കൊക്കയിലേക്ക് മറിഞ്ഞ കാര്‍ പാറക്കെട്ടില്‍ തങ്ങി; ഉടുതുണി അഴിച്ച് വടമാക്കി സാഹസികമായി രക്ഷിച്ച് മലപ്പുറത്തെ യുവാക്കള്‍
മലപ്പുറം: ഇടുക്കിയില്‍ കൊക്കയിലേക്ക് മറിഞ്ഞ കാര്‍ പാറക്കെട്ടില്‍ തങ്ങിയതോടെ ഉടുതുണി അഴിച്ച് വടമാക്കി സാഹസികമായി രക്ഷിച്ച് മലപ്പുറത്തെ ഒരുപറ്റം യുവാക്കള്‍. മലപ്പുറം കൂട്ടിലങ്ങാടിയിലെ സുഹൃത്തുക്കളായ 14 പേരടങ്ങുന്ന സംഘം ഇടുക്കിയില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരവെയാണ് സംഭവം. തൊടുപുഴ റൂട്ടില്‍ ഇടുക്കി ഡാമിനും കുളമാവ് ഡാമിനുമിടയില്‍ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ ഇവരുടെ വാഹനം കൈ കാണിച്ചാണ് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ വിവരം അറിയിച്ചത്. അതു വഴി കടന്ന് പോയ പല വാഹനങ്ങളെയും വിവരം അറിയിച്ചെങ്കിലും ആരും നിര്‍ത്തിയില്ലെന്നും ഓട്ടോ ഡ്രൈവര്‍ ഇവരെ അറിയിച്ചു.
സംഘം വാന്‍ നിര്‍ത്തി നോക്കിയപ്പോള്‍ ഇരുവശവും പേടിപ്പെടുത്തുന്ന കൊക്ക. ഇവിടെ 20 അടി താഴ്ചയില്‍ പാറയില്‍ തങ്ങി നില്‍ക്കുകയാണ് ഒരു കുടുംബം സഞ്ചരിച്ച കാര്‍. പൊലീസിനെയും ഫയര്‍ സര്‍വീസിനെയോ വിവരം അറിയിക്കാന്‍ മൊബൈല്‍ ഫോണില്‍ റൈഞ്ചുമില്ലാതായതോടെയാണ് മലപ്പുറത്തെ യുവാക്കള്‍ സ്വയം മാലാഖമാരായി അവതരിച്ചത്.
ഇതോടെ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ യുവാക്കള്‍ തീരുമാനിച്ചു. സംഘത്തിലെ മൂന്ന് പേരുടെ ഉടുതുണി അഴിച്ച് കൂട്ടിക്കെട്ടി വടമാക്കി. സംഘത്തിലെ യൂനുസും ഹാരിസും സാഹസികമായി താഴെ ഇറങ്ങി മറ്റുള്ളവരുടെ സഹായത്തോടെ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി റോഡിലേക്ക് കയറ്റുകയായിരുന്നു. രണ്ട് പുരുഷനും ഒരു സ്ത്രീയുമടങ്ങുന്ന കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെ മറ്റൊരു വാഹനത്തില്‍ ഇടുക്കി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് അല്‍പ്പം കൂടി മുന്നോട്ട് നീങ്ങി കുളമാവ് ഡാമിന്റെ സുരക്ഷാ ജോലിക്കാരനോട് വിവരം പറഞ്ഞ് ഫോണ്‍ നമ്പറും നല്‍കിയാണ് സംഘം യാത്ര തുടര്‍ന്നത്. സുരക്ഷാ ജോലിക്കാരാണ് പിന്നീട് വിവരം പൊലീസിനെ അറിയിച്ചത്.
കാറിലുണ്ടായിരുന്നവരുടെ വിലാസമോ മറ്റോ ഒന്നും ശേഖരിച്ചിരുന്നില്ലെന്നും നാട്ടിലെത്തിയ ശേഷം പരിക്കേറ്റവര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നതായി പോലീസില്‍ നിന്ന് വിളിച്ച് അറിയിച്ചതായും സംഘത്തിലെ യൂനുസ് പറഞ്ഞു. കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശികളായ വി.യൂനുസ്, ടി.ഹാരിസ്, കെ.മുസ്തഫ, സി.എച്ച് ഇബ്രാഹീം, യു.ഹസ്സന്‍, ടി.ഷബീബ്, പി.കെ അഷ്‌റഫ്, എം.അയ്യൂബ്, കെ.ഷാജിമോന്‍, എ.മുജീബ്, എം.അനീസ്, പി.അബ്ദുല്‍കരീം. പി.അന്‍വര്‍, സി.എച്ച് റഷീദ് എന്നിവരാണ് വിനോദയാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."