കലഹമൊഴിയാതെ കേരള കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍
കോട്ടയം: കേരള കോണ്‍ഗ്രസില്‍ കലഹം രൂക്ഷം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനച്ചങ്ങില്‍നിന്ന് ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും വിട്ടുനിന്നു.
പാര്‍ട്ടി ഭാരവാഹിത്വത്തെച്ചൊല്ലിയുള്ള കലഹത്തിനിടെയാണ് സംസ്ഥാന കമ്മിറ്റി ഓഫിസ് തുറന്നത്. ഫ്രാന്‍സിസ് ജോര്‍ജിനു പുറമെ ജോണി നെല്ലൂരും തോമസ് ഉണ്ണിയാടനുമാണ് ഉദ്ഘാടനച്ചടങ്ങില്‍നിന്ന് വിട്ടുനിന്നത്. പാര്‍ട്ടിയിലെ സ്ഥാനത്തെച്ചൊല്ലി മൂവര്‍സംഘം ചെയര്‍മാന്‍ പി.ജെ ജോസഫുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ഫ്രാന്‍സിസ് ജോര്‍ജടക്കം മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി എക്‌സിക്യൂട്ടീവ് ചെയര്‍മാനായി മോന്‍സ് ജോസഫിനെയും സെക്രട്ടറി ജനറലായി ജോയി എബ്രഹാമിനെയും നിയമിച്ചതോടെയാണ് കലഹം രൂക്ഷമായത്.
സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന ഉറപ്പില്‍ വിമതനീക്കത്തിനു തടയിടാന്‍ ജോസഫ് ശ്രമിച്ചെങ്കിലും ഭിന്നത മാറിയില്ലെന്നതാണ് നേതാക്കളുടെ വിട്ടുനില്‍ക്കലിലൂടെ പുറത്തായത്. 80ലേറെ ജനറല്‍ സെക്രട്ടറിമാരടക്കം ജംബോ കമ്മിറ്റിയെ നിയമിച്ചതിലുള്ള നേതാക്കളുടെ അതൃപ്തിയും മാറിയിട്ടില്ല. അനാരോഗ്യമാണ് ഓഫിസ് ഉദ്ഘാടനത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമായി ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞത്.
സംസ്ഥാന കമ്മിറ്റി ഓഫിസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പി.സി തോമസ്, മോന്‍സ് ജോസഫ്, ജോയി എബ്രഹാം, ജോസഫ് എം. പുതുശ്ശേരി, സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."