ആരോഗ്യവകുപ്പ് ഡയരക്ടറെ നിയമിക്കാൻ കമ്മിറ്റി
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • അവസാനം ആരോഗ്യവകുപ്പ് തലപ്പത്ത് സ്ഥിരം ഡയരക്ടറെ നിയമിക്കാൻ സർക്കാർ തീരുമാനം. പുതിയ ഡയരക്ടറെ കണ്ടെത്താൻ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. ആദ്യമായാണ് ഡി.എച്ച്.എസ് നിയമനത്തിന് കമ്മിറ്റിയെ നിയോഗിക്കുന്നത്. ഏറെക്കാലമായി ആരോഗ്യവകുപ്പ് തലപ്പത്ത് നാഥനില്ലാത്ത അവസ്ഥയായിരുന്നു. ഡയരക്ടറുടെ ചുമതല അഡിഷണൽ ഡയരക്ടർമാരാണ് നിർവഹിച്ചിരുന്നത്. രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ഡയരക്ടറുടെ ചുമതലയുള്ള അഡി. ഡയരക്ടർ ഡോ. പ്രീത സർവിസിൽനിന്ന് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് സമിതി രൂപീകരിച്ചത്. ഡോ. പ്രീതയ്ക്ക് ഇന്നലെ വരെയാണ് കാലാവധി നീട്ടിനൽകിയിരുന്നത്.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സമിതിയുടെ കൺവീനർ. ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് അഡി. ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർമാരും അംഗങ്ങളാണ്. കേരള ഹെൽത്ത് സർവിസസ് (മെഡിക്കൽ ഓഫിസേഴ്സ്) സ്പെഷൽ റൂൾസ് 2010 അനുസരിച്ച് ആരോഗ്യവകുപ്പിലെ അഡി. ഡയരക്ടർമാരിൽ നിന്ന് ഒരാളെയാണ് വകുപ്പ് ഡയരക്ടറായി നിയമിക്കുന്നത്. ഒരു വർഷമോ അതിൽ കൂടുതലോ സർവിസ് ശേഷിക്കുന്ന അഡി.ഡയരക്ടർമാരുടെ പാനൽ തയാറാക്കി സമർപ്പിക്കാൻ കമ്മിറ്റിയോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ആദ്യമായാണ് ഡയരക്ടർ തസ്തിക ഇത്രയുംകാലം ഒഴിഞ്ഞുകിടക്കുന്നത്.
ഡി.എച്ച്.എസ് ആയിരുന്ന ഡോ.സരിത 2021 ഏപ്രിലിൽ വിരമിച്ചപ്പോൾ ഡോ. രമേശിനെ ഡയരക്ടറായി നിയമിച്ചു. എന്നാൽ, രണ്ടുമാസത്തിനുശേഷം അദ്ദേഹം ചുമതലയിൽ നിന്ന് ഒഴിഞ്ഞപ്പോൾ അഡി.ഡയരക്ടർ ഡോ.രാജുവിന് താൽക്കാലിക ചുമതല നൽകി. ഏതാനും മാസങ്ങൾക്കുശേഷം അദ്ദേഹം വിരമിച്ചപ്പോൾ അഡി. ഡയരക്ടറായ ഡോ.പ്രീതയ്ക്ക് താൽക്കാലിക ചുമതല നൽകി. ദീർഘനാളായി ഒഴിഞ്ഞുകിടന്നിരുന്ന അഡി. ഡയരക്ടർമാരുടെ തസ്തികകൾ ജൂലൈയിൽ വകുപ്പുതല പ്രൊമോഷൻ കമ്മിറ്റി ചേർന്ന് നികത്തിയിരുന്നു. ആ സമയത്തും ഡി.എച്ച്.എസിനെ നിയമിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."