സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി
എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീധന നിരോധന ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍മാരെ നിശ്ചയിച്ച് വനിതാ ശിശുവികസന വകുപ്പ് ഉത്തരവിറക്കി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫിസുകളില്‍ മാത്രമുണ്ടായിരുന്ന ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍ തസ്തികയാണ് ഇപ്പോള്‍ 14 ജില്ലകളിലും വ്യാപിപ്പിച്ചത്. വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫിസര്‍മാരെയാണ് ജില്ലാ ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍മാരാക്കി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്. വനിതാ ശിശുവികസന വകുപ്പ് ഡയരക്ടറെ ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫിസറായും നിയമിച്ചു.
സ്ത്രീധനത്തിനെതിരേ ശക്തമായ നടപടികളെടുക്കുന്നതിന്റെ ഭാഗമായാണ് വകുപ്പ് ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍മാരെ നിയമിച്ചത്. ജില്ലാതലത്തിലെ പ്രൊഹിബിഷന്‍ ഓഫിസര്‍മാരുടെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളില്‍ സ്ത്രീകളെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളുടെ താല്‍പര്യപത്രവും ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ജില്ലാതല അഡൈ്വസറി ബോര്‍ഡ് രൂപീകരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."