേട്ടം? ഇത് സംബന്ധിച്ച് വിശദമായി മറുപടി പറയേണ്ടതുണ്ട്.
രാജ്യത്തിനെന്ത്?
ഇസ്രോയിലെ ശാസ്ത്രജ്ഞരും ഇതുമായി ബന്ധപ്പെട്ട് ആഗോളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരും നിരീക്ഷിക്കുന്നത് ഓരോ വിക്ഷേപണവും ദൗത്യങ്ങളുടെ വിജയവും ആഗോളാടിസ്ഥാനത്തിലുള്ള ബഹിരാകാശ വ്യവസായരംഗത്ത് ഇന്ത്യയുടെ സാന്നിധ്യത്തെ ശക്തമാക്കുന്നുണ്ട് എന്നാണ്. ഈ മേഖലയിൽ ഇന്ത്യക്കുള്ള ശക്തമായ സാന്നിധ്യംമൂലം ദശലക്ഷക്കണക്കിനു ഡോളറാണ് ബഹിരാകാശ അനുബന്ധ വ്യവസായ മേഖലകളിലേക്ക് ഒഴുകുന്നത്. കൂടാതെ, പുത്തൻ സംരംഭങ്ങൾക്കും തൊഴിലുകൾക്കും ഈ മൂലധനനിക്ഷേപം സഹായകമാണ്.
വളരെ ചുരുങ്ങിയ ചുറ്റുപാടുകളിൽ നിന്നുകൊണ്ടാണ് ഇസ്രോ ആരംഭിക്കുന്നത്. എന്നാൽ ഇന്ന് വൻവിജയ ദൗത്യങ്ങളോടുകൂടി ലോകത്തെ ഏറ്റവും വലിയ ആറാമത്തെ ബഹിരാകാശ ഏജൻസിയായി ഇസ്രോ വളർന്നു. ഇൻവെസ്റ്റ് ഇന്ത്യയുടെ റിപ്പോർട്ടുകൾ പ്രകാരം, വിദേശ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിൽനിന്നു മാത്രമായി 2306 കോടി രൂപയാണ് ഇന്ത്യ സമ്പാദിച്ചിട്ടുള്ളത്. 1999 - 2022 ഇടയിൽ വാണിജ്യാടിസ്ഥാനത്തിൽ 34 രാജ്യങ്ങളുടെ 381 ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചിട്ടുണ്ട്. 2021നും 2023നുമിടയിൽ നാലു രാജ്യങ്ങളുടെ വിദേശ ഉപഗ്രഹ വിക്ഷേപണത്തിനായി ആറു കരാറുകളിൽ നമ്മുടെ രാജ്യം ഒപ്പുവച്ചിട്ടുണ്ട്. ഇതിൽനിന്ന് ഏകദേശം 1165 കോടി രൂപ വരുമാനമുണ്ടാവും. ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തിന് 79375 കോടി രൂപയുടെ മൂല്യമുണ്ട്.
അഥവാ ഈ മേഖലയിലേക്ക് രണ്ടുമുതൽ മൂന്നു ശതമാനംവരെ സംഭാവന ഇന്ത്യയിൽ നിന്നുള്ളതാണ്. 2025ഓടെ ഇത് 107,487 കോടി രൂപയുടെ മൂല്യത്തിലേക്ക് ഉയരുമെന്നും 2030 ആവുമ്പോഴേക്കും ഈ മേഖലയുടെ പത്ത് ശതമാനത്തോളം ഇന്ത്യയുടേതാക്കണമെന്നുമാണ് ലക്ഷ്യം. 400ഓളം വ്യവസായ സ്ഥാപനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. വമ്പൻ വ്യവസായ സ്ഥാപനങ്ങൾ മുതൽ ഇടത്തരം, ചെറു വ്യവസായ സ്ഥാപനങ്ങളും ഇസ്രോയുടെ നേതൃത്വത്തിൽ ബഹിരാകാശ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. രാജ്യത്തെ നവ സംരംഭങ്ങളും ഈ മേഖലയിൽ വലിയ ശ്രദ്ധ പുലർത്തുന്നുണ്ട് എന്നത് ആശാവഹമാണ്.
2012ൽ ബഹിരാകാശ മേഖലയിൽ ഇന്ത്യയുടേതായി ഒരു സംരംഭമാണ് ഉണ്ടായിരുന്നതെങ്കിൽ 2022 ആയപ്പോഴേക്കും ഇത് 101 എണ്ണമായി ഉയർന്നിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾ 2021ൽ 555 കോടി രൂപയാണ് സ്വീകരിച്ചിരുന്നതെങ്കിൽ 2022ൽ അത് 892 കോടിയായി ഉയർന്നു. ഇന്ത്യയുടെ ബഹിരാകാശാനുബന്ധ സാങ്കേതിക മേഖലയെ അത്യന്തം ആദായകര മേഖലയായാണ് വെഞ്ച്വർ കാപ്പിറ്റലിസ്റ്റുകൾ നോക്കിക്കാണുന്നത്. 2022ലെ മികച്ച നേട്ടങ്ങളും ഇതോടനുബന്ധിച്ച് വിപണിയിലുണ്ടായ അനുകൂല മാറ്റങ്ങളും ഇതിന് ഉദാഹരണമാണ്. 2023ലെ ഇന്ത്യൻ ബഹിരാകാശ നയത്തോടെ ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കാം.
ജനങ്ങൾക്കെന്ത്?
വാർത്താവിനിമയം, കാലാവസ്ഥാ നിരീക്ഷണം, ജി.പി.എസ്, ജലസ്രോതസുകളും ധാതുസ്രോതസുകളും കണ്ടെത്തൽ എന്നീ തലങ്ങളിൽ വലിയ സൗകര്യങ്ങളാണ് ബഹിരാകാശ പദ്ധതികളിലൂടെ ലഭ്യമാവുന്നത്. ബഹിരാകാശ സാങ്കേതിക വിദ്യയിൽ ഇന്ത്യ കൈവരിച്ച നേട്ടം ആരോഗ്യം, വിദ്യാഭ്യാസം, ആശവിനിമയം, വാർത്താവിനിമയം, ദുരന്തനിവാരണം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ബഹിരാകാശ ഗവേഷണങ്ങളുടെ ഉപോൽപ്പന്നമെന്നോണം വികസിപ്പിച്ചെടുത്ത പല കണ്ടുപിടിത്തങ്ങളും- കൃത്രിമാവയവം, കൃത്രിമ താടിയെല്ല്, വെന്റിലേറ്ററുകൾ, ലെഫ്റ്റ് വെൻട്രിക്കുലർ അസിസ്റ്റ് ഡിവൈസ് എന്നിവ- കുറഞ്ഞ ചെലവിൽ ജനങ്ങളിലേക്കെത്തിക്കാൻ സഹായിച്ചിട്ടുണ്ട്. ബഹിരാകാശ പേടകങ്ങളിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്ത റോബോട്ടിക് ടെക്നോളജി ഉപയോഗിച്ച് സ്മാർട്ട് കൃത്രിമാവയവങ്ങൾ വികസിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
പൊള്ളലേൽക്കാതിരിക്കുന്നതിനുള്ള ആവരണങ്ങൾ, എയറോജെൽ എന്ന പേരിൽ തണുപ്പ് പ്രതിരോധിക്കാനുള്ള വസ്ത്രം എന്നിവ ഇതിലുൾപ്പെടുന്ന മറ്റു കണ്ടുപിടിത്തങ്ങളാണ്. ദുരന്തനിവാരണതലത്തിൽ അപായ മണികളും സെർച്ച് ആന്റ് റെസ്ക്യൂ ബീക്കണുകളും വ്യാപകമായതും ഇസ്രോ വികസിപ്പിച്ച സാങ്കേതികവിദ്യകളെ ആശ്രയിച്ചാണ്. ഹൃദയത്തിന്റെ പ്രവർത്തനത്തിനാവശ്യമായ കൃത്രിമ പമ്പായ ലോ കോസ്റ്റ് ലെഫ്റ്റ് വെൻട്രിക്കുലർ അസിസ്റ്റ് ഡിവൈസും ഇന്നു ആരോഗ്യമേഖലയിൽ വ്യാപകമാണ്. രോഗിയുടെ നെഞ്ചിൽ ഘടിപ്പിച്ചുകൊണ്ട് ശരീരമാകമാനം രക്തം പമ്പു ചെയ്യാൻ രോഗബാധിതമായ ഹൃദയത്തെ സഹായിക്കുകയാണ് ഈ ഉപകരണം ചെയ്യുക. ഹൃദയം മാറ്റിവയ്ക്കാതെ ഹൃദയത്തിന്റെ പ്രവർത്തനം ചെയ്യാൻ സഹായിക്കുന്ന ഉപകരണമാണിത്.
ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്കുശേഷം ശരീരത്തിനും ഹൃദയത്തിനും വിശ്രമം ആവശ്യമായ സാഹചര്യത്തിൽ ഹൃദയത്തിന്റെ ധർമം നിർവഹിക്കാൻ ഈ ഉപകരണം സഹായിക്കുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയക്കൊരുങ്ങുന്നവർക്കും ഈ ഉപകരണം ഏറെ സഹായകമാണ്. റോക്കറ്റുകളിൽ ഉപയോഗിക്കുന്ന പ്രത്യേകതരം ടൈറ്റാനിയവും സാങ്കേതിക വിദ്യയുമാണ് ഈ ഉപകരണത്തിൽ ഉപയോഗിക്കുന്നത്.
2002ലാണ് ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭത്തിന് റോക്കറ്റ് നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തു ഇസ്രോ സൗജന്യമായി നൽകുന്നത്. കൃത്രിമ കാൽപാദങ്ങൾ നിർമിക്കുന്നതിനു വേണ്ടിയായിരുന്നു ഇത് ഉപയോഗപ്പെടുത്തിയത്.
പാരമ്പര്യമായുള്ള കൃത്രിമ ജയ്പൂർ കാൽപാദങ്ങളെക്കാൾ മേന്മയുള്ളതാണ് ഈ കമ്പനി നിർമിക്കുന്നത്. ഭാരം കുറഞ്ഞതും ഏറെക്കാലം നീണ്ടുനിൽക്കുന്നതുമാണ് ഇവ. കഴിഞ്ഞ സെപ്റ്റംബറിൽ നിർമിതബുദ്ധിയധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന തരത്തിലുള്ള കൃത്രിമ കാൽ വികസിപ്പിച്ചതായും നിലവിൽ വിപണിയിൽ ലഭ്യമായതിനേക്കാൾ പത്തു മടങ്ങ് വിലക്കുറവുള്ളതാണ് പുതുതായി വികസിപ്പിച്ച കൃത്രിമകാലെന്നും ഇസ്രോ പ്രഖ്യാപിച്ചിരുന്നു. കാൽമുട്ടിനു മുകളിൽ അപകടം സംഭവിച്ചവർക്കു വേണ്ടിയാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്. കൂടാതെ, ഗ്യാസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന വെന്റിലേറ്ററും ഇസ്രോ വികസിപ്പിച്ചിട്ടുണ്ട്.
അത്യാഹിത ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്നതും വാഹനങ്ങൾക്കകത്ത് ഘടിപ്പിക്കാൻ പാകത്തിലുള്ളവയുമാണ് സ്വസ്ത എന്ന പേരിലുള്ള ഈ വെന്റിലേറ്റർ. അക്രാമിഡ് എന്ന പേരിൽ വികസിപ്പിച്ചെടുത്ത പ്രത്യേകതരം പ്ലാസ്റ്റിക് വിക്ഷേപണ വാഹനങ്ങളിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ പല്ലു മാറ്റിവയ്ക്കൽ പ്രക്രിയയ്ക്കും മറ്റും ഫലപ്രദമായ രീതിയിൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്നതാണിത്. ഇസ്രോയുടെ ഉൽപ്പന്നങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നതാണ് അഗ്നിശമന പൊടിയായ ഓൽഫെക്സ്. ഇവർ തന്നെ വികസിപ്പിച്ച ഹൈഡ്രോഫോബിക് സിലിക്ക എയറോജെൽ കോൺക്രീറ്റ്, സിമന്റ്, പെയിന്റ്, പശകൾ, റബർ, ശീതവസ്ത്രങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
ചന്ദ്രയാൻ മൂന്നും ആദിത്യ എൽ1ഉം ഇവയുടെ വിജയകരമായ ദൗത്യവും വിവിധ മേഖലകളിലെ ഇന്ത്യയുടെ പുരോഗതിയെയാണ് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ദേശീയവും സാമ്പത്തികവുമായ അഭിമാനത്തെ വാനോളം ഉയർത്തുന്നതോടൊപ്പം ആഗോളതലത്തിൽ തന്നെ സാങ്കേതികരംഗത്തെ വൻകിട ശക്തിയായി മാറുന്നതിലേക്കും വഴിവെക്കുകയാണ് ഈ ദൗത്യങ്ങൾ. ഇത് പുത്തൻ പര്യവേക്ഷണങ്ങളിലേക്കും കണ്ടുപിടിത്തങ്ങളിലേക്കും നയിക്കുന്നതോടൊപ്പം വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ പുതുപാതകൾ തുറക്കുകയും വരുംതലമുറക്ക് വലിയൊരു പ്രേരണയാവുകയും ചെയ്യും. കൂടാതെ, ബഹിരാകാശ ഉപോൽപ്പന്നങ്ങളുടെ വികസനവും വിപണനവും മറ്റു പല രാജ്യങ്ങളിലെ വ്യവസായങ്ങളുമായി കൈകോർക്കുന്നതിനും സഹായകമാവും.
Content Highlights:explanation about chandrayaan and adithya
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."