യൂനിവേഴ്‌സിറ്റി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല; വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് അപേക്ഷ തിരിച്ചയക്കുന്നു
നിലമ്പൂർ • കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയും കണ്ണൂർ യൂനിവേഴ്‌സിറ്റിയും ഉൾപ്പെടെ വിവിധ യൂനിവേഴ്‌സിറ്റികൾ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ ഈ വർഷത്തെ സ്‌കോളർഷിപ്പ് പുതുക്കലിന് കോളജ് വിദ്യാർഥികൾ ഓൺലൈനായ സമർപ്പിച്ച കേന്ദ്ര സ്‌കോളർഷിപ്പുകൾ അധികൃതർ തിരിച്ചയക്കുന്നു.
സംസ്ഥാനത്തെ കോളജുകളിൽ രണ്ട്, മൂന്ന് വർഷ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പഠിക്കുന്ന ആയിരകണക്കിന് വിദ്യാർഥികളുടെ അപേക്ഷകളാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള കോളജ് വിദ്യാഭ്യാസ വകുപ്പ് സ്‌കോളർഷിപ്പ് വിഭാഗം ഓൺലൈൻ വഴി തിരിച്ചയച്ചത്. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പ് കിട്ടിയവർക്ക് ഈ വർഷത്തേക്ക് പുതുക്കലിനായി പോസ്റ്റ്‌മെട്രിക്, സെൻട്രൽ സെക്ടർ, യു.ജി.സി ഒറ്റ പെൺകുട്ടി സ്‌കോളർഷിപ്പുകൾ ഈ മാസം 31 വരെയാണ് പുതുക്കാൻ അവസരമുള്ളത്.
പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പുതുക്കുന്നവർ മുൻവർഷത്തെ മാർക്ക് ലിസ്റ്റുകൾ ഓൺലൈനായി തന്നെ കേന്ദ്ര സർക്കാരിന്റെ എൻ.എസ്.പി പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. എന്നാൽ രണ്ടാം വർഷ വിദ്യാർഥികളുടെ ഒന്നും, രണ്ടും സെമസ്റ്റർ പരീക്ഷാ ഫലവും, മൂന്നാം വർഷം പഠിക്കുന്നവരുടെ മൂന്നും, നാലും സെമസ്റ്റർ പരീക്ഷാ ഫലവും ഇതുവരെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചിട്ടില്ല. മറ്റു യൂനിവേഴ്‌സിറ്റികൾ ഒരു സെമസ്റ്റർ പരീക്ഷാ ഫലം മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. സ്‌കോളർഷിപ്പ് പുതുക്കാനുള്ള തീയതി അവസാനിക്കാനിരിക്കേ പരീക്ഷാ ഫലം പുറത്തുവിടാനുള്ള സാധ്യതയും കുറവാണ്.
പല സ്ഥാപനങ്ങളും വിദ്യാർഥികളുടെ പക്കൽ നിന്നുള്ള അഫിഡവിറ്റ് വാങ്ങി അപേക്ഷ നൽകിയെങ്കിലും മാർക്ക് ലിസ്റ്റ് അപ് ലോഡ് ചെയ്യണമെന്ന് കാണിച്ച് സ്‌കോളർഷിപ്പ് അധികൃതർ അപേക്ഷ നിരസിച്ചിരിക്കുകയാണ്. വിദ്യാർഥികൾ ഓൺലൈനിൽ എഡിറ്റ് ചെയ്ത് യൂനിവേഴ്‌സിറ്റി മാർക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യാനാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ പരിക്ഷാഫലം വരാത്തത് വിദ്യാർഥികൾക്ക് തിരിച്ചടിയാവും. എന്നാണ് പരീക്ഷാ ഫലം വരിക എന്നുപോലും മറുപടി നൽകാൻ യൂനിവേഴ്‌സിറ്റി അധികൃതരും തയാറാവുന്നില്ല.
യൂനിവേഴ്‌സിറ്റി അധികൃതർ പരീക്ഷാഫലം പുറത്തുവിടുന്നത് വൈകിപ്പിച്ചാൽ ആയിരകണക്കിന് വിദ്യാർഥികൾക്ക് ഈ വർഷം സ്‌കോളർഷിപ്പ് നഷ്ടപ്പെടും. അതേസമയം 50000ത്തിൽ താഴെയുള്ള സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കുമ്പോൾ ഒരു രേഖയും അപ്‌ലോഡ് ചെയ്യേണ്ടതില്ലെന്ന് ഓൺലൈൻ പോർട്ടലിൽ തന്നെ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഇതു പ്രകാരം രേഖകൾ അപ്‌ലോഡ് ചെയ്യാതെ അയക്കുന്ന അപേക്ഷകളും തിരുവനന്തപുരത്തെ സ്‌കോളർഷിപ്പ് വിഭാഗം അകാരണമായി നിരസിക്കുന്നതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."