പട്ടാപ്പകല്‍ ഡോക്ടര്‍ ചമഞ്ഞ് വീട്ടിലെത്തി വൃദ്ധയുടെ മാല കവര്‍ന്നു
ചങ്ങരംകുളം: പെരുമ്പടപ്പ് പഞ്ചായത്തിലെ കോടത്തൂരില്‍ ഡോക്ടറാണെന്ന് പറഞ്ഞ് കബളിപ്പിച്ച് വൃദ്ധയുടെ ഒന്നര പവന്റെ മാല കവര്‍ന്നു.
കോടത്തൂര്‍ കരിപ്പോട്ട് കൃഷ്ണന്റെ ഭാര്യ മണിയുടെ മാലയാണ് ഡോക്ടര്‍ ചമഞ്ഞ് വീട്ടിലെത്തി കവര്‍ന്നത്. മാസങ്ങള്‍ക്ക് മുന്‍പ് മണിക്ക് ഓപ്പറേഷന്‍ നടത്തി കാലില്‍ സ്റ്റീല്‍ കമ്പി ഇട്ടിരുന്നു. നിര്‍ധനരായ ഇവര്‍ക്ക് രേഖകള്‍ സമര്‍പ്പിച്ചാല്‍ ആനുകൂല്യം നല്‍കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
ബുധനാഴ്ച ഡോക്ടറാണെന്ന് പറഞ്ഞ് ഒരാള്‍ വീട്ടില്‍ വരികയും ധനസഹായം ഉണ്ടെന്നും പരിശോധന നടത്തണമെന്ന് അറിയിക്കുകയും ചെയ്തു. ഈ സമയം മണി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് ഇയാള്‍ കഴുത്തിലെ മാല അഴിച്ചുവച്ചിട്ട് പരിശോധനയ്ക്കായി കിടക്കാന്‍ ആവശ്യപ്പെട്ടു. മാല ഊരിവച്ച തക്കത്തിന് മാലയുമായി ഡോക്ടറാണെന്ന് പറഞ്ഞുവന്ന ആള്‍ ഇറങ്ങി ഓടി.
ബഹളം വച്ചെങ്കിലും അടുത്ത വീടുകളില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു ഏകദേശം 40 വയസ് തോന്നിക്കുന്ന ആളാണ് മോഷണം നടത്തിയത്. പെരുമ്പടപ്പ് പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."