മുതുകാട് കള്ളുഷാപ്പിനെതിരെയുള്ള സമരം ശക്തമാകുന്നു: സമരം നഗരസഭ ഏറ്റെടുത്തു
നിലമ്പൂര്‍: മുതുകാട് കള്ളുഷാപ്പ് വീണ്ടും തുറക്കുന്നതിനെതിരേ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് ദിവസമായി നടന്ന് വരുന്ന സമരം നഗരസഭ ഏറ്റെടുത്തു. ഇന്നലെ ടി.ബിയില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. മുതുകാട് ഉള്‍പ്പെടെ നിയോജക മണ്ഡലത്തില്‍ അഞ്ച് ഷാപ്പുകള്‍ വീണ്ടും തുറക്കാനുള്ള നീക്കം ഏത് വില കൊടുത്തും ചെറുക്കാന്‍ യോഗം തീരുമാനിച്ചു. മുതുകാട് ഷാപ്പ് മൂന്ന് ദിവസം പ്രവര്‍ത്തിച്ചതായി കാണിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും മുതുകാട് ഷാപ്പിന് ലൈസന്‍സ് നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. എം.പിമാരായ എം.ഐ.ഷാനവാസ്, പി.വി. അബ്ദുള്‍വഹാബ്, പി.വി. അന്‍വര്‍ എം.എല്‍.എ, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ രക്ഷാധികാരികളായും നഗരസഭ ചെയര്‍പേഴ്‌സണ്‍ ചെയര്‍മാനായും മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് പി.കെ. നാരായണന്‍മാസ്റ്റര്‍ കണ്‍വീനറുമായ സമിതി രൂപീകരിച്ചു. എ. ഗോപിനാഥാണ് ട്രഷറര്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, വ്യാപാരികള്‍, മതസംഘടനാ പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റിക്കാണ് രൂപം നല്‍കിയത്.
ആയിരം പേരെ പങ്കെടുപ്പിച്ച് അഞ്ചിന് എക്‌സൈസ് ഓഫീസിലേക്ക് ജനകീയ മാര്‍ച്ചും തുടര്‍ന്ന് ടൗണില്‍ ഷാപ്പു തുറക്കുന്നതിനെതിരെ പ്രതിജ്ഞയും എടുക്കും. മുതുകാട് സമര സമിതിയുടെ നേതൃത്വത്തിലുള്ള സമരം തുടരാനും തീരുമാനമായി. നിയമപരമായ ഏത് നടപടിക്കും നഗരസഭ സെക്രട്ടറിക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം നഗരസഭ കൗണ്‍സില്‍ നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് പി.കെ. നാരായണന്‍ മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റി അംഗം എന്‍.എം. ബഷീര്‍, കെ.പി.സി.സി. സെക്രട്ടറി വി.എ. കരീം, കെ.പി.സി.സി. അംഗം ആര്യാടന്‍ ഷൗക്കത്ത്, നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി. ഹംസ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ. ഗോപിനാഥ്, പാലോളി മെഹബൂബ്, കൗണ്‍സിലര്‍മാര്‍, ഫാത്തിമഗിരി സോഷ്യല്‍ സര്‍വീസ് സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ മരീനി, സി.എച്ച്. അലി ഷാക്കീര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ബിനോയ് പാട്ടത്തില്‍, കല്ലായി മുഹമ്മദാലി, പനോലന്‍ കുഞ്ഞുട്ടി, അബ്ദുസമദ് ചീമാടന്‍, നിയാസ് മുതുകാട്, ടി.കെ. ഗീരീഷ് കുമാര്‍ സമര സമിതി ചെയര്‍മാന്‍ എബ്രഹാം പുലിപ്ര, കണ്‍വീനര്‍ രാധാ രാജഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."