പ്ലസ്ടു പരീക്ഷയില്‍ വന്‍ വിജയം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡുയര്‍ത്തിയ വെല്ലുവിളികളെയും ഓണ്‍ലൈന്‍ ക്ലാസിന്റെ പരിമിതികളെയും മറികടന്ന് സംസ്ഥാനത്തെ പ്ലസ്ടു വിദ്യാര്‍ഥികള്‍ നേടിയെടുത്തത് പത്തരമാറ്റ് ജയം. 87.94 ശതമാനമാണ് ഇത്തവണ വിജയം. കഴിഞ്ഞ തവണ ഇത് 85.13 ശതമാനമായിരുന്നു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 2.81 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം പ്ലസ്ടു വിജയത്തില്‍ ഉണ്ടായതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എസ്.എസ്.എല്‍.സിയിലും സംസ്ഥാനത്ത് ഇത്തവണ റെക്കോര്‍ഡ് വിജയമായിരുന്നു.
3,73,788 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 3,28,702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 48,383 പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ ഇത് 18,510 ആയിരുന്നു. എറണാകുളം ജില്ലയിലാണ് എറ്റവും ഉയര്‍ന്ന വിജയശതമാനം (91.11). പത്തനംതിട്ടയിലാണ് എറ്റവും കുറവ് (82.53 ശതമാനം). ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എ പ്ലസ് ഗ്രേഡ് നേടിയത് മലപ്പുറം ജില്ലയിലാണ്. 6,707 പേരാണ് ഇവിടെ മികച്ച വിജയം കരസ്ഥമാക്കിയത്.
136 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. ഇതില്‍ 11 സര്‍ക്കാര്‍ സ്‌കൂളുകളും 36 എയ്ഡഡ് സ്‌കൂളുകളും 79 അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണുള്ളത്. മലപ്പുറത്താണ് കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത് (57,629 പേര്‍). കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് വയനാട് ജില്ലയിലാണ് (9,465 പേര്‍).
സയന്‍സ് വിദ്യാര്‍ഥികളില്‍ പരീക്ഷയെഴുതിയ 90.52 ശതമാനം പേരും വിജയിച്ചു. ഹ്യൂമാനിറ്റീസില്‍ 80.34 ശതമാനമാണ് വിജയം. കൊമേഴ്‌സില്‍ 89.13 ശതമാനവും കലാമണ്ഡലത്തില്‍ 89.33 ശതമാനം വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85.02 ശതമാനം വിദ്യാര്‍ഥികളും ജയിച്ചപ്പോള്‍ എയ്ഡഡ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 90.37 ശതമാനം പേരും വിജയിച്ചു. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 87.67 ശതമാനമാണ് വിജയം. സ്‌പെഷല്‍ സ്‌കൂളുകളില്‍ നിന്ന് പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. 11 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."