HOME
DETAILS

വാർധക്യത്തിലെത്തുന്ന പാർട്ടികൾ

  
backup
October 17 2022 | 20:10 PM

party111

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

പാർട്ടിക്ക് വാർധക്യം ബാധിച്ചിരിക്കുന്നുവെന്ന് സി.പി.ഐ പാർട്ടി കോൺഗ്രസിൽ സ്വയം വിമർശനം. പാർട്ടി വൃദ്ധനേതൃത്വത്തിന്റെ കീഴിലാണെന്നാണ് സ്വയം കുറ്റപ്പെടുത്തൽ. ഒരിക്കൽ ഏതെങ്കിലും പദവിയിലെത്തിക്കഴിഞ്ഞാൽ അതു വിട്ടൊഴിയുന്ന പ്രശ്‌നമില്ലെന്ന സ്ഥിതി മാറിയേ മതിയാവൂ എന്നും നേതൃത്വം ഉറക്കെപ്പറയുന്നു. വിജയവാഡയിൽ നടക്കുന്ന സി.പി.ഐ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് വാർധക്യം ബാധിച്ച നേതൃത്വത്തെപ്പറ്റി സ്വയം വിമർശനാത്മകമായ പരാമർശമുള്ളത്. 80 വയസുകാരൻ മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രസിഡന്റായി മത്സരിക്കുന്നതും 66കാരനായ പ്രഗത്ഭ നേതാവ് ഡോ. ശശി തരൂരിനെ തഴഞ്ഞ് ഹൈക്കമാൻഡും ഭൂരിപക്ഷം ഡി.സി.സികളും ഖാർഗെയ്ക്കനുകൂലമായി തിരിയുകയും ചെയ്ത പശ്ചാത്തലത്തിലാണ് സി.പി.ഐയുടെ പാർട്ടി കോൺഗ്രസ് വൃദ്ധനേതൃത്വത്തിനെതിരേ ആഞ്ഞടിക്കുന്നത് എന്ന കാര്യം കൗതുകമുയർത്തുന്നു.


ഇരിക്കുന്നിടത്തുനിന്ന് ഇറങ്ങാൻ കൂട്ടാക്കാത്ത നേതാക്കന്മാർ തന്നെയാണ് പാർട്ടിയുടെ ജീർണതയ്ക്കും നിശ്ചലാവസ്ഥയ്ക്കും കാരണമെന്ന ധീരമായ പ്രസ്താവന പാർട്ടി കോൺഗ്രസിൽ വയ്ക്കാൻ സി.പി.ഐ കേന്ദ്രനേതൃത്വം തയാറാകാതെ, സ്വന്തം വീഴ്ചകൾ തിരിച്ചറിഞ്ഞ് തിരുത്താൻ തയാറാകാതെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കെതിരേ ദേശീയ ബദലുണ്ടാക്കാൻ കഴിയില്ലെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു സംഘടനാ റിപ്പോർട്ട്. രാഷ്ട്രീയ പാർട്ടികളിൽ പ്രായവും പ്രായാധിക്യവും വലിയ ചർച്ചാ വിഷയമായിരിക്കുന്നു. പാർട്ടികൾ മുരടിച്ചുപോകാൻ കാരണം വൃദ്ധരായ നേതാക്കളാണെന്ന് അണികൾ പറയാൻ തുടങ്ങിയിരിക്കുന്നു. വൃദ്ധനേതൃത്വം സ്ഥാനമൊഴിയണമെന്ന് യുവാക്കൾ ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. സി.പി.ഐ പാർട്ടി കോൺഗ്രസിൽ നേതൃത്വം തന്നെയാണ് പാർട്ടിക്കു വാർധക്യമായിരിക്കുന്നുവെന്ന് സ്വയം വിമർശനമായി പറഞ്ഞുവയ്ക്കുന്നതെന്നും കാണണം.


1970ലെ തെരഞ്ഞെടുപ്പു തന്നെ ഉദാഹരണം. അറുപതുകളുടെ കേരളരാഷ്ട്രീയം കണ്ട ഏറ്റവും വലിയ കാര്യം കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും വളർച്ചയാണ്. എം.എ ജോണിന്റെ പ്രഗത്ഭ നേതൃത്വമാണ് കോൺഗ്രസിന്റെ ഈ വിദ്യാർഥി-യുവജന സംഘടനകൾക്ക് ആശയപരമായൊരു അടിത്തറ ഉണ്ടാക്കിക്കൊടുത്തത്. സംസ്ഥാനത്തെ രാഷ്ട്രീയ പ്രവർത്തനരീതി തന്നെ മാറ്റിമറിക്കാൻ പോരുന്നതായിരുന്നു ഈ സംഘടനകളുടെ വളർച്ച. രാഷ്ട്രീയ പാർട്ടികളിലേക്ക് ആളുകൾ ചേരുന്നത് വിദ്യാർഥി-യുവജന സംഘടനകളിലൂടെയാവണമെന്ന രീതി ഉണ്ടാക്കിയെടുക്കുന്നതിൽ ഈ സംഘടനകളുടെ പങ്ക് വലുതാണ്. കെ.എസ്.യുവിലൂടെ പേരെടുത്ത യുവനേതാക്കൾ സംസ്ഥാനത്തെ പൊതുരാഷ്ട്രീയത്തിലേയ്ക്ക് ഒരു മിന്നൽപോലെ കടന്നുവരുന്നതും കേരളം കണ്ടു. 1970ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.കെ ആന്റണി, ഉമ്മൻ ചാണ്ടി, എ.സി ഷൺമുഖദാസ്, കൊട്ടറ ഗോപാലകൃഷ്ണൻ, എൻ. രാമകൃഷ്ണൻ എന്നീ ചെറുപ്പക്കാർ ജയിച്ചുകയറുന്നതും കേരള നിയമസഭയിലേക്കു കടന്നുചെല്ലുന്നതും കണ്ട് കേരളം പുളകംകൊണ്ടു. പിറ്റേവർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിൽ മത്സരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർഥി ആർ. ശങ്കറായിരുന്നു. അന്നു കോൺഗ്രസിലെ ഏറ്റവും കരുത്തനും ശക്തനുമായ നേതാവ്, 61കാരനായ ശങ്കർ ലോക്‌സഭയിലെത്തേണ്ടത് ഹൈക്കമാൻഡിന്റെ ആവശ്യമായിരുന്നു. പക്ഷേ, സീറ്റിന് അവകാശവുമായി യൂത്ത് കോൺഗ്രസ് നേതാവ് വയലാർ രവി രംഗത്തെത്തി. പിന്തുണയുമായി ഉമ്മൻ ചാണ്ടിയും യൂത്ത് കോൺഗ്രസും. 32കാരൻ വയലാർ രവി സമ്മർദം മുറുക്കിയപ്പോൾ ആർ. ശങ്കറിനു പിന്മാറേണ്ടി വന്നു.


യുവനേതാക്കൾ സംഘടനയിലും ഭരണത്തിലും താക്കോൽസ്ഥാനങ്ങൾ പിടിച്ചു പറ്റണമെന്നായിരുന്നു എം.എ ജോൺ കെ.എസ്.യു-യൂത്ത് കോൺഗ്രസ് ഭാരവാഹികളെയും പ്രവർത്തകരെയും പഠിപ്പിച്ചത്. ഇതു കോൺഗ്രസിന്റെ വിദ്യാർഥി-യുവജന സംഘടനകളിൽ വലിയൊരാവേശം വിതച്ചു. അതിന്റെ ബലത്തിൽതന്നെ ഈ സംഘടനകൾ അതിവേഗം വളർന്നു. അതിലൂടെ പ്രഗത്ഭരായ അനേകം നേതാക്കൾ പൊതുരാഷ്ട്രീയത്തിലേയ്ക്കു കടക്കുകയും ചെയ്തു. എ.കെ ആന്റണി, ഉമ്മൻ ചാണ്ടി, വി.എം സുധീരൻ, പി.സി ചാക്കോ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.സി ഷൺമുഖദാസ് എന്നിങ്ങനെ എത്രയെത്ര നേതാക്കളാണ് ഈ യുവതരംഗത്തിൽ ഉയർന്നുവന്നത്.
ഇവരൊക്കെയും വിവിധങ്ങളായ താക്കോൽസ്ഥാനങ്ങളിൽ കയറിയിരുന്നു. കാലം കഴിഞ്ഞിട്ടും അവരിൽ പലരും സ്ഥാനങ്ങൾ വിട്ടുകൊടുത്തില്ല. നേതാക്കൾ ഇരിക്കുന്ന സ്ഥാനങ്ങൾ ഒഴിയാത്തതാണ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് സി.പി.ഐ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്, ഫലത്തിൽ എല്ലാ കക്ഷികളുടെയും സാധാരണ സ്ഥിതിയായി മാറുകയായിരുന്നു.


പ്രായത്തിന്റെ കാര്യത്തിൽ കർശനമായ നിലപാട് കൊണ്ടുവന്നത് സി.പി.എമ്മാണ്. ഒരാൾക്ക് ഒരു പദവിയിൽ രണ്ടുതവണയിൽ കൂടുതൽ അവസരം നൽകേണ്ടതില്ലെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും ഈ തത്വം നടപ്പാക്കി. ഇത് ഏറെ വീഴ്ചകൾക്കും കാരണമായി. കോഴിക്കോട്ടെ എ. പ്രദീപ്കുമാർ, കണ്ണൂരിലെ ജെയിംസ് മാത്യു, മുൻ മന്ത്രിമാരായ ജി. സുധാകരൻ, ഡോ. തോമസ് ഐസക്ക് എന്നിവർക്കൊന്നും സീറ്റ് കിട്ടിയില്ല. ഒന്നാം പിണറായി സർക്കാരിന്റെ പ്രഗത്ഭരായ മന്ത്രിമാരായിരുന്നു സുധാകരനും ഐസക്കും. ശൈലജ ടീച്ചറിന് സീറ്റ് കിട്ടുകയും വിജയിക്കുകയും ചെയ്തിട്ടും മന്ത്രിസ്ഥാനം കിട്ടിയില്ല. അവിടെയും ഇതേ തത്വം തന്നെയായിരുന്നു മാനദണ്ഡം.


പുതുമുഖങ്ങളെ മന്ത്രിമാരാക്കി വലിയൊരു പരീക്ഷണത്തിനു കളമൊരുക്കാൻ രണ്ടാമതും മുഖ്യമന്ത്രിയായ പിണറായി വിജയനു സാധ്യമായത് ഈ മാനദണ്ഡം മൂലമാണ്. യുവാക്കളെ അണിനിരത്തി മന്ത്രിസഭയുണ്ടാക്കി. ഒരുവർഷം കഴിഞ്ഞപ്പോഴേക്കും മന്ത്രിമാരെക്കുറിച്ച് ആക്ഷേപങ്ങൾ വ്യാപകമായി. രണ്ടാം പിണറായി സർക്കാർ ഒന്നാം പിണറായി സർക്കാരിനോളം പോരാ എന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിതന്നെ അഭിപ്രായപ്പെട്ടു. പല മന്ത്രിമാരെയും അംഗങ്ങൾ പേരെടുത്തു പരാമർശിച്ച് കുറ്റപ്പെടുത്തി.


കേരളരാഷ്ട്രീയത്തിലെ രണ്ടു പരീക്ഷണങ്ങളാണ് ഇവിടെ വിവരിച്ചത്. എ.കെ ആന്റണിയും കൂട്ടരും യുവതരംഗത്തിലൂടെ കോൺഗ്രസ് കീഴടക്കിയതും മുഖ്യമന്ത്രി പിണറായി വിജയൻ പുതുമുഖങ്ങളെ മന്ത്രിമാരാക്കിയതും. കോൺഗ്രസിൽ വിപ്ലവമുണ്ടാക്കി താക്കോൽസ്ഥാനങ്ങളിൽ കയറിപ്പറ്റിയവർ ഇറങ്ങിപ്പോകാൻ തയാറാകാതെ അവിടെത്തന്നെ അള്ളിപ്പിടിച്ചിരിക്കുന്നത് പിന്നീട് കേരളം കണ്ട കാര്യം. എല്ലാം യുവാക്കൾക്ക് എന്ന നിലപാട് ശരിയാവണമെന്നില്ലെന്ന് രണ്ടാം പിണറായി സർക്കാരും പഠിപ്പിച്ചു.


എന്തൊക്കെയായാലും രാഷ്ട്രീയത്തിൽ ഒരു പ്രായപരിധി അത്യാവശ്യം തന്നെയാണെന്ന് അനുഭവങ്ങളും പരീക്ഷണങ്ങളും പഠിപ്പിക്കുന്നു. കോൺഗ്രസിൽ യുവതരംഗം അറുപതുകളിലും എഴുപതുകളിലും കൊണ്ടുവന്ന നേട്ടങ്ങൾ ചില്ലറയല്ല. മറ്റുപല സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നപ്പോഴും കേരളത്തിൽ തലയുയർത്തിത്തന്നെ നിന്നു. 1969ൽ കെ. കരുണാകരൻ രൂപംനൽകിയ ഐക്യജനാധിപത്യ മുന്നണി ഇന്നും തുടരുന്നു. തലപ്പത്ത് കോൺഗ്രസ് കരുത്തോടെ നിൽക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒന്നിടവിട്ടുള്ള ഇടവേളകളിൽ കോൺഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു. പക്ഷേ, ചില നേതാക്കൾ അവിടെത്തന്നെ ചടഞ്ഞുകൂടിയിരിക്കുന്നതും സംഘടനയിൽ ജീർണത പകരുന്നതും ആരും ശ്രദ്ധിച്ചില്ല. ഫലമോ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും മുന്നണിയും പരാജയപ്പെട്ടു.
എൺപതുകാരൻ മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരേ 66കാരനായ ശശി തരൂർ മത്സരിക്കുന്നത് ഇന്ത്യയിൽതന്നെ വലിയ രാഷ്ട്രീയ സംഭവമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. ഖാർഗെയ്ക്ക് ഹൈക്കമാൻഡ് പിന്തുണയുണ്ടെന്നതു വ്യക്തം. അതുകൊണ്ടുതന്നെ പി.സി.സികളും പ്രമുഖ നേതാക്കളുമെല്ലാം ഖാർഗെയ്ക്കു പിന്നിൽതന്നെ. എങ്കിലും ഇന്ത്യയുടെ പൊതുസമൂഹം ശശി തരൂരിനൊപ്പമാണ്. കാരണം കോൺഗ്രസിനെ രക്ഷിക്കാൻ ശശി തരൂരിനെപ്പോലൊരു നേതാവാണു വേണ്ടതെന്ന് പൊതുജനമനസ് ചിന്തിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യയിലെ യുവാക്കൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago