യു.എ.പി.എയുടെ പേരിൽ കടുത്ത അതിക്രമങ്ങൾ നടന്നതായി പി.യു.സി.എൽ റിപ്പോർട്ട്
ന്യൂഡൽഹി • നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമ(യു.എ.പി.എ)യുടെ മറവിൽ പൊലിസും ഭരണകൂടവും പൗരൻമാർക്കുമേൽ വ്യാപകമായി അതിക്രമങ്ങൾ അഴിച്ചുവിടുന്നതായി പൗരാവകാശ സംഘടനയായ പി.യു.സി.എൽ. 'യു.എ.പി.എ • വിയോജിപ്പുള്ളവരെ ക്രിമിനൽവൽകരിക്കലും ഭരണകൂടഭീകരതയും' എന്ന പേരിൽ പി.യു.സി.എൽ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്. യു.എ.പി.എ നിയമം പിൻവലിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു.
2015 മുതൽ 2020 വരെയുള്ള എൻ.സി.ആർ.ബി റിപ്പോർട്ടിലെ ഉള്ളടക്കം ആസ്പദമാക്കിയാണ് പി.യു.സി.എൽ റിപ്പോർട്ട് തയാറാക്കിയത്. ഇക്കാലയളവിൽ 5,924 കേസുകളിൽ 8,371 പേരാണ് അറസ്റ്റിലായത്. ഈ അഞ്ചുവർഷത്തിനിടെ ചെറിയ സംസ്ഥാനമായ മണിപ്പൂരിലാണ് ഏറ്റവും കൂടുതൽ യു.എ.പി.എ കേസുകൾ രജിസ്റ്റർചെയ്തത് – 1,965. ജമ്മുകശഅമീരും (1163), അസം (923), ജാർഖണ്ഡ് (501), ഉത്തർപ്രദേശ് (385) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.
യു.എ.പി.എ കേസുകൾ പ്രകാരമുള്ള അറസ്റ്റുകളിൽ പൗരാവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്. ജാമ്യം പോലും പലർക്കും ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി. 2018ൽ 1421 പേരെ അറസ്റ്റ്‌ചെയ്തപ്പോൾ 232 പേർക്ക് (16 ശതമാനം) മാത്രമാണ് ജാമ്യം ലഭിച്ചത്. 2019ൽ 1948 പേർ അറസ്റ്റിലായപ്പോൾ 625 (32 ശതമാനം) പേർക്കും 2020ൽ 1321 പേർ അറസ്റ്റിലായപ്പോൾ 223 (16 ശതമാനം) പേർക്കും ജാമ്യംലഭിച്ചു.
യു.പി.എയെ അപേക്ഷിച്ച് എൻ.ഡി.എ സർക്കാരിന്റെ കാലത്ത് യു.എ.പി.എ പ്രകാരമുള്ള കേസുകൾ കുത്തനെ കൂടി. ഡോ. മൻമോഹൻ സിങ്ങിന്റെ കാലത്ത് പ്രതിവർഷം 13 യു.എ.പി.എ കേസുകളാണ് ചുമത്തിയതെങ്കിൽ നരേന്ദ്രമോദിയുടെ കാലത്ത് അത് 34 ആയി. എൻ.ഐ.എയുടെ വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം ഏജൻസി ഇതുവരെ രജിസ്റ്റർചെയ്ത യു.എ.പി.എ കേസുകളിൽ 41 ശതമാനവും സ്വമേധയാ എടുത്തവയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."