ചൂരക്കിളികളുടെ പരിണാമം
ഡോ. അജയ് നാരായണന്‍
ഉല്‍പത്തി
ആദിയില്‍ വചനം ഉണ്ടായി
വചനം രൂപമായി
ആ രൂപം ചൂരയായി!
ഒരുനാള്‍
അവയെല്ലാം
ചൂരക്കിളികളായി പരിണമിച്ചു
എങ്ങനെയെന്നറിയണ്ടേ?
അറിയൂ ചില അവസ്ഥകള്‍
സിദ്ധാന്തങ്ങള്‍!
സിദ്ധാന്തം 1- തമസ്‌കരണം
ചൂരകള്‍
നിലയില്ലാക്കടലില്‍
മലര്‍ന്നുപൊങ്ങുന്നു
ചെകിളകളടരുന്നു
ചിറകുകള്‍ മുറിയുന്നു!
പിടഞ്ഞുനീറും മുന്‍പേ
വായുവിലലിഞ്ഞുതീരും മുന്‍പേ
പരിണാമത്തിന്‍ പ്രാര്‍ഥന ചൊല്ലി
പറന്നുപോകും മുന്‍പേ
മുള്ളുകള്‍ പൂഴിയില്‍ നിറയുന്നു
മജ്ജകള്‍ അഴുകിപ്പടരുന്നു!
സിദ്ധാന്തം 2- പ്രകൃതി നിര്‍ദ്ധാരണം
നോക്കൂ
സുഗന്ധധൂമം
വായുവിലലയായ്
നിറഞ്ഞു തൂവുമ്പോള്‍
കേള്‍ക്കാം ദൂരേ
വീണയിലാരോ
മീട്ടും മോഹനസംഗീതം
കാറ്റില്‍ കടലില്‍
പ്രപഞ്ചമാകെയും
കിസ്സകളൊഴുകുന്നൂ!
പ്രകൃതി തയ്യാറായിക്കഴിഞ്ഞു!
ദ്രവിച്ച ചൂരകളലിയും മുന്‍പേ
പൂഴികള്‍ നനയും മുന്‍പേ
അവയുടെ ഗര്‍ഭം ചിതറുന്നു
ചെറുചൂരകള്‍
മണ്ണില്‍ നുളയുന്നു
ചെറുചെകിളപ്പൂവുകള്‍
മുളച്ചുപൊങ്ങുന്നു
അവ കണ്ണുപിളര്‍ത്തി
ചുറ്റും ചികഞ്ഞു നോക്കുന്നു
പവിഴമില്ലാ
പൂഴിമണ്ണില്ല ദ്വീപില്ല
പൊക്കിള്‍ക്കൊടിയില്ല
ദൈവമില്ല
ഇനി രൂപാന്തരം!
സിദ്ധാന്തം 3- അതിജീവനം
കുഞ്ഞിച്ചിറകുകള്‍
മുള പൊട്ടുന്നു
പഞ്ഞിത്തൂവല്‍ വിരിയുന്നു
മിന്നുംകണ്ണുകള്‍ പൂക്കുന്നു
മണിമുത്തുകള്‍ ചിപ്പിയില്‍
കൂമ്പുന്നു
നോക്കൂ
ആഴക്കടലില്‍നിന്നു
ജലകന്യക നേടിയെടുത്ത
പവിഴങ്ങള്‍കൊണ്ടൊരു
നാട്
കാണാതെപോയൊരു നാട്
ഇപ്പോള്‍
പറന്നു നടക്കുന്നില്ലേ
പുതിയ ആകാശം
പുതിയ സ്വാതന്ത്ര്യം
പുതിയ പരിണാമം!
സിദ്ധാന്തം 4- സമാധാനം
ഹാ! കണ്ടില്ലേ!
നീലാകാശമിപ്പോള്‍
നീല ലഗൂണായി മാറി
വെണ്‍മേഘങ്ങള്‍
വെളുത്ത കോറലുകളായി
നക്ഷത്രക്കുഞ്ഞുങ്ങള്‍
പവിഴമൊട്ടുകളായി വേഷംമാറി
ആകാശഗംഗ ചുരന്നു
പ്രളയം പ്രണയം പ്രണവം
ചൂരകള്‍ക്കിപ്പോള്‍
നീന്തിത്തുടിക്കാം
അല്ല, പറക്കാം!
അവരിനി
ചൂരക്കിളികളായറിയപ്പെടും!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."