പള്ളിയും ക്ഷേത്രവും ചർച്ചും ഒരേദിനം സന്ദർശിച്ച് രാഹുൽ
ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനായി സോണിയ മൈസൂരുവിൽ
ബംഗളൂരു • ഭാരത് ജോഡോ യാത്രയുടെ 26ാമത്തെ ദിവസമായ ഇന്നലെ കർണാടകയിൽ മസ്ജിദും ക്ഷേത്രവും ചർച്ചും സന്ദർശിച്ച് രാഹുൽ ഗാന്ധി. മൈസൂരുവിലെ സുത്തൂർ മഠം, മസ്ജിദെ ഈ അഅ്‌സം, സെന്റ് ഫിലോമിന ചർച്ച് എന്നിവയാണ് രാഹുൽ സന്ദർശിച്ചത്. ദക്ഷിണകന്നഡയിലെ പ്രധാന ചർച്ചാണ് സെന്റ് ഫിലോമിന.
രാവിലെ സുത്തൂർ മഠത്തിലെത്തിയ രാഹുൽഗാന്ധി, മഠാധിപതിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് പള്ളിയും ശേഷം ചർച്ചും സന്ദർശിക്കുകയായിരുന്നു. മൂന്നിടത്തും അരമണിക്കൂറോളം സമയം അദ്ദേഹം ചെലവിട്ടു. അവിടെയുണ്ടായിരുന്ന വിശ്വാസികളുമായും പ്രദേശത്തുകാരുമായും സംസാരിക്കുകയും ചെയ്തു.
രാഹുൽ വരുന്നതറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇവിടെയെല്ലാം തടിച്ചുകൂടിയത്. കർണാടക പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കർണാടകയിൽ 21 ദിവസമാണ് യാത്രയുണ്ടാകുക. യാത്രയിൽ പങ്കുചേരാനായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി കർണാടകയിലെത്തിയിട്ടുണ്ട്. മൈസൂരു വിമാനത്താവളത്തിലെത്തിയ സോണിയയെ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. വ്യാഴാഴ്ചയാവും സോണിയ യാത്രയിൽ പങ്കാളിയാവുക. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ കൂടുതൽ സമയം പങ്കെടുക്കരുതെന്ന് ഡോക്ടറുടെ നിർദേശമുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയും കർണാടകയിൽ യാത്രയിൽ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."