സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ വിധി; സംസ്ഥാനത്തെ മറ്റു വി.സിമാരുടെ ഭാവിയും ത്രിശങ്കുവിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം • യു.ജി.സി വ്യവസ്ഥകൾ ലംഘിച്ച് നടത്തിയ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം സുപ്രിംകോടതി റദ്ദാക്കിയതോടെ സമാനരീതിയിൽ സംസ്ഥാനത്ത് നടത്തിയ മറ്റു വി.സിമാരുടെ നിയമനങ്ങളും ത്രിശങ്കുവിൽ. കണ്ണൂർ, സംസ്‌കൃത, ഫിഷറീസ്, എം.ജി, കേരള സർവകലാശാലകളിലെ വി.സി നിയമനങ്ങളാണ് യു.ജി.സി ചട്ടപ്രകാരമല്ലാതെ നടത്തിയത്.
ജസ്റ്റിസ് സദാശിവം ഗവർണറായിരുന്നപ്പോഴാണ് സാങ്കേതിക സർവകലാശാല വി.സി നിയമനത്തിന് പാനൽ ഒഴിവാക്കി ഒരു പേര് മാത്രമായി ഗവർണർക്ക് ശുപാർശ സമർപ്പിച്ചത്. സർവകലാശാല പ്രതിനിധിക്ക് പുറമെ ചീഫ് സെക്രട്ടറിയും എ.ഐ.സി.ടി.ഇ പ്രതിനിധിയുമാണ് സെർച്ച് കമ്മിറ്റിയിൽ അംഗങ്ങളായിരുന്നത്.
യു.ജി.സി പ്രതിനിധിയെ സാങ്കേതിക യൂനിവേഴ്‌സിറ്റി നിയമപ്രകാരം സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ആറുപേരുടെ ചുരുക്കപട്ടിക തയാറാക്കിയെങ്കിലും നിയമനം ലഭിച്ച വി.സിയുടെ പേര് മാത്രമാണ് ഗവർണർക്ക് ശുപാർശ ചെയ്തത്. യു.ജി.സി ചട്ടപ്രകാരം മൂന്നു മുതൽ അഞ്ചു വരെയുള്ളവരുടെ പാനലിൽ നിന്ന് അക്കാദമിക നിലവാരം പരിശോധിച്ച് ചാൻസലർ കൂടിയായ ഗവർണർ വി.സിയുടെ നിയമനം നടത്തണമെന്നതാണ് വ്യവസ്ഥ.
സർവകലാശാലകൾ യു.ജി.സി ചട്ടങ്ങൾക്ക് അനുസൃതമായി സർവകലാശാലയുടെ നിയമങ്ങൾ ഭേദഗതി ചെയ്തില്ലെങ്കിൽ യു.ജി.സി ചട്ടങ്ങൾ നടപ്പാക്കിയതായി കണക്കാക്കണമെന്ന് 2016ലെ സുപ്രിംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പുനർനിയമനം നൽകിയ കണ്ണൂർ സർവകലാശാല വി.സിയുടെ ആദ്യ നിയമനം തന്നെ പാനൽ ഇല്ലാതെയായിരുന്നു. ഇത് സുപ്രിംകോടതി വിധിയുടെ ലംഘനമാണ്.
സംസ്‌കൃത സർവകലാശാല വി.സി നിയമനത്തിൽ സെർച്ച് കമ്മിറ്റി പാനൽ ഒഴിവാക്കിയതിനാൽ ഗവർണർ രണ്ടുമാസത്തോളം നിയമനം തടഞ്ഞുവച്ചിരുന്നുവെങ്കിലും സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങി അംഗീകരിക്കുകയായിരുന്നു.
ഫിഷറീസ് സർവകലാശാല വി.സി നിയമനവും പാനലില്ലാതെയാണ് നടത്തിയത്. പ്രസ്തുത നിയമനം ചോദ്യംചെയ്ത ഹരജി ഇപ്പോൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. എം.ജി, കേരള സർവകലാശാലകളിലെ വി.സിമാരെയും പാനൽ ഇല്ലാതെയാണ് മുൻ ഗവർണർ നിയമിച്ചിട്ടുള്ളത്.
സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം റദ്ദായതോടെ യു.ജി.സി വ്യവസ്ഥപ്രകാരം പ്രൊ വി.സിക്കും സ്ഥാനം ഒഴിയേണ്ടിവരും. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒഴിവുവരുന്ന വി.സിമാരുടെ നിയമനങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കർശന നടപടി കൈക്കൊണ്ടാലും സർക്കാരിന് അദ്ദേഹത്തെ പ്രതിരോധിക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."