മുങ്ങിക്കപ്പല്‍ രഹസ്യം; ചോര്‍ന്നതല്ല, മോഷ്ടിച്ചതെന്ന് ഫ്രാന്‍സ്
ന്യൂഡല്‍ഹി: നിര്‍മാണത്തിലുള്ള ഇന്ത്യയുടെ മുങ്ങിക്കപ്പലിനെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങള്‍ ചോര്‍ന്നതല്ലെന്നും മോഷ്ടിച്ചതാണെന്നും ഫ്രാന്‍സ്. കമ്പനിയിലെ ജീവനക്കാരനായ ഫ്രഞ്ച് പൗരനാണ് ഇതിനു പിന്നിലെന്നും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഫ്രഞ്ച് ഔദ്യോഗിക വൃത്തം വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നാവികസേനയുടെ സ്കോര്‍പീന്‍ മുങ്ങിക്കപ്പലിനെ കുറിച്ചുള്ള രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2011ന് മുന്‍പുള്ള വിവരങ്ങളാണ് ചോര്‍ന്നതെന്നും നാവികസേന പ്രതിരോധ മന്ത്രാലയത്തിന് നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. മുങ്ങിക്കപ്പലിനെ കുറിച്ചുള്ള കരട് റിപ്പോര്‍ട്ട് മാത്രമാണ് ചോര്‍ന്നത്. ഇപ്പോള്‍ ചോര്‍ന്ന റിപ്പോര്‍ട്ടില്‍ ചിലിയിലെയും മലേഷ്യയിലെയും സ്കോര്‍പീന്‍ ശൃംഖലയില്‍പ്പെട്ട മുങ്ങിക്കപ്പലുകളുടെ വിവരങ്ങളാണുള്ളത്. ഇത് അഞ്ചുവര്‍ഷം മുന്‍പുള്ള വിവരങ്ങള്‍ മാത്രമാണെന്നും മുങ്ങിക്കപ്പല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഫ്രഞ്ച് പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള മഗ്ഡാവ് കപ്പല്‍ശാലയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ റിയര്‍ അഡിമിറല്‍ ആര്.കെ ശ്രാവന്ത് അറിയിച്ചു.
ഫ്രാന്‍സുമായി ചേര്‍ന്ന് ഇന്ത്യ നിര്‍മിക്കുന്ന ആറ് മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തനങ്ങളും നിര്‍മാണരീതിയും വിശദീകരിക്കുന്ന 22,400ല്‍പരം പേജുകള്‍ ചോര്‍ന്നതായി കഴിഞ്ഞദിവസം ഓസ്ട്രേലിയന്‍ പത്രമാണ് റിപ്പോര്‍ട്ട്് ചെയ്തത്. സ്കോര്‍പീന്‍ ശ്രേണിയില്‍പ്പെട്ട മുങ്ങിക്കപ്പലുകളുടെ പരീക്ഷണഓട്ടം കഴിഞ്ഞവര്‍ഷം നടന്നിരുന്നു. ഇതിനു പിന്നാലെ സ്കോര്‍പീന്‍ മുങ്ങിക്കപ്പലുകള്‍ നാവികസേനയ്ക്ക് കൈമാറാനിരിക്കെയാണ് രഹസ്യവിവരങ്ങള്‍ ചോര്‍ന്നത്. ഡി.സി.എന്‍.എസിന്റെ കരാറുകാരിലൊരാളും മുന്‍ ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥനുമായ വ്യക്തിയാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."