ഇന്ത്യ-സഊദി പ്രതിരോധ ബന്ധം ശക്തിയാർജ്ജിക്കുന്നു, ഐ എൻ എസ് കൊച്ചി യുദ്ധക്കപ്പൽ ജുബൈൽ തുറമുഖത്ത്
ദമാം: ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പ്രതിരോധ ബന്ധത്തിന് കൂടുതൽ ശക്തി പകർന്നു ഇന്ത്യൻ യുദ്ധകപ്പൽ സഊദി തുറമുഖത്തെത്തി. ഇന്ത്യൻ വെസ്റ്റേൺ നേവൽ ഫ്ലീറ്റിന്റെ മുൻനിര പോരാളിയായ ഐ എൻ എസ് കൊച്ചി, കിഴക്കൻ സഊദിയിലെ പ്രമുഖ തുറമുഖമായ ജുബൈലിലെ തുടമുഖത്താണ് ഉഭയകക്ഷിയിലെ ഒരു പുതിയ അധ്യായമായി നങ്കൂരമിട്ടത്. അൽ മുഹദ് – അൽ ഹിന്ദി 2021′ എന്ന പേരിൽ നടക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ നാവിക അഭ്യാസത്തിന്റെ ഭാഗമായാണ് ഐ എൻ എസ് കൊച്ചി ജുബൈലിൽ എത്തിയത്.
ഇന്ത്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച, കൊൽക്കത്ത ക്ലാസ് സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ പോരാളിയായ ഐ എൻ എസ് കൊച്ചി 2015 സെപ്റ്റംബർ 30 നാണ് കമ്മീഷൻ ചെയ്തത്. മുംബൈയിലെ മസഗോൺ ഡോക്ക് ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ച ‘ഐ എൻ എസ് കൊച്ചി’ ഈ ഗണത്തിലെ ഏറ്റവും ശക്തമായ യുദ്ധക്കപ്പലുകളിൽ ഒന്നാണ്. നിരവധി ആധുനിക സംവിധാനങ്ങൾ അടങ്ങിയിരിക്കുന്ന ഈ കപ്പൽ കടലിൽ നിന്നും വെള്ളത്തിനടിയിൽ നിന്നും ഉണ്ടാകുന്ന ഏതൊരു ഭീഷണിയേയും നിർവീര്യമാക്കാൻ ഉതകുന്ന അത്യാധുനിക ആയുധശേഖരങ്ങളും സെൻസറുകളും ഉൾക്കൊള്ളുന്നതാണ്. മറ്റ് ചില തദ്ദേശീയ സംവിധാനങ്ങളിൽ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, ഫോൾഡബിൾ ഹാംഗർ ഡോറുകൾ, ഹലോ ട്രാവേഴ്സിംഗ് സിസ്റ്റം, ഷിപ്പിന്റെ സ്റ്റെബിലൈസറുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഐഎൻഎസ് കൊച്ചി.
ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ഇന്ത്യൻ തുറമുഖ നഗരമായ കൊച്ചിയുമായി ബന്ധപ്പെടുത്തിയാണ് ഐ എൻ എസ് കൊച്ചി എന്ന പേര് നൽകിയിരിക്കുന്നത്. ഇന്ത്യൻ നാവികസേനയും കൊച്ചി നഗരവും തമ്മിലുള്ള പ്രത്യേക ബന്ധത്തെ ഇത് പ്രതീകപ്പെടുത്തുന്നുവെന്ന് എംബസി വാർത്താകുറിപ്പിൽ പറഞ്ഞു. വാളും കവചവും ബോട്ടും നീല വെള്ള സമുദ്ര തിരമാലകളിൽ സവാരി ചെയ്യുന്നതുമായ കപ്പലിന്റെ ചിഹ്നം മലബാർ മേഖലയിലെ സമ്പന്നമായ സമുദ്ര പൈതൃകത്തെയും ആയോധന പാരമ്പര്യത്തെയും പ്രതീകപ്പെടുത്തുന്നു. നേരത്തെയും വിവിധ സൗഹൃദ വിദേശ നാവികസേനകളുമായി ഐ എൻ എസ് കൊച്ചി സംയുക്ത അഭ്യാസങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
ജുബൈൽ തുറമുഖത്ത് എത്തിയ കപ്പലിന് റോയൽ സഊദി നാവികസേന, ബോർഡർ ഗാർഡുകൾ, ഇന്ത്യൻ എംബസി എന്നിവരുടെ നേതൃത്വത്തിൽ ഊഷ്‌മള സ്വീകരണം നൽകി. ഓഗസ്റ്റ് 09-ന് ആരംഭിച്ച ‘അൽ മുഹദ് – അൽ ഹിന്ദി 2021’ അഭ്യാസപ്രകടനം രണ്ട് സൗഹൃദ നാവികസേനകൾക്കിടയിൽ നിരവധി നാവിക അധിഷ്ഠിത അഭ്യാസ പ്രകടനങ്ങൾക്ക് നേതൃത്വം നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."