കേരള സർവകലാശാല ലൈബ്രറി ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം
തിരുവനന്തപുരം • കേരള സർവകലാശാലയിൽ ലൈബ്രറി ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കമെന്ന് ആക്ഷേപം.
സംസ്ഥാനത്തെഎല്ലാ സർവകലാശാലകളും ലൈബ്രറി അസിസ്റ്റന്റുമാരുടെ നിലവിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടും കേരള സർവകലാശാല മാത്രം റിപ്പോർട്ട് ചെയ്യാത്തത് താത്കാലികക്കാരെ സ്ഥിരപ്പെടുത്താനാണെന്നാണ് ആക്ഷേപം. നിലവിൽ കേരളയിൽ 54 പേരെയാണ് ലൈബ്രറി അസിസ്റ്റന്റുമാരായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ളത്.
എം.ജി സർവകലാശാല – 19, കാലിക്കറ്റ് സർവകലാശാല – 17, കൊച്ചി സർവകലാശാല 22, കാർഷിക സർവകലാശാല 15, കണ്ണൂർ അഞ്ചും ഒഴിവുകൾ ഇതിനകം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു. അതേസമയം സാങ്കേതിക സർവകലാശാല ഉൾപ്പെടെ സർവകലാശാലകൾ സ്ഥിരം തസ്തികകൾ സൃഷ്ടിക്കാതെ കരാറടിസ്ഥാനത്തിൽ ലൈബ്രറി ജീവനക്കാരെ നേരിട്ട് നിയമിച്ചിരിക്കുകയാണെന്നാണ് ആരോപണം. ഡിജിറ്റൽ യൂനിവേഴ്‌സിറ്റി നിയമനങ്ങൾ ഇതേവരെ പി.എസ്.സിക്ക് കൈമാറിയിട്ടില്ല.
ലൈബ്രറി അസിസ്റ്റന്റുമാർക്കുള്ള എഴുത്തുപരീക്ഷ പി.എസ്.സി കഴിഞ്ഞ ജൂലൈ മാസത്തിലാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽവച്ച് ഓൺലൈനായി നടത്തിയത്.
മൂവായിരത്തോളം പേർ അപേക്ഷകരായുണ്ടായിരുന്നു. ആകെയുള്ള ഒഴിവുകളുടെ എണ്ണം കണക്കാക്കിയാണ് പി.എസ്.സി റാങ്ക് പട്ടിക തയാറാക്കുന്നത്.
കേരള സർവകലാശാലയടക്കം ഒഴിവുകൾ അറിയിക്കാത്തതുകൊണ്ട് റാങ്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ ആനുപാതികമായ കുറവുണ്ടാകും. ഇത് സംവരണ വിഭാഗമുൾപ്പെടെയുള്ള എല്ലാ ഉദ്യോഗാർഥികളേയും ദോഷകരമായി ബാധിച്ചേക്കുമെന്നാണ് ആശങ്ക. താൽക്കാലിക ലൈബ്രറി ജീവനക്കാർ തങ്ങൾ പ്രായപരിധികഴിഞ്ഞവരായതിനാൽ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ നിയമപരമായി ഇക്കാര്യം പരിഗണിക്കാൻ സർക്കാരിനും കേരള സർവകലാശാലയ്ക്കും കോടതി നിർദേശം നൽകിയിരിക്കുകയാണ്. കരാർ ജീവനക്കാരുടെ സമ്മർദം മൂലമാണ് ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാൻ സർവകലാശാല വിമുഖത കാട്ടുന്നതെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."