കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളെ അറസ്റ്റ് ചെയ്യാനാകാതെ പൊലിസ്
തൃശൂര്‍: സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുകേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാനാകാതെ പൊലിസ്.
ബാങ്ക് ഭരണസമിതി മുന്‍ സെക്രട്ടറി ഉള്‍പ്പടെ ആറുപേരെ പ്രതിചേര്ത്തിട്ട് ഒരാഴ്ച പിന്നിടുമ്പോഴും പൊലിസ് ഇരുട്ടില്‍ത്തപ്പുകയാണ്. അറസ്റ്റ് മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ്.
പ്രതിചേര്‍ക്കപ്പെട്ടതില്‍ നാലുപേരെ അയ്യന്തോളില്‍ നിന്ന് കസ്റ്റഡിയിലെടുത്തെന്ന വിവരങ്ങള്‍ പുറത്തുവന്നെങ്കിലും സ്ഥിരീകരിക്കാന്‍ അന്വേഷണസംഘം തയാറായിട്ടില്ല.
സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കമുള്ളവരാണ് പ്രതിസ്ഥാനത്തുള്ളതെന്നതിനാല് അന്വേഷണത്തില്‍ ബാഹ്യഇടപെടല്‍ നടക്കുന്നുണ്ടെന്നാണ് പ്രധാന ആരോപണം. ജില്ലയിലെ ഉന്നത സി.പി.എം നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന പ്രതിപക്ഷ ആരോപണം പ്രതികളുടെ അറസ്റ്റ് വൈകുന്നതോടെ കൂടുതല്‍ ബലപ്പെടുകയാണ്.
പ്രതികളെ പിടികൂടാത്തത് തെളിവ് നശിപ്പിക്കുന്നതടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയാണെന്ന ആരോപണവും ശക്തമാണ്. ഇതിന്റെ ഭാഗമായാണ് പ്രാദേശിക സി.പി.എം നേതാക്കള്‍ കഴിഞ്ഞ ദിവസം ബാങ്ക് സന്ദര്‍ശിച്ചതെന്നും ആരോപണമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."