പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്; 250ൽ അധികം പേർ കസ്റ്റഡിയിൽ ജാമിഅ നഗറിൽ നിരോധനാജ്ഞ
സ്വന്തം ലേഖകർ
ന്യൂഡൽഹി/പാലക്കാട്/മാനന്തവാടി/അമ്പലപ്പുഴ • മുതിർന്ന നേതാക്കളുടെ അറസ്റ്റിനു പിന്നാലെ രാജ്യത്തെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്. ഡൽഹി, മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, അസം, തെലങ്കാന, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിനു പിന്നാലെ 250 ൽ അധികം പേരെ കസ്റ്റഡിയിലെടുത്തു.ചിലരുടെ അറസ്റ്റും രേഖപ്പെടുത്തി.
സംസ്ഥാന പൊലിസുമായി ചേർന്നാണ് വിവിധ ഏജൻസികൾ റെയ്ഡ് നടത്തിയത്.ഡൽഹിയിൽ ഷഹീൻ ബാഗ്, നിസാമുദ്ദീൻ, ജാമിഅ നഗർ, രോഹിണി തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ജാമിഅ നഗറിൽ നവംബർ 11 വരെ പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഷഹീൻ ബാഗിൽ അർധസൈനിക വിഭാഗം നിലയുറപ്പിച്ചിട്ടുണ്ട്.
വയനാട് മാനന്തവാടിയിൽ പോപുലർ ഫ്രണ്ട് പ്രാദേശിക നേതാവിന്റെ കടയിൽനിന്നു വടിവാളുകൾ പിടികൂടി. എരുമത്തെരുവിലെ എസ് ആൻഡ് എസ് ടയർ വർക്‌സ് എന്ന കടയിൽനിന്നാണ് വടിവാളുകൾ കണ്ടെടുത്തത്. കടയിലെ ജീവനക്കാരൻ ഷാഹുൽ (19)നെ പൊലിസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ അമ്പലപ്പുഴയിൽ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തി. പുറക്കാട് മേലേടം വീട്ടിൽ സുനീർ, അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തംഗം കാക്കാഴം പുതുവൽ നജീബ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. പാലക്കാട്ട് പോപുലർ ഫ്രണ്ട് ഓഫിസുകളിലും പ്രവർത്തകരുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് പൊലിസ് പരിശോധന നടത്തിയത്.
കണ്ണൂർ സൗത്ത് ജില്ലാ
പ്രസിഡന്റ് അറസ്റ്റിൽ
കണ്ണൂർ: ഹർത്താൽ അക്രമത്തിൽ പോപുലർ ഫ്രണ്ട് കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് സി.പി നൗഫൽ അറസ്റ്റിൽ. അക്രമത്തിനു പ്രേരണ നൽകിയതിനാണ് അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."