അപരിചിതത്വം കുറ്റമാണോ..?
ഫീ പണ്ഡിതനായ അബൂബക്ര്‍ ശിബ്‌ലിയെ ആ അന്ധനു നന്നായി അറിയാം. അദ്ദേഹത്തിന്റെ ഗുണഗണങ്ങള്‍ പലകുറി കേട്ടിട്ടുണ്ട്. ആ കേട്ടറിവില്‍നിന്നാണ് അദ്ദേഹത്തോട് വല്ലാത്തൊരു ആഭിമുഖ്യം തോന്നിയത്. അദ്ദേഹത്തെ നേരില്‍ കിട്ടാനും സംസാരിക്കാനുമെല്ലാം അതിയായ മോഹം..
വിധിയെന്നു പറയട്ടെ, ഒരിക്കല്‍ ശിബ്‌ലിക്കു വല്ലാത്ത വിശപ്പുണ്ടായി. വിശപ്പടക്കാന്‍ കൈയില്‍ കാര്യമായ ഒന്നുമുണ്ടായിരുന്നില്ല. നിവൃത്തിയില്ലാത്തതുകൊണ്ടായിരിക്കാം, അദ്ദേഹം അന്നം തേടി പുറത്തിറങ്ങി. അങ്ങനെ എത്തിപ്പെട്ടത് ഇപ്പറഞ്ഞ അന്ധന്റെ അരികിലായിരുന്നു.. അന്ധന് ആളെ മനസിലായില്ല. താനാരാണെന്ന കാര്യം ശിബ്‌ലി വെളിപ്പെടുത്തിയതുമില്ല. തന്റെ അടുക്കല്‍ ഏതോ ഒരാള്‍ അന്നം തേടിയെത്തിയിരിക്കുന്നുവെന്നേ അയാള്‍ കണക്കാക്കിയുള്ളൂ.
അന്ധന്റെ കൈയില്‍ അന്നേരം രണ്ടു റൊട്ടിയുണ്ട്. മനസു വച്ചാല്‍ അതില്‍നിന്ന് ഒന്നു ദാനം ചെയ്യാം. പക്ഷേ, അതു ചെയ്തില്ല. ഒരു കഷ്ണം പോലും നല്‍കാതെ അദ്ദേഹം ശിബ്‌ലിയെ ശൂന്യഹസ്തനാക്കിവിട്ടു. പിന്നീട് ആരോ അന്ധനോടു പറഞ്ഞു: ''നിങ്ങളുടെ അടുക്കല്‍ ശിബ്‌ലി വന്നിരുന്നു. താങ്കള്‍ ഒരു റൊട്ടിക്കഷ്ണം പോലും അദ്ദേഹത്തിനു നില്‍കിയില്ലല്ലോ...!''
അതു കേട്ടപ്പോള്‍ അന്ധന്‍ ആകെ ബേജാറായി. മനസില്‍ അടക്കാനാവാത്ത സങ്കടം.. നിധികുംഭം കൈയില്‍ വന്നശേഷം അതു കൈവിട്ടുപോയ പ്രതീതി. പിന്നെ താമസിച്ചു നിന്നില്ല. വന്നുപോയ ഈ അബദ്ധത്തിന് പശ്ചാത്താപമെന്നോണം അദ്ദേഹം ഒരു സദ്യയൊരുക്കി. നൂറു ദീനാറാണു സദ്യയ്ക്കായി ചെലവിട്ടത്.. അതിലേക്ക് പ്രമുഖരെ ക്ഷണിച്ചു. കൂട്ടത്തില്‍ ശിബ്‌ലിയെയും വിളിച്ചു. ക്ഷണം സ്വീകരിച്ച് എല്ലാവരും സ്ഥലത്തെത്തി. ആ സദസില്‍ വച്ച് ശിബ്‌ലിയോട് ഒരാള്‍ ചോദിച്ചു: ''സ്വര്‍ഗക്കാരുടെയും നരകക്കാരുടെയും ലക്ഷണമെന്താണ്...?''
ശിബ്‌ലി പറഞ്ഞു: ''ദരിദ്രനായ ഒരാള്‍ക്ക് ദൈവപ്രീതി മോഹിച്ച് ഒരു റൊട്ടിപോലും കൊടുക്കാതിരിക്കുക. അതേസമയം ദേഹേച്ഛയ്ക്കായി നൂറു ദീനാര്‍ ചെലവിടുകയും ചെയ്യുക. ഇതാണ് നരകക്കാരുടെ ലക്ഷണം. സ്വര്‍ഗക്കാരുടേത് ഇതിനു നേര്‍വിരുദ്ധവും..!''
നിങ്ങള്‍ ബസില്‍ യാത്ര ചെയ്യുകയാണ്. ഇടക്കുവച്ച് നിങ്ങള്‍ക്കു പരിചയമില്ലാത്ത ഒരാള്‍ കയറിവരുന്നു. സീറ്റു ലഭിക്കാത്തതിനാല്‍ അദ്ദേഹം നിങ്ങളിരിക്കുന്ന സീറ്റിനരികെയുള്ള തൂണില്‍ പിടിച്ച് നില്‍ക്കുകയും ചെയ്യുന്നു.. നിങ്ങളെന്തു ചെയ്യും...? എഴുന്നേറ്റു കൊടുക്കുമോ...?
ഇവിടെ ബഹുഭൂരിഭാഗമാളുകളും എഴുന്നേറ്റു കൊടുക്കാന്‍ തയാറാവില്ലെന്നു മാത്രമല്ല, കണ്ട ഭാവം പോലും പ്രകടിപ്പിക്കില്ല. ഇനി അവിടെ കയറിവന്ന വ്യക്തി നിങ്ങളുടെ പരിചയക്കാരനാണെന്നു കരുതുക. എങ്കില്‍ എന്തു ചെയ്യും...? നിങ്ങള്‍ എഴുന്നേറ്റു കൊടുക്കാതിരിക്കുമോ..? ഏറ്റവും ചുരുങ്ങിയത് ഇരിക്കണോ എന്നു ചോദിക്കുകയെങ്കിലും ചെയ്യില്ലേ..
അതയാത്, നിങ്ങളുടെ കണക്കില്‍ പരിചിതന്‍ പരിഗണനാര്‍ഹനും അപരിചിതന്‍ അവഗണനാര്‍ഹനുമാണ്..!
ചോദിക്കട്ടെ, അപരിചിതന് അവഗണനശിക്ഷ നല്‍കാന്‍ അവന്‍ എന്തു തെറ്റുചെയ്തു...? അവന്‍ നിങ്ങള്‍ക്കു മുന്‍പരിചയമില്ലാത്ത വ്യക്തിയാണെന്നത് അയാളുടെ കുറ്റമാണോ..? അപരിചിതത്വം എന്നത് അവഗണനയ്ക്കു നിരത്താവുന്ന വല്ല ന്യായവുമാണോ...?
നിങ്ങളുടെ സുഹൃത്ത് നിങ്ങളെയും കൂട്ടി അവന്റെ കുടുംബവീട്ടില്‍ ചെന്നുവെന്നു സങ്കല്‍പിക്കുക. കുടുംബത്തെ നിങ്ങള്‍ക്കു പരിചയമില്ല. കുടുംബക്കാര്‍ക്കു നിങ്ങളെയും പരിചയമില്ല. ആ അപരിചിതത്വം അവര്‍ തങ്ങളുടെ സമീപനത്തില്‍ കാണിച്ചാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ.. എത്ര വലിയ മനഃപ്രയാസമായിരിക്കും നിങ്ങള്‍ക്കപ്പോള്‍ അനുഭവപ്പെടുക..! അരികുവല്‍ക്കരിക്കപ്പെടുന്ന അപരിചിതനെ ഈ കോണിലൂടെ വേണം നോക്കിക്കാണാന്‍.
അപരിചിതന്‍ തേടുന്നത് മാനുഷികമായൊരു പരിഗണന മാത്രമാണ്. അതു ലഭിച്ചിട്ടു മതി അദ്ദേഹത്തിനു മറ്റെന്തും. തന്നെ ആരെങ്കിലും വിലവയ്ക്കുമോ, ഒറ്റപ്പെട്ടു പോകുമോ, വിരസനായി ഇരിക്കേണ്ടിവരുമോ എന്നിത്യാദി ആശങ്കകള്‍ മനസിലേറ്റിയായിരിക്കും അദ്ദേഹം നടക്കുക. മാനസികമായ ഒരുതരം അസ്ഥിരത അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കും. അത്തരത്തിലുള്ള ഒരു വ്യക്തിക്ക് പരിചിതഭാവം നല്‍കാന്‍ കഴിയുന്നതിന്റെ പുണ്യം ഒട്ടും ചെറുതല്ല.
അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും അഭിവാദ്യങ്ങളര്‍പ്പിക്കണമെന്നാണു മതനിയമം. പരിചിതരോട് ഒരു സമീപനവും അപരിചിതരോട് മറ്റൊരു സമീപനവും എന്നത് ഉന്നതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്കു ചേരില്ല. അപരിചിതത്വം കാരണമായി സ്‌നേഹവും കരുതലും പുഞ്ചിരിയുമെല്ലാം നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകരുത്. മനുഷ്യര്‍ മുഴുവന്‍ ഒരേ പിതാവിന്റെയും മാതാവിന്റെയും സന്തതികളാണെന്ന ദര്‍ശനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മനുഷ്യരെ മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനാവില്ല. എല്ലാവരെയും സ്വന്തം സഹോദരസഹോദരിമാരായി കാണാന്‍ അവര്‍ക്കേ കഴിയൂ.
അറിയുന്നവരെ മാത്രമേ വിലവയ്ക്കൂ എന്ന ശാഠ്യം തിരിച്ചടിസ്വഭാവമുള്ളതാണെന്നു മറക്കാതിരിക്കുക. പരിഗണിക്കാത്തവനു പരിഗണന ലഭിക്കുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."