HOME
DETAILS

ലഹരിക്കെതിരേ ജനകീയ പോരാട്ടം

  
backup
September 30 2022 | 19:09 PM

struggle-against-drug-oct-1

എം.ബി രാജേഷ്

നാടിൻ്റെ ഭാവിക്കുമേൽ ഇരുൾമൂടുന്നവിധം മയക്കുമരുന്ന് എന്ന മഹാവിപത്ത് പടരുകയാണ്. ലോകത്തും രാജ്യത്തുമെന്ന പോലെ നമ്മുടെ കേരളത്തിലും മയക്കുമരുന്ന് വലിയ രീതിയിൽ പ്രചരിക്കുന്നുവെന്ന യാഥാർഥ്യം കടുത്ത ആശങ്കയുണർത്തുന്നു. കേരളം ആർജിച്ച ഉയർന്ന ജീവിത ഗുണനിലവാരത്തിനും സാമൂഹ്യ പ്രബുദ്ധതയ്ക്കും ഭീഷണിയാണിത്. ലഹരി ഉയർത്തുന്ന ആരോഗ്യപരവും മാനസികവുമായ പ്രതിസന്ധികളെ അഭിസംബോധന ചെയ്യേണ്ടത് ഈ കാലത്തിൻ്റെ അടിയന്തര കർത്തവ്യമാണ്.
നിയമം കർശനമായി നടപ്പാക്കുകയും വിശാലമായ സാമൂഹിക പ്രതിരോധം തീർക്കുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രമാണ് കേരളം ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെയും സർക്കാരിൻ്റെയും നേതൃത്വത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്ന മയക്കുമരുന്നിനെതിരായ ഒരു ജനകീയ യുദ്ധമാണ് കേരളത്തിൽ ഒക്ടോബർ രണ്ടു മുതൽ ആരംഭിക്കുന്നത്.


നിയമനടപടികൾക്ക് പുറമേ എന്തുകൊണ്ടാണ് സാമൂഹിക പ്രതിരോധംകൂടി സൃഷ്ടിക്കുന്നത്? മയക്കുമരുന്നിൻ്റെ തീവ്രവ്യാപനത്തിന് സാമൂഹികമായ കാരണങ്ങൾ കൂടിയുണ്ട് എന്നതിനാലാണത്. ലോകമാകെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾ കൊണ്ടുണ്ടായ മാറ്റങ്ങൾ ഒരു ഭാഗത്ത് ജീവിത വീക്ഷണത്തിൽ വളരെ പ്രതിലോമകരമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. സമൂഹത്തോട് മാത്രമല്ല ആരോടും പ്രതിബദ്ധതയില്ലാത്ത വ്യക്തിവാദത്താലും കരിയറിസത്താലും ഉപഭോഗ തൃഷ്ണയാലുമെല്ലാം നയിക്കപ്പെടുന്ന ജീവിതാവബോധം ആഹ്ലാദത്തിൻ്റെയും ആനന്ദത്തിൻ്റെയും സങ്കൽപ്പങ്ങളെ മാറ്റിമറിച്ചിരിക്കുന്നു. സ്വയം മതിമറന്ന് ഉടൻ ആനന്ദം കണ്ടെത്താനുള്ള കുറുക്കുവഴികൾ പുതുതലമുറ തേടുന്നു. ലാഭം പരമപ്രധാനമായിത്തീർന്ന നവലിബറൽ ലോകത്ത് പണമുണ്ടാക്കാൻ ഏത് മാർഗവും അവലംബിക്കുന്നത് അധാർമികമായി കാണുന്നില്ല. മറുഭാഗത്ത് വർധിച്ച ജീവിത സംഘർഷങ്ങൾ, തൊഴിൽപരവും മറ്റുമായ സമ്മർദങ്ങൾ, കടുത്ത മത്സരങ്ങൾ സൃഷ്ടിക്കുന്ന അരക്ഷിതത്വവും അതിൻ്റെയെല്ലാം ഫലമായി കുടുംബാന്തരീക്ഷത്തിലും മനുഷ്യബന്ധങ്ങളിലാകെയുമുണ്ടാകുന്ന ആഘാതങ്ങൾ എന്നിവയെല്ലാം പുതുതലമുറയെ വിശേഷിച്ചും ലഹരിയുടെ കാണാക്കയങ്ങളിൽ വ്യാജ അഭയങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കുന്നുണ്ട്. ഈ സാമൂഹികവശം കണക്കിലെടുക്കാതെ മയക്കുമരുന്നിനെ നിയമനടപടികൾ കൊണ്ടുമാത്രം സമഗ്രമായി നേരിടാനാവില്ല.


കുട്ടികളിലെയും കൗമാരക്കാരിലെയും ലഹരി ഉപഭോഗത്തിനെതിരേയുള്ള കർശന നടപടികൾ സാമൂഹ്യ പങ്കാളിത്തത്തോടെ ഏറ്റെടുത്തുകൊണ്ട് സർക്കാർ മുന്നോട്ടുപോവുകയാണ്. ഇതിനായുള്ള വിപുലമായ പ്രചാരണ പരിപാടികൾക്കാണ് ഈ ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമാവുന്നത്. സംസ്ഥാന തലത്തിലും ജില്ലാ, തദ്ദേശ സ്വയം ഭരണ വാർഡ്, വിദ്യാലയ തലത്തിലുമായി വിപുലമായ നിരീക്ഷണ സമിതികളുടെ വിപുലമായ ശൃംഖല തന്നെ സംസ്ഥാനത്താകെ നിലവിൽ വരും. ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരേ കരുതൽ തടങ്കൽ നടപടിയും കാപ്പ രജിസ്റ്റർ തയാറാക്കുന്ന മാതൃകയിൽ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയാറാക്കാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കും. ഇത്തരക്കാർക്ക് ഇപ്പോൾ ജാമ്യം എളുപ്പമാക്കുന്ന കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാരിനോട് കേരളം ആവശ്യപ്പെട്ടുകഴിഞ്ഞു.


ലഹരിക്കെതിരേയുള്ള ബോധവത്കരണം ശക്തമാക്കിയും ലഹരിക്കടത്തിന് തടയിട്ടും ലഹരിക്ക് അടിമകളായവർക്ക് ചികിത്സയിലൂടെ മോചനം ഉറപ്പാക്കിയുമേ ഈ പോരാട്ടം നമുക്ക് വിജയിക്കാനാകൂ. സ്‌കൂളുകളിലും പൊതുവിടങ്ങളിലുമുള്ള എക്‌സൈസിൻ്റെയും പൊലിസിൻ്റെയും പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. എങ്കിലും വിദ്യാർഥികളിലും യുവജനങ്ങളിലുമുള്ള അവബോധം സൃഷ്ടിക്കലാണ് ലഹരി തടയാനുള്ള ഒന്നാമത്തെ മാർഗം. മഹാഭൂരിപക്ഷവും കൗതുകം മൂലമാണ് ആദ്യമായി ലഹരി ഉപയോഗിക്കുന്നത് എന്നാണ് എക്‌സൈസ് വകുപ്പ് കൗമാരക്കാരിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ലഹരിക്കെതിരേയുള്ള സാമൂഹ്യപ്രതിരോധമാണ് അനിവാര്യമായ മാർഗം. സർക്കാർ വിപുലമായി ഈ കാംപയിൻ ഏറ്റെടുത്ത് മുന്നോട്ടുപോവുകയാണ്. ലഹരിക്കെതിരേയുള്ള ഈ പോരാട്ടത്തിൽ കണ്ണിചേരാൻ ഓരോ വ്യക്തിയും തയാറാകണം.


മയക്കുമരുന്ന് വ്യാപനവും ഉപയോഗവും കേരളത്തിൽ മാത്രമുള്ള ഒരു പ്രതിഭാസമല്ല. ലഹരി ഉപയോഗത്തിലെ ദേശീയ ശരാശരിയേക്കാൾ വളരെ പിന്നിലാണ് കേരളം. രാജ്യത്ത് അടുത്ത കാലത്ത് വാർത്താ പ്രാധാന്യം നേടിയ മയക്കുമരുന്ന് വേട്ടനടന്നത് ലക്ഷദ്വീപ്, ഗുജറാത്ത് തീരങ്ങളിലാണ്. ഗുജറാത്തിൽ ഈ ഓഗസ്റ്റ് 16ന് പിടിച്ചത് 1026 കോടി രൂപയുടെ മയക്കുമരുന്നാണ്. മുംബൈ പൊലിസാണ് ഗുജറാത്തിലെത്തി ഇത് റെയ്ഡ് ചെയ്ത് പിടിച്ചത്. 2021 സെപ്റ്റംബർ 22ന് 21,000 കോടിയുടെ ഹെറോയിൻ ഗുജറാത്തിലെ തന്നെ മുന്ദ്ര തുറമുഖത്ത് നിന്ന് പിടികൂടിയിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് പോയ ബോട്ടുകളിൽ കടത്തുകയായിരുന്ന 1526 കോടിയുടെ 218 കിലോ ഹെറോയിൻ ലക്ഷദ്വീപ് തീരത്ത് 2022 മെയ് 20ന് പിടിച്ചു. രാജ്യത്തേക്ക് വിദേശത്ത് നിന്നുള്ള മയക്കുമരുന്ന് കടത്ത് അതിരൂക്ഷമാണ് എന്നാണ് ഈ വാർത്തകളിലൂടെ മനസിലാക്കേണ്ടത്. പല സംസ്ഥാനങ്ങളിലേക്കും വലിയ തോതിൽ എത്തുന്ന ഈ മയക്കുമരുന്ന്, ചെറിയ അളവുകളാക്കിയാണ് വിതരണം ചെയ്യുന്നത്. ഈ മയക്കുമരുന്ന് കേരളത്തിലും എത്തുന്നുണ്ട്. എൻഫോഴ്‌സ്‌മെൻ്റ് സംവിധാനം ശക്തിപ്പെടുത്തിയും സാമൂഹ്യമായ പ്രതിരോധത്തിലൂടെയും ഈ പ്രതിസന്ധിയെ നമുക്ക് അതിജീവിക്കണം
സ്‌കൂളുകളും കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് വിപുലമായ ബോധവത്കരണ പ്രചാരണ പരിപാടികളും എക്‌സൈസും വിമുക്തി മിഷനും ചേർന്ന് സംസ്ഥാനത്താകെ നടപ്പിലാക്കുന്നുണ്ട്. വിമുക്തി ക്ലബുകൾ, കൗൺസിലിങ്, കായിക പരിശീലനം തുടങ്ങിയ പദ്ധതികളും ബോധവത്കരണവും ശക്തമാണ്. കുട്ടികൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങളിൽ ഓൺലൈൻ ഡെലിവറി നടത്തുന്ന ആളുകളുടെ പശ്ചാത്തലവും വിശദമായി അന്വേഷിക്കുന്നുണ്ട്. വിദ്യാർഥികളും യുവാക്കളും ലഹരിക്കടത്തും ഉപയോഗവും തടയാനുള്ള സന്നദ്ധ പ്രവർത്തകരായി മാറാനുള്ള ശ്രമമാണ് നടത്തേണ്ടത്.


ആദിവാസി-തീരദേശ മേഖലകളിലും അതിഥി തൊഴിലാളികൾക്കിടയിലും ലഹരി വർജന പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകും. യുവാക്കളിലും കുട്ടികളിലും കായികശേഷി വർധിപ്പിക്കുന്നതിനും അനഭിലഷണീയമായ പ്രവണതകളിൽ ഏർപ്പെടാതിരിക്കുന്നതിനും ഫിറ്റ്‌നസ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതടക്കമുള്ള വൈവിധ്യമാർന്ന നടപടികൾ സ്വീകരിക്കും.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ ഓരോ വ്യക്തിയും തയാറാകണം. നമ്മുടെ യുവതയെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനുള്ള പ്രവർത്തനത്തിൽ ഒറ്റക്കെട്ടായി കേരളം അണിനിരക്കണം. മയക്കുമരുന്നിന് അടിമയായ, ചേതനയറ്റ ഒരു യുവസമൂഹമല്ല നമുക്ക് വേണ്ടത്. ഊർജസ്വലതയുള്ള, കർമശേഷിയുള്ള യുവതലമുറയ്ക്ക് മാത്രമേ നവകേരളത്തിൻ്റെ നായകരാകാൻ കഴിയൂ. സഹജീവി സ്‌നേഹം, സാമൂഹിക പ്രതിബദ്ധത, സർഗാത്മക പ്രവർത്തനങ്ങൾ എന്നിവയിലൂടെ ജീവിതത്തിനുള്ളിൽ നിന്നുതന്നെ ആനന്ദം കണ്ടെത്താൻ നമ്മുടെ യുവത്വത്തിന് കഴിഞ്ഞാൽ ജീവിതബാഹ്യവും കൃത്രിമവുമായ ആനന്ദത്തിനായി ബോധം മറയേണ്ടിവരില്ല. മയക്കുമരുന്നിനും മാരകലഹരിക്കുമെതിരായ പോരാട്ടം നമ്മുടെ ജീവിതത്തിന് അർഥം കണ്ടെത്താനും ഭാവി തലമുറയ്ക്ക് കരുതലൊരുക്കാനുമുള്ളതാണ്. ഓരോ മലയാളിയും ഈ ജനകീയ പോരാട്ടത്തിലെ പടയാളികളായി മാറണം. ഈ യുദ്ധത്തിൽ നമുക്ക് ജയിച്ചേ തീരൂ.

(തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  25 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  25 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  25 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  25 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  25 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  25 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago