സര്‍വകലാശാലകളിലെ പെന്‍ഷന്‍ പരിഷ്‌കരണം പ്രതിസന്ധിയില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാല ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരണം പ്രതിസന്ധിയില്‍. പെന്‍ഷന്‍ തനത് ഫണ്ടില്‍ നിന്നും നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം നടപ്പാക്കാനാവാത്തതാണ് കാരണം. സര്‍വകലാശാലകളിലെ വിവിധ അക്കൗണ്ടുകളില്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കാന്‍ മതിയായ തുകയുണ്ടെന്ന സര്‍ക്കാര്‍ ഓഡിറ്റ് വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കരണത്തിനു വേണ്ട ചെലവ് സര്‍വകലാശാലകള്‍ വഹിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചത്. സര്‍വകലാശാല ചട്ടമനുസരിച്ച് പെന്‍ഷന്‍ഫണ്ട് രൂപീകരിക്കണമെങ്കിലും കൊച്ചി, കണ്ണൂര്‍ സര്‍വകലാശാലകള്‍ മാത്രമാണ് ഇത് രൂപീകരിച്ചത്. കേരള സര്‍വകലാശാല പെന്‍ഷന്‍ഫണ്ട് രൂപീകരിച്ചിട്ടില്ലെങ്കിലും ഇതിന് തുക മാറ്റിവച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഡിറ്റ് വകുപ്പ് എല്ലാ സര്‍വകലാശാലകളിലും അധിക ഫണ്ട് ഉണ്ടെന്ന് സര്‍ക്കാരിനെ ധരിപ്പിച്ചതും സര്‍വകലാശാലകള്‍ ചെലവു വഹിക്കണമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചതെന്നുമാണ് വിലയിരുത്തല്‍. കേരള സര്‍വകലാശാല പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കിയെങ്കിലും വൈസ് ചാന്‍സലര്‍ അത് റദ്ദാക്കിയിരുന്നു. കൊച്ചി, എം.ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ അടുത്ത മാസം മുതല്‍ പരിഷ്‌കരണം നടപ്പാക്കുമെങ്കിലും ഫണ്ട് അപര്യാപ്തതമൂലം രണ്ട് വര്‍ഷത്തെ കുടിശ്ശിക തടഞ്ഞുവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരള, കാര്‍ഷിക, സംസ്‌കൃത സര്‍വകലാശാലകള്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് സര്‍വകലാശാലകള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."