ലക്ഷണങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുമോ..?
കുറ്റു നായ്ക്കളെ പോലെയല്ല വിറകുവെട്ടിയുടെ ആ നായ. അതിന്റെ യജമാനസ്‌നേഹവും കാവല്‍ മിടുക്കും കൂറും പ്രതിബദ്ധതയുമൊക്കെ കണ്ടാല്‍ ആരും മൂക്കത്തു വിരല്‍വച്ചുപോകും. അതു വീട്ടിലുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട; ധൈര്യമായി പുറത്തുപോകാം.
ഒരിക്കല്‍ ജോലി കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ സമയം ഏറെ വൈകിയിരുന്നു. ദൂരെനിന്ന് നായയുടെ പതിവില്ലാത്ത കുര കേട്ടപ്പോള്‍ എന്തോ പന്തികേടുണ്ടെന്നു മനസിലാക്കിയ വിറകുവെട്ടി നടത്തത്തിനു വേഗത കൂട്ടി. അങ്ങനെ കിതച്ചുകിതച്ച് സ്ഥലത്തെത്തിയപ്പോഴാണ് ആ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചത്. നായയുടെ മുഖമാകെ ചോര പുരണ്ടിരിക്കുന്നു. ആരെയോ കടിച്ചുകീറിയതിന്റെ ലക്ഷണങ്ങള്‍..! ഇത്രയുംകാലം താന്‍ വിശ്വസിച്ചുപോറ്റിയ ഈ ജീവി ഇപ്പോള്‍ തന്നെ ചതിച്ചുവെന്ന് അയാള്‍ ഉറപ്പിച്ചു. തന്റെ 'കുഞ്ഞിന്റെ രക്തം' കണ്ടുനില്‍ക്കാനുള്ള ശേഷി നഷ്ടപ്പെട്ട അയാള്‍ തോളത്തുനിന്ന് കോടാലിയെടുത്ത് അതിന്റെ തലയ്ക്ക് ആഞ്ഞൊരുവെട്ട്. രക്തംചീറ്റിത്തെറിച്ചു. വേദന സഹിക്കവയ്യാതെ ആ പാവം ജീവി നിലവിളിച്ചാര്‍ത്തു. പിന്നെ കൂടുതല്‍ താമസിച്ചില്ല. നിലത്തുവീണ് അതതിന്റെ അവസാന പ്രാണവായുവും ശ്വസിച്ച് കണ്ണടച്ചു.
പിടക്കുന്ന മനസോടെ അയാള്‍ വീട്ടിനകത്തേക്കു കയറിനോക്കി. പക്ഷേ, അവിടെ കണ്ടത് ജീവനറ്റു കിടക്കുന്ന ജഢമായിരുന്നില്ല; കട്ടിലില്‍ കിടന്ന് കളിച്ചുല്ലസിക്കുന്ന കുഞ്ഞിനെയായിരുന്നു.. അരികെയായി ചോരയില്‍ കുളിച്ചുനില്‍ക്കുന്ന കരിമൂര്‍ഖനെയും...!
തന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചതിനു നായയ്ക്കു താന്‍ നല്‍കിയ സമ്മാനമായിരുന്നോ ആ കോടാലിപ്രയോഗം..! വലിയൊരു പുണ്യം ചെയ്തതിനു യജമാനന്റെ അഭിനന്ദനവും കാത്ത് അക്ഷമയോടെയിരുന്ന ആ പാവം ജീവിക്കു താന്‍ തല്‍കിയത് പ്രാണനൂരുന്ന വെട്ടിക്കീറോ..? ഉള്‍കൊള്ളാനാകാതെ അയാള്‍ക്കു തല മിന്നി. കോടാലിയെ അയാള്‍ ശപിച്ചു. കോടാലി പിടിച്ച കൈകളെയും ആ നിമിഷത്തെയും ആ ക്രൂരകൃത്യത്തിനു തോന്നിപ്പിച്ച മനസിനെയും ശപിച്ചു.. പക്ഷേ, എന്തു ഫലം..?!
നിജസ്ഥിതിയറിയാതെ എടുത്തുചാടുന്നത് പരിഹരിക്കാനാകാത്ത കഷ്ടനഷ്ടങ്ങളെയാണ് ഉല്‍പാദിപ്പിക്കുക. അറിവില്ലായ്മ പൊറുക്കാം. അറിയാന്‍ ശ്രമിക്കാതിരിക്കുന്നത് എങ്ങനെ പൊറുക്കാനാകും..? ഉറപ്പിന്റെ ബലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്താല്‍ മിക്കവാറും ഖേദിക്കേണ്ട ഗതിയാണുണ്ടാവുക.
ഒന്നുറപ്പുവരുത്തിയാല്‍ നേടാമായിരുന്ന എത്രയെത്ര നേട്ടങ്ങളാണ് ഊഹത്തില്‍ മതിയാക്കിയതുമൂലം നഷ്ടമായിട്ടുള്ളത്. ഒന്നറിയാന്‍ ശ്രമിച്ചാല്‍ രക്ഷയാകുമായിരുന്ന എത്രയെത്ര കാര്യങ്ങളാണ് നിഗമനത്തില്‍ നിര്‍ത്തിയതുമൂലം ശിക്ഷയായി പെയ്തിറങ്ങിയിട്ടുള്ളത്. എന്നു ചോദിച്ചറിഞ്ഞാല്‍ വിളക്കിച്ചേര്‍ക്കാമായിരുന്ന എത്രയെത്ര ബന്ധങ്ങളാണ് മുന്‍വിധികളില്‍ തടഞ്ഞ് ഉടഞ്ഞുവീണത്.
ഉറപ്പുവരുത്താന്‍ അല്‍പം സമയമെടുത്തേക്കും. ഊഹത്തിലെത്താന്‍ നിമിഷങ്ങള്‍ മതി. പക്ഷേ, അതു വരുത്തിവയ്ക്കുന്ന വിനകള്‍ക്കു പരിഹാരമുണ്ടാക്കാന്‍ ആയുസ് മുഴുവന്‍ ഓടിനടന്നാലും വിജയിക്കണമെന്നില്ല. കുറഞ്ഞ സമയത്തെ ലളിതമായൊരു അധ്വാനത്തിനു കാണിക്കുന്ന വൈമനസ്യം ദീര്‍ഘകാലത്തെ കഠിനമായ അധ്വാനത്തെ വിളിച്ചുവരുത്തുമെന്നര്‍ഥം.
നിഗമനങ്ങള്‍വച്ച് പരീക്ഷണങ്ങളാകാം; വിധികല്‍പനയാകരുത്. ചത്തത് ചീകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെയെന്നു വിധിച്ചാല്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും അപരാധികള്‍ രക്ഷപ്പെടുകയും ചെയ്യും. ചെയ്യേണ്ടതു ചെയ്യാന്‍ പറ്റാതിരിക്കുകയും ചെയ്യേണ്ടാത്തത് ചെയ്യേണ്ടി വരികയും ചെയ്യും. കഴിയുമോ കഴിയില്ലേ എന്ന് ചെറുതായി പരീക്ഷിച്ചു നോക്കുകയെങ്കിലും ചെയ്യാതെ എനിക്കു കഴിയില്ലെന്നു കല്‍പിച്ചാല്‍ ശോഭനമായൊരു ഭാവിയായിരിക്കും നിഷേധിക്കപ്പെടുക. മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ 'അല്ലെങ്കിലും അവന്‍ അങ്ങനെ തന്നെയാണെന്ന' വിധിപ്രസ്താവം നടത്തിയാല്‍ അങ്ങനെയല്ലാതിരുന്ന ഒരു മനുഷ്യനെ കാണാന്‍ വിധിയുണ്ടാകില്ല. സത്യാവസ്ഥയുടെ പിന്നാലെ നീങ്ങുന്നവര്‍ക്ക് 'ക്ഷമിക്കണം ഞാന്‍ തെറ്റിദ്ധരിച്ചുപോയി' എന്ന ക്ഷമാപണത്തിനു നില്‍ക്കേണ്ടി വരില്ല. അല്ലാത്തവര്‍ക്കു ബോധാദയം വരുമ്പോള്‍ 'പൊരുത്തപ്പെടീക്കല്‍ സഞ്ചാരം' നടത്തേണ്ടി വരും.
ലക്ഷണങ്ങളെ ഏകദേശ ധാരണയ്ക്കു നിദാനമാക്കാം; വിശ്വസിച്ചുറപ്പിക്കാന്‍ മാനദണ്ഡമാക്കരുത്. അതു ലക്ഷ്യത്തിലെത്തിച്ചുകൊള്ളണമെന്നില്ലെന്നുതന്നെ കാരണം. കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്നതിന് ലക്ഷണങ്ങളല്ല, തെളിവുകളാണു ഹാജരാക്കേണ്ടത്. ലക്ഷണങ്ങള്‍വച്ച് തെളിവില്ലാതെ ആരോപണങ്ങള്‍ നടത്തിയാല്‍ ഭാവിയില്‍ കനത്തവില നല്‍കേണ്ടി വരും. ഉറപ്പിക്കാന്‍ വഴിയുണ്ടാകുമ്പോള്‍ ധാരണയില്‍ സംതൃപ്തിയടയുന്നത് അപക്വമായ നടപടിയാണെന്നു കാലം പഠിപ്പിച്ചുതരും. സത്യം മനസിലാക്കുന്നതിനു ഊഹം പ്രയോജനപ്പെടുകയേ ഇല്ലെന്നു ഖുര്‍ആന്‍ പറയുന്നുണ്ട്. വിശ്വാസികളേ, മിക്ക ഊഹങ്ങളും നിങ്ങള്‍ വെടിയണം. നിശ്ചയം അവയില്‍ ചിലത് കുറ്റകരമാകുന്നുവെന്ന് ഹുജറാത്ത് സൂറഃയിലും കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."