കേസ് പിന്‍വലിക്കണം, നഷ്ടപരിഹാരം വേണ്ടെന്ന് എഴുതി നല്‍കണം; ഭാരതിയമ്മയ്ക്ക് പൊലിസിന്റെ ഭീഷണി
കേസ് പിന്‍വലിക്കണം, നഷ്ടപരിഹാരം വേണ്ടെന്ന് എഴുതി നല്‍കണം; ഭാരതിയമ്മയ്ക്ക് പൊലിസിന്റെ ഭീഷണി
ആലത്തൂര്‍• ആളുമാറി അറസ്റ്റ് ചെയ്ത 84 കാരിയായ കുനിശ്ശേരി വടക്കേത്തറ മഠത്തില്‍ വീട്ടില്‍ ഭാരതിയമ്മയ്ക്ക് വീണ്ടും പൊലിസിന്റെ ഭീഷണി. കഴിഞ്ഞ ദിവസം കുനിശ്ശേരിയിലെ വീട്ടില്‍ എസ്.പിയുടെ ഓഫിസില്‍ നിന്നെന്ന് പറഞ്ഞെത്തിയ നാലംഗ പൊലിസ് സംഘം ഭാരതിയമ്മയെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് സഹോദരന്‍ കൊച്ചു കൃഷ്ണന്‍ ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി.
എസ്.ഐയും ഒരു വനിതാ പൊലിസും ഉള്‍പ്പെടെയുള്ള സംഘമാണ് വീട്ടിലെത്തിയതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ആളുമാറി 84 കാരിയായ വയോധികയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലിസുകാര്‍ക്കെതിരേ നടപടിക്ക് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ശശികുമാര്‍ നടത്തിയ വകുപ്പ്തല അന്വേഷണത്തില്‍ ശുപാര്‍ശയുണ്ടായിരുന്നു. 2014 ല്‍ ടൗണ്‍ നോര്‍ത്ത് സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നാണ് ഡിവൈ.എസ്.പി കണ്ടെത്തിയരുന്നത്.
ഭാരതിയമ്മക്കുണ്ടായ മനോവിഷമവും പ്രയാസവും തിരിച്ചറിഞ്ഞെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഡിവൈ.എസ്.പി റിപ്പോര്‍ട്ട് ജില്ലാ പൊലിസ് മേധാവിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഭാരതിയമ്മയുടെ വക്കീല്‍ ഗിരീഷ് നൊച്ചുള്ളി കഴിഞ്ഞ ദിവസം ഈ കേസില്‍ ഉള്‍പ്പെട്ട പൊലിസുകാരുടെ പേര് വിവരം ആവശ്യപ്പെട്ട് വിവരാവകാശ പ്രകാരം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതില്‍ വിറളി പൂണ്ട പൊലിസുകാര്‍ ആയിരിക്കാം വീട്ടിലെത്തിയതെന്നാണ് സംശയം.
നഷ്ടപരിഹാരം ആവശ്യമില്ലെന്നും യഥാര്‍ഥ ഭാരതിയെ പിടികൂടേണ്ടെന്നും പൊലിസുകാര്‍ക്കെതിരേ പരാതിയില്ലെന്നും എഴുതിയ ശേഷം ഭാരതിയമ്മയോട് ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ സഹോദരനോട് അഭിപ്രായം ചോദിക്കാതെ ഒപ്പിടാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം എന്നു പറഞ്ഞ് പൊലിസ് സംഘം മടങ്ങുകയായിരുന്നുവെന്നാണ് ഭാരതിയമ്മ പറയുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന ഭാരതിയമ്മയ്ക്ക് പൊലിസ് സംരക്ഷണം നല്‍കണമെന്നും കേസില്‍ ഇനിയും നീതി വൈകരുതെന്നും കാണിച്ചാണ് ബാംഗ്ലൂരിലുള്ള സഹോദരന്‍ കൊച്ചു കൃഷ്ണന്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."