മാര്‍ക്ക് കുറച്ചുമതി ഡോക്ടറാകാന്‍! എം.ബി.ബി.എസ് വിജയമാര്‍ക്കില്‍ ഇളവ് വരുത്തി ദേശീയ മെഡിക്കല്‍ കമ്മിഷന്‍; ഗുണനിലവാരത്തില്‍ ആശങ്ക
മാര്‍ക്ക് കുറച്ചുമതി ഡോക്ടറാകാന്‍! എം.ബി.ബി.എസ് വിജയമാര്‍ക്കില്‍ ഇളവ് വരുത്തി ദേശീയ മെഡിക്കല്‍ കമ്മിഷന്‍; ഗുണനിലവാരത്തില്‍ ആശങ്ക
തിരുവനന്തപുരം• ഡോക്ടറാകാന്‍ ഇനി കുത്തിയിരുന്നു പഠിക്കണ്ട. എം.ബി.ബി.എസ് പരീക്ഷയുടെ വിജയ മാര്‍ക്കില്‍ ഇളവ് വരുത്തിയും പരീക്ഷയ്ക്ക് യോഗ്യത നേടുന്നത് എളുപ്പമാക്കിയും ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍.എം.സി). കഴിഞ്ഞ ഒന്നിന് ഇറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളുള്ള ഒരു വിഷയത്തില്‍ വിജയിക്കുന്നതിനുള്ള മൊത്തം സ്‌കോര്‍ 50ശതമാനം ആയി തുടരുമെങ്കിലും, വ്യക്തിഗത വിഷയങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അത്തരം വിഷയങ്ങളുടെ കുറഞ്ഞ ശതമാനം 50ല്‍ നിന്ന് 40 ശതമാനമായി കുറച്ചു.
രണ്ട് പേപ്പറുകളുള്ള വിഷയങ്ങള്‍ക്ക് 50ന് പകരം 40ശതമാനം സ്‌കോര്‍ മതിയാകും ജയിക്കാന്‍. മാര്‍ഗനിര്‍ദേശങ്ങള്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതു സംബന്ധിച്ച് ഇന്നലെ കേരള ആരോഗ്യ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചര്‍ച്ച ചെയ്തു.
മാര്‍ക്ക് കുറച്ചത് ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍. കോംപിറ്റന്‍സി ബേസ്ഡ് മെഡിക്കല്‍ എജ്യുക്കേഷന്‍ റെഗുലേഷന്റെ ശുപാര്‍ശകള്‍ക്ക് വിരുദ്ധമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന് ഒരു മുതിര്‍ന്ന മെഡിക്കല്‍ കോളജ് ഫാക്കല്‍റ്റി പറഞ്ഞു.
എന്‍.എം.സി മാര്‍ഗനിര്‍ദേശങ്ങളില്‍ അടിക്കടിയുള്ള മാറ്റങ്ങള്‍ വിദ്യാര്‍ഥികളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അതേസമയം, തിയറി മാര്‍ക്കിന്റെ പിന്‍ബലത്തില്‍ ചില വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ വിജയിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മാനദണ്ഡം മാറ്റാന്‍ എന്‍.എം.സി തീരുമാനിച്ചതെന്ന് ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."