നഗരത്തിലെ സ്‌കൂളുകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന തുടങ്ങി
കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന തുടങ്ങി. അടിസ്ഥാനസൗകര്യങ്ങളില്ലാത്ത സ്‌കൂളുകള്‍ കണ്ടെത്താനാണു പരിശോധന. ആദ്യ ദിനത്തില്‍ പരിശോധന നടത്തിയ നാല് സ്‌കൂളുകള്‍ക്കും നോട്ടിസ് നല്‍കി.
കുടിവെള്ളമില്ലാത്ത സ്‌കൂളുകള്‍, ശുചിത്വമില്ലാത്ത പാചകപ്പുര, മൂത്രപ്പുര ഇല്ലാത്ത സ്‌കൂളുകള്‍, കൊതുകുജന്യ രോഗം പടരാന്‍ സാധ്യതയുള്ള സ്‌കൂളുകള്‍ എന്നിങ്ങനെ തിരിച്ചാണ് നോട്ടിസ് നല്‍കിയത്. പരിശോധന നടത്തിയ സ്‌കൂളുകളിലൊന്നും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ മൂത്രപ്പുര ഇല്ലെന്ന് ആരോഗ്യവകുപ്പു ജീവനക്കാര്‍ കണ്ടെത്തി. കോര്‍പറേഷന്റെയോ പി.ടി.എയുടേയോ ഫണ്ട് ഉപയോഗിച്ച് എത്രയും പെട്ടെന്ന് ആവശ്യത്തിനു മൂത്രപ്പുരകള്‍ നിര്‍മിക്കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, പുതിയ മൂത്രപ്പുര നിര്‍മിക്കാന്‍ സ്ഥലമില്ലാത്ത സ്‌കൂളുകളും നഗരത്തിലുണ്ട്. മൂത്രപ്പുര ശുചിയാക്കാന്‍ ജീവനക്കാരെ വയ്ക്കണമെന്നു ചട്ടമുണ്ടെങ്കിലും ജീവനക്കാരില്ലാത്ത സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ വൃത്തിയില്ലാത്തതിനാല്‍ കുട്ടികള്‍ പലപ്പോഴും മൂത്രമൊഴിക്കാതെ മടങ്ങുകയാണു പതിവ്. ഇതു പല അസുഖങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. വൃത്തിയില്ലാത്ത സാഹചര്യത്തില്‍ അടുക്കള കണ്ടെത്തിയ സ്‌കൂളുകള്‍ക്കും കോര്‍പറേഷന്‍ നോട്ടിസ് നല്‍കി.
മാലിന്യസംസ്‌കരണത്തിനു കൃത്യമായ മാര്‍ഗം വേണമെന്ന നിര്‍ദേശം നിലനില്‍ക്കുമ്പോഴും പരിശോധന നടത്തിയ ഒരു സ്‌കൂളിലും മാലിന്യസംസ്‌കരണത്തിനു സംവിധാനമില്ലെന്ന് കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി ബാബുരാജ് 'സുപ്രഭാത'ത്തോടു പറഞ്ഞു. മാലിന്യസംസ്‌കരണത്തിനു മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."