സദ്‌വാക്ക് ഫലം തരുന്ന വിത്താണ്
ഉൾക്കാഴ്ച
മുഹമ്മദ്
രാജാവിന്റെ പ്രഖ്യാപനം ഇതായിരുന്നു: 'നല്ല വാക്കു പറയുന്നവര്‍ക്ക് നാന്നൂറ് ദീനാര്‍ സമ്മാനം..!'ഹൊ! ഇതാണോ ഇത്രവലിയ ആനക്കാര്യം എന്നായിരിക്കും നിങ്ങള്‍ക്കു ചോദിക്കാനുണ്ടാവുക. കാര്യം അല്‍പം ത്യാഗം ആവശ്യമുള്ളതു തന്നെയാണ്.സമ്മാനം ലഭിക്കാന്‍വേണ്ടി ആരും നല്ല വാക്കു പറയേണ്ടതില്ല. നല്ല വാക്കുപറയാന്‍ രാജാവിനെ സമീപിക്കുകയും വേണ്ട. കാപട്യപ്രകടനങ്ങളൊന്നും വിലപ്പോവില്ല. രാജാവ് വേഷപ്രച്ഛന്നനായി പ്രജകള്‍ക്കിടയിലേക്കു വരും. അവരുടെ ജീവിതവും പെരുമാറ്റവും സംസാരവുമെല്ലാം അവരറിയാതെ നിരീക്ഷിക്കും. നിരീക്ഷണത്തില്‍ കാപട്യമേശാത്ത സദ്‌വാക്കുകള്‍ കേട്ടാല്‍ അവര്‍ക്കായിരിക്കും സമ്മാനമുണ്ടാവുക.
ഒരിക്കല്‍ പരിവാരസമേതം ഒരുവഴിക്കു പോവുകയായിരുന്നു രാജാവ്. അപ്പോഴാണ് നവതിപിന്നിട്ട ഒരു വയോധികനെ കണ്ടത്. ശരീരമാകെ ചുക്കിച്ചുളിഞ്ഞിട്ടും കൃഷിയിലേര്‍പ്പെട്ടിരിക്കുകയാണയാള്‍. രാജാവ് ചോദിച്ചു: 'നിങ്ങള്‍ എന്തെടുക്കുകയാണ്..?'
അയാള്‍ പറഞ്ഞു: 'ഒലീവ് വൃക്ഷം നടുകയാണ്..'
'ഒലീവ് വൃക്ഷം നടുകയോ. ഈ പ്രായത്തിലോ?'
'അതിലെന്താണ് ഇത്ര അത്ഭുതം?'- അയാല്‍ ചോദിച്ചു.
'നിങ്ങള്‍ക്കിപ്പോള്‍തന്നെ തൊണ്ണൂറു പിന്നിട്ടു. ഈ തൈ വളര്‍ന്നു ഫലംതരാന്‍ ഇരുപതു വര്‍ഷം പിടിക്കും. അതുവരെ നിങ്ങള്‍ ജീവിച്ചിരിക്കുമോ?'
'എനിക്ക് അതുവരെ ജീവിച്ചിരിക്കേണ്ടതില്ല. എന്റെ മുന്‍ഗാമികള്‍ ചെയ്ത കൃഷിയാണ് ഇപ്പോള്‍ ഞാന്‍ കൊയ്‌തെടുക്കുന്നത്. ഇനി എന്റെ പിന്‍ഗാമികള്‍ക്കു കൊയ്യാന്‍ ഞാനും കൃക്ഷി ചെയ്യുന്നു'
അതു കേട്ടപ്പോള്‍ രാജാവ് പറഞ്ഞു: 'എത്ര നല്ല വാക്ക്!'
തന്റെ കീശയില്‍നിന്ന് നാന്നൂറു ദീനാറെടുത്ത് അപ്പോള്‍തന്നെ അയാള്‍ക്കു കൊടുത്തു. ദീനാര്‍ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം. മുഖത്ത് എന്തെന്നില്ലാത്ത പ്രസന്നത.
രാജാവ് ചോദിച്ചു: 'എന്താണ് നിങ്ങളുടെ മുഖത്ത് ഇത്ര വലിയ തിളക്കം?'
അയാള്‍ പറഞ്ഞു: 'ഒലീവ് മരം ഫലംകായ്ക്കാന്‍ ഇരുപതു വര്‍ഷമെടുക്കും. ഞാന്‍ നട്ട ഈ ഒലീവ് തൈ ഇപ്പോള്‍തന്നെ ഫലം നല്‍കിത്തുടങ്ങിയിരിക്കുന്നു!'
രാജാവ് പറഞ്ഞു: 'ഹൊ! ഇത് ആദ്യത്തേതിലും മനോഹരമായ വാക്കായിരിക്കുന്നല്ലോ...'
വീണ്ടും കീശയില്‍ കൈയിട്ട് നാന്നൂറു ദീനാര്‍ അയാള്‍ക്കു കൊടുത്തു.
അയാളുടെ സന്തോഷത്തിന് അതിരുണ്ടായില്ല. മുഖത്ത് സൂര്യശോഭ.
രാജാവ് ചോദിച്ചു: 'താങ്കള്‍ക്ക് ഇത്ര വലിയ സന്തോഷമുണ്ടാകാന്‍ എന്താണു കാരണം?'
അയാള്‍ പറഞ്ഞു: 'ഒലീവ് മരം വര്‍ഷത്തില്‍ ഒരു പ്രാവശ്യമേ ഫലം കായ്ക്കാറുള്ളൂ. എന്റെ ഒലീവ് ഒരു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഫലം തന്നിരിക്കുന്നു!'
ഇതുകൂടി കേട്ടപ്പോള്‍ രാജാവ് തന്റെ പരിവാരങ്ങളോടു പറഞ്ഞു: 'ഇദ്ദേഹം നമ്മളാരും കരുതിയ ആളല്ല. കേട്ടില്ലേ, എത്ര മധുരതരമായ വാക്കുകളാണ് ഇദ്ദേഹം പറയുന്നത്!'
കീശയില്‍ കൈയിട്ട് വീണ്ടും നാന്നൂറു ദീനാര്‍ അദ്ദേഹത്തിനു നല്‍കി.
പിന്നെ കൂടുതല്‍ കാത്തുനിന്നില്ല. പരിവാരങ്ങളെയുംകൂട്ടി രാജാവ് വേഗം സ്ഥലംവിട്ടു. അതുകണ്ടപ്പോള്‍ അയാല്‍ ചോദിച്ചു: 'പ്രഭോ, എന്തിനാണിത്ര ധൃതി?'
'ഒന്നുമില്ല. ഇനിയും ഇവിടെനിന്നാല്‍ എന്റെ ഖജനാവ് കാലിയാകും!'
മൂല്യമുള്ള വാക്കുകള്‍ക്ക് വിലയിടാന്‍ കഴിയില്ല. അതു നേടിത്തരുന്ന നേട്ടങ്ങള്‍ക്ക് കണക്കുവയ്ക്കാനും കഴിയില്ല. കോടികള്‍ കിട്ടിയാല്‍ ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ വലുതായിരിക്കും ചിലപ്പോള്‍ ഒരു നല്ല വാക്കുനല്‍കുന്ന സന്തോഷം. ഔഷധങ്ങള്‍കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത മാരക മുറിവുകള്‍ ചെറിയൊരു സദ്‌വാക്കുകൊണ്ട് ഉണങ്ങിപ്പോകുന്ന ചേതോഹരക്കാഴ്ചകള്‍ നാം കാണാറുള്ളതാണ്.
ഏതു വിത്തും നിലത്തുവിതച്ചാല്‍ മുളച്ചുപൊന്താന്‍ താമസമെടുക്കും. എന്നാല്‍ വിതയ്ക്കുമ്പോഴേക്കും മുളച്ചുവന്ന് ഫലംതരുന്ന വിത്തുണ്ടെങ്കില്‍ അതാണു സദ്‌വാക്ക്. ഒന്നും കൊടുക്കാനില്ലെങ്കില്‍ സന്തോഷം നല്‍കുന്ന കൊച്ചുവാക്കെങ്കിലും കൊടുക്കാം. ചിലപ്പോള്‍ അതായിരിക്കും മറ്റെന്തിനെക്കാളും സ്വീകര്‍ത്താവില്‍ ആശ്വാസവും സന്തോഷവും സൃഷ്ടിക്കുക.
ചുറ്റുമുള്ള ഹൃദയങ്ങള്‍ മുഴുവന്‍ കൃഷിയിടമാണെങ്കില്‍ അവിടെ വിതയ്‌ക്കേണ്ട വിത്തുകളാണു നല്ല വാക്കുകള്‍. നാം മരിച്ചാലും നമ്മില്‍നിന്നു പോയ വാക്കുകള്‍ മരിക്കില്ല. നമ്മുടെ മരണാനന്തരവും മറ്റുള്ളവര്‍ക്ക് തണലും വെളിച്ചവുമായി അതു മാറിയേക്കും.
നല്ലതുമാത്രം പറഞ്ഞ് ശീലിക്കാം. നല്ലതു പറയാനില്ലെങ്കില്‍ സങ്കടം വേണ്ടാ; മൗനം പാലിച്ചാല്‍ മതി. നാവടക്കേണ്ടിടത്ത് നാവെടുക്കുകയോ നാവെടുക്കേണ്ടിടത്ത് നാവടക്കുകയോ ചെയ്യരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."