ഡി.സി.സി പുനഃസംഘടനയില്‍ തലമുറമാറ്റത്തിന് സാധ്യതയില്ല
പരിഗണിക്കുന്നതെല്ലാം പഴയ നേതാക്കളെ
തിരുവനന്തപുരം: ഡി.സി.സികളുടെ പുനഃസംഘടനയില്‍ തലമുറമാറ്റം ഉണ്ടാവാനിടയില്ലെന്നു സൂചന. ഡി.സി.സി പ്രസിഡന്റുമാരായി പരിഗണിക്കുന്നവരില്‍ ഭൂരിഭാഗവും പഴയ നേതാക്കളും 70 വയസ് കഴിഞ്ഞവരുമാണെന്ന് അറിയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും മാറ്റിയെങ്കിലും ഗ്രൂപ്പുകളും മുതിര്‍ന്ന നേതാക്കളും ഒരുമിച്ചുനിന്നതോടെ ഡി.സി.സി പ്രസിഡന്റുമാരുടെ കാര്യത്തില്‍ തലമുറമാറ്റം അസാധ്യമെന്നതിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. പഴയ നേതാക്കളെ ഒഴിച്ചുനിര്‍ത്തി കോണ്‍ഗ്രസിനു മുന്നോട്ടുപോകാനാവില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം.
തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ എം.എല്‍.എമാരായ പാലോട് രവി, വി.എസ് ശിവകുമാര്‍, കെ. മോഹന്‍കുമാര്‍ എന്നിവരുള്‍പ്പെടെ ആറുപേര്‍ പട്ടികയിലുണ്ട്.
കൊല്ലത്ത് മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്. 14 ജില്ലകളിലെയും ഡി.സി.സി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടിക തയാറാക്കിയ ശേഷം എ, ഐ ഗ്രൂപ്പുകള്‍ക്ക് കൈമാറാനും അവര്‍ പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ നിര്‍ദേശിക്കുന്ന പേരുകള്‍ സ്വീകരിക്കാനുമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ധാരണ. ഡി.സി.സി പ്രസിഡന്റുമാര്‍ക്കുള്ള സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതില്‍ 45ല്‍ താഴെ പ്രായമുള്ള ആറോളം പേര്‍ മാത്രമാണുള്ളതെന്നും അറിയുന്നു.
അടുത്തയാഴ്ചയോടെ സാധ്യതാ പട്ടിക പൂര്‍ത്തിയാക്കി ഡി.സി.സി പ്രസിഡന്റ് ആരാകണമെന്നതിലേക്ക് ചര്‍ച്ചകള്‍ നീങ്ങും. ഇതില്‍ മുതിര്‍ന്ന നേതാക്കളും ഭാരവാഹികളും ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം നിര്‍ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."