മുട്ടില്‍ മരംമുറി: സര്‍ക്കാരിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: മുട്ടില്‍ മരംമുറിക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
നിലവിലുള്ള വനനിയമങ്ങള്‍ മറിക്കടക്കുന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതെന്നു കോടതി വ്യക്തമാക്കി. മരംമുറിക്കേസിലെ പ്രതികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് മരം മുറിച്ചതെന്നു കോടതി നിരീക്ഷിച്ചു.
അനുമതിയോടെയാണ് മരം മുറിച്ചതെന്ന പ്രതികളുടെ വാദത്തിനു വ്യക്തമായ മറുപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവാത്തത് ആശങ്കാജനകമാണെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാരിന് മുന്‍കാല പ്രാബല്യത്തോടെ പോലും ഏതുനിയമത്തിലും ഭേദഗതി വരുത്താന്‍ അധികാരമുണ്ട്.
പക്ഷേ നിലവിലുള്ള നിയമങ്ങള്‍ക്കു വിരുദ്ധമായി ഉത്തരവുകള്‍ ഇറക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഉദ്യോഗസ്ഥര്‍ പ്രതികളുടെ ആവശ്യാനുസരണം നിയമവിരുദ്ധമായി പ്രവര്‍ത്തച്ചു.
രേഖകളില്‍ ഉദ്യോഗസ്ഥര്‍ കൃത്രിമം കാണിച്ചെന്നും കോടതി ഉത്തരവില്‍ പറയുന്നു. മരംമുറിച്ചു കടത്താന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥനെതിരേ സര്‍ക്കാര്‍ എന്തുനടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. മരങ്ങള്‍ വില്‍ക്കാന്‍ കച്ചവടക്കാര്‍ക്ക് നല്‍കുന്നതിനു പ്രതികള്‍ കരാറുണ്ടാക്കി. പ്രതികളുടെ കൈകള്‍ ശുദ്ധമല്ല.
10000 ക്യുബിക് അടി ഈട്ടിത്തടികള്‍ പ്രതികള്‍ എങ്ങിനെയാണ് സംഘടിപ്പിച്ചതെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. വിമര്‍ശനങ്ങളുന്നയിച്ച കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് തള്ളിയത്. പട്ടയഭൂമിയില്‍ നിന്നാണ് തങ്ങള്‍ മരം മുറിച്ചതെന്നും റിസര്‍വ് വനത്തില്‍ നിന്നല്ലെന്നും പ്രതികള്‍ വാദിച്ചു.
കൂടാതെ വനംവകുപ്പില്‍നിന്നു പ്രോപ്പര്‍ട്ടി മാര്‍ക്‌സ് രജിസ്‌ട്രേഷനും ഗ്രാമപ്പഞ്ചായത്തില്‍ നിന്നു ലൈസന്‍സും ഉള്‍പ്പെടെയുള്ള രേഖകളെടുത്ത ശേഷമാണ് മരങ്ങള്‍ മുറിച്ചതെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ റിസര്‍വ് മരങ്ങള്‍ തന്നെയാണ് പ്രതികള്‍ മുറിച്ചതെന്നും കോടിക്കണക്കിനു രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം.
പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ ട്രാന്‍സിസ്റ്റ് പെര്‍മിറ്റിലാതെ മലബാര്‍ ടിമ്പര്‍ കോമ്പൗണ്ടില്‍നിന്നു ഫോറം നമ്പര്‍ നാല് ദുരുപയോഗം ചെയ്തു വന്‍ തോതില്‍ മരം കടത്തിയതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."