ഐഎസ്ആർഒയുമായി കരാർ ഒപ്പുവെക്കാൻ സഊദി മന്ത്രിസഭാ തീരുമാനം
റിയാദ്: ലോകത്തിന്റെ മുന്നിൽ ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ ഇന്ത്യയിലെ സ്‌പേസ് ഏജൻസിയായ ഇന്ത്യൻ സ്‌പേസ് റിസേർച്ച് ഓർഗനൈസേഷനുമായി പരസ്പര സഹകരണത്തിന് ധാരണാപത്രം ഒപ്പുവെക്കാനൊരുങ്ങി സഊദി അറേബ്യ. ബുധനാഴ്ച നിയോം സിറ്റിയിൽ ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഇതിന് അനുമതി നൽകി.
ചാന്ദ്രയാൻ ദൗത്യത്തിലൂടെ ലോകത്തിനു മുന്നിൽ ശ്രദ്ധേയമായ നേട്ടം കാഴ്ചവെച്ചതോടെ ഐ എസ് ആർ ഒ ശ്രദ്ധേയ കേന്ദ്രമായി മാറിയിരുന്നു. ഇതിന്റെ പിറകിലാണ് ഇന്ത്യയുമായി കരാർ ഒപ്പ് വെക്കാൻ ഒരുങ്ങി സഊദി അറേബ്യ, ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള സുപ്രധാന തീരുമാനമെടുത്തത്. ഇതിനായി ഇന്ത്യൻ സ്‌പേസ് സെന്ററുമായി ഒപ്പ് വെക്കാൻ പ്രത്യേക ചുമതലകളും മന്ത്രിസഭ നൽകിയിട്ടുണ്ട്.
സമാധാനപരമായ ആവശ്യങ്ങൾക്ക് ബഹിരാകാശ മേഖലയിൽ പരസ്പര സഹകരണത്തിന് ഇന്ത്യൻ സ്‌പേസ് റിസേർച്ച് ഓർഗനൈസേഷനുമായി ചർച്ചകൾ നടത്തി ധാരണാപത്രം ഒപ്പുവെക്കാൻ സഊദി കമ്മ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രിയും സഊദി സ്‌പേസ് കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ അബ്ദുല്ല അൽസവാഹയെ മന്ത്രിസഭ ചുമതലപ്പെടുത്തി. കൂടാതെ, അക്കൗണ്ടിംഗ്, റെഗുലേറ്ററി, പ്രൊഫഷനൽ വർക്ക് മേഖലയിൽ പരസ്പര സഹകരണത്തിന് കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയും സഊദിയിലെ ജനറൽ കോർട്ട് ഓഫ് ഓഡിറ്റും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കാൻ ജനറൽ കോർട്ട് ഓഫ് ഓഡിറ്റ് പ്രസിഡന്റിനെയും മന്ത്രിസഭാ യോഗം നിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."