മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് 1.89 ലക്ഷം മോഷണം; നൂറിലേറെ കേസുകളിലെ പ്രതി പിടിയിൽ ചാവക്കാട് • മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് 1.89 ലക്ഷം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ.
കൊല്ലം കൊട്ടാരക്കര കോട്ടത്തല രാജേഷ് എന്ന കരിക്കത്ത് പുത്തൻ വീട്ടിൽ അഭിലാഷാണ് (40) ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ മോഷ്ടാവായ ഇയാൾ നൂറിലധികം മോഷണ കേസിലെ പ്രതിയും 10 വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തയാളാണെന്ന് പൊലിസ് പറഞ്ഞു.
ചാവക്കാട് ആശുപത്രി റോഡിനു സമീപത്തെ വി.കെയർ മെഡിക്കൽ ഷോപ്പ് ഷട്ടറിന്റെ പൂട്ട് കുത്തിപൊളിച്ച് അകത്ത് കയറിയ പ്രതി 1.89 ലക്ഷമാണ് കവർന്നത്. കഴിഞ്ഞ ഓഗസ്റ്റ് 29 ന് പുലർച്ചെയായിരുന്നു സംഭവം.
മോഷണ സമയത്ത് മുഖം മറക്കുന്ന രീതിയിൽ മങ്കി ക്യാപ്പ്, മാസ്ക് എന്നിവയും വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസും, ആളെ തിരിച്ചറിയാതിരിക്കാൻ കോട്ടും ധരിച്ചിരുന്നതായി സി.സി.ടി.വിയിൽ പൊലിസ് കണ്ടെത്തിയിരുന്നു. ഈ ദൃശ്യങ്ങൾ സമീപ ജില്ലകളിലെ അന്വേഷണ സംഘങ്ങൾക്ക് അയച്ചുകൊടുത്തതോടെയാണ് കോട്ടത്തല രാജേഷാണ് കവർച്ചക്ക് പിന്നിലെന്ന് ഉറപ്പായത്.
ഇയാളെകുറിച്ച് അന്വേഷണം നടത്തുന്നതിനിടയിൽ എറണാകുളം നോർത്ത് മേൽപാലത്തിന് സമീപമുള്ള ലോഡ്ജിലാണ് താമസമെന്ന് മനസിലാക്കി. ഞായറാഴ്ച്ച ഉച്ചയോടെ ഈ ലോഡ്ജിൽ നിന്ന് അതിസാഹസികമായാണ് പൊലിസ് സംഘം പ്രതിയെ കീഴ്പ്പെടുത്തിയത്. മോഷ്ടിച്ച തുക ഗോവ, മഹാരാഷ്ട്ര, കർണ്ണാടക തുടങ്ങിയ സ്ഥലങ്ങളിൽ ആഡംബര ജീവിതത്തിനായി ചിലവഴിക്കുന്നതാണ് പ്രതിയുടെ രീതി. ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ വേണുഗോപാൽ, എസ്.ഐമാരായ വിജിത്ത്, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."