നൗഫലിന് ശിശുക്ഷേമസമിതി തുണയാകും
തൊടുപുഴ: മാതാപിതാക്കളുടെ ക്രൂരപീഡനത്തിന് ഇരയായ അടിമാലി കൂമ്പന്‍പാറയിലെ 10 വയസുകാരന് നൗഫലിന്റെ സംരക്ഷണം ശിശുക്ഷേമസമിതി ഏറ്റെടുക്കും. നൗഫലിന്റെ മാതാവ് സെലീന, സഹോദരങ്ങളായ ഒന്‍പത് വയസുകാരന്, മൂന്നു മാസം പ്രായമുളള പെണ്‍കുട്ടി എന്നിവരെ ഇന്നലെ തൊടുപുഴയില്‍ ജില്ലാ ശിശുക്ഷേമ സമിതി മുന്‍പാകെ ഹാജരാക്കി. ഇവരെ താല്‍ക്കാലികമായി ചെറുതോണിയിലെ സ്വധര്‍ ഹോമിലേക്കു പൊലിസ് സംരക്ഷണത്തില്‍ മാറ്റി. കഞ്ചാവു കേസില്‍ ദേവികുളം സബ്ജയിലില്‍ കഴിയുന്ന പിതാവ് നസീറിനെ വിട്ടുകിട്ടാന്‍ ദേവികുളം കോടതിയില്‍ അപേക്ഷ നല്‍കും.
സമിതി അധ്യക്ഷന്‍ അഡ്വ.പി.ജി ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പ് മൂന്നു മണിക്കൂര്‍ നീണ്ടു. കുരങ്ങുകടിച്ചാണ് നൗഫലിന് പരിക്കേറ്റതെന്ന വാദം സെലീന ഇന്നലെ സമിതിക്കുമുന്നിലും ആവര്‍ത്തിച്ചു. ഇളയകുട്ടിയും ഇതു തന്നെയാണ് പറഞ്ഞത്. എന്നാല്‍ ഈ മൊഴി കുട്ടിയെ പറഞ്ഞുപഠിപ്പിച്ചതാണെന്നും നൗഫലിന്റെ പരുക്ക് മര്‍ദ്ദനം മൂലമാണെന്നുമാണ് സമിതി പ്രദേശത്തുനടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരം. ജില്ലാ ശിശു സംരക്ഷണ സമിതി ഓഫിസര്‍മാരായ വി.എ ഷംനാദ് കൂമ്പന്‍പാറ മഠംപടിയിലെ വീട്ടിലും ജോമറ്റ് ജോര്‍ജ് നൗഫല്‍ ചികിത്സയിലുള്ള എറണാകുളം ആശുപത്രിയിലുമെത്തി വിശദമായ അന്വേഷണം നടത്തിയിരുന്നു. വീട്ടില്‍ നിന്ന് കുട്ടികളുടെ കരച്ചില് പതിവായി കേള്‍ക്കാറുണ്ടായിരുന്നെന്നും ഇവര്‍ക്ക് അയല്പക്കക്കാരുമായി ബന്ധമില്ലായിരുന്നെന്നും സമീപവാസികളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. രാത്രിയില്‍ വീട്ടില്‍ വെളിച്ചമിടുന്ന പതിവ് ഇല്ലായിരുന്നെന്നും അറിവായിട്ടുണ്ട്. ഭക്ഷണം കൊടുക്കാറില്ലായിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി.
ഈ ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ കൂടിയുണ്ട്. ഏഴു വയസുകാരി ഉമ്മുകുല്‍സുവും നാലു വയസുകാരന് അന്‍വറും. ഉമ്മുകുല്‍സു അടിമാലിയിലും അന്‍വര്‍ എറണാകുളത്തും ബന്ധുവീടുകളിലാണ് കഴിയുന്നത്. ബന്ധുക്കള്‍ താല്പര്യം പ്രകടിപ്പിച്ചാല്‍ കുട്ടികളെ അവര്‍ക്ക് കൈമാറാനും സമിതി ആലോചിക്കുന്നുണ്ട്.
എറണാകുളം സൗത്ത് റെയില്‍വേ കോളനിയിലാണ് നസീറിന്റെ വീടെന്നാണ് ലഭിച്ച വിവരം. കാസര്‍കോട് സ്വദേശിനിയാണ് സെലീന. ഉണ്ണി എന്നൊരാളാണ് സെലീനയെ ആദ്യം വിവാഹം കഴിച്ചിരുന്നതെന്നും ഈ ബന്ധത്തില്‍ 15 വയസുകാരിയായ പെണ്കുട്ടിയുണ്ടെന്നും പറയുന്നു. ഈ ബന്ധം ഒഴിഞ്ഞതിനു ശേഷമാണ് സെലീന കാസര്‍കോട് മല്‍സ്യബന്ധന തൊഴിലിനെത്തിയ നസീറിനെ പരിചയപ്പെട്ട് ഒപ്പം താമസമാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 സ്ഥലത്തെങ്കിലും താമസിച്ച ശേഷമാണ് രണ്ടു മാസം മുമ്പ് അടിമാലിയിലെത്തിയത്. അവിടെ പെട്ടിക്കട നടത്തുന്നുണ്ട്. കഞ്ചാവ് വില്‍പ്പനക്കുളള മറയായാണ് കട നടത്തിയിരുന്നതെന്ന് പറയപ്പെടുന്നു. തൊട്ടുമുന്‍പ് നേര്യമംഗലത്തായിരുന്നു താമസം. കാഞ്ഞങ്ങാട് സ്റ്റേഷന് പരിധിയിലെ കത്തിക്കുത്ത് കേസടക്കം 10 ഓളം കേസുകള്‍ നസീറിന്റെ പേരിലുണ്ട്.
കഴിഞ്ഞദിവസം കഞ്ചാവുമായി പിടിയിലായ നസീറിനുവേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ചൊവ്വാഴ്ച ഇയാളുടെ സഹോദരിമാര്‍ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിയപ്പോഴാണ് നൗഫലിന്റെ കരച്ചില് കേട്ടത്. ഓട്ടോഡ്രൈവറും അയല്‍വാസിയായ സ്ത്രീയും നൗഫലിനെ കണ്ടതോടെ നാട്ടുകാരുടെയും പൊലിസിന്റെയും സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തെതുടര്‍ന്ന് ശനിയാഴ്ച മൂന്നിന് എറണാകുളം കലക്ടറേറ്റില്‍ ശിശുക്ഷേമ സമിതി അധികൃതരുടെയും പൊലിസിന്റെയും സംയുക്ത യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."